ഭാഷയേതായാലും ശരി പാട്ടോ, സിനിമയോ ആസ്വാദ്യകരമാണെങ്കിൽ മലയാളി അത് ഏറ്റെടുത്തിരിക്കും. അതുകൊണ്ടു തന്നെ ‘നാട്ടു നാട്ടു’വിന് ഗോൾഡൻ ഗ്ലോബ് പുരസ്കാരം ലഭിച്ചെന്ന വാർത്ത നമ്മൾ മലയാളികൾക്കും കുറച്ചു സ്പെഷ്യലാണ്. ആർആർആറിന് കേരളത്തിലെ തിയേറ്ററുകളിൽ കിട്ടിയ അതിഗംഭീര വരവേൽപ്പ് അത്രമാത്രമായിരുന്നു. ‘നാട്ടു നാട്ടു’വിലൂടെ ദിവസങ്ങളും മാസങ്ങളോളവും സ്റ്റാറ്റസുകള്‍ക്കും റീലുകൾക്കും ജീവൻ നൽകിയത് എം.എം കീരവാണിയായിരുന്നു എന്ന് പറഞ്ഞാലും തെറ്റില്ല.

 

കീരവാണിയുടെ ‘നാട്ടു നാട്ടു’വിനൊത്ത് ചുവടുവെച്ച നമ്മൾ കുറച്ചു വർഷങ്ങൾ പിന്നോട്ട് നടക്കേണ്ടതുണ്ട്. അവിടെ ‘ശശികല ചാര്‍ത്തിയ ദീപാവലയം’, ‘താഴമ്പൂ മുടിമുടിച്ച്‌ പതിനെട്ടു മുഴം ചേല ഞൊറിഞ്ഞുടുത്ത്‌’, ‘തരളിതരാവില്‍ മയങ്ങിയോ സൂര്യ മാനസം’ തുടങ്ങി മലയാളത്തിൽ‌ കീരവാണി തീർത്ത ചില മാജിക്കുകൾ കൂടി കാണാം.

 

1991ൽ ഇറങ്ങിയ മമ്മൂട്ടി ചിത്രം നീലഗിരി മുതൽ ധീരയും ഈച്ചയും ബാഹുബലിയും ആർആർആറും എന്നിങ്ങനെ മൊഴി മാറ്റി മലയാള പ്രേക്ഷകരുടെ ഹൃദയം കവർന്ന ചിത്രങ്ങളിലൂടെയെല്ലാം കീരവാണി മലയാളികൾക്കിടയിൽ തന്റെ സ്ഥിരസാന്നിധ്യം അറിയിച്ചുകൊണ്ടേയി‌രുന്നു. നീലഗിരിയിലെ ‘കറുകനാമ്പും കവിത മൂളും’ എന്ന പാട്ടടക്കം ഇക്കാലത്തും ആരാധകരെ സ്വന്തമാക്കികൊണ്ടേയിരിക്കുന്നു. ‘ദേവരാഗം’ ‘സൂര്യമാനസം’ എന്നീ ചിത്രങ്ങളിലെ പാട്ടുകളാണ് മലയാളത്തിൽ ഏറ്റവുമധികം ശ്രദ്ധയാകർഷിച്ചത്. രണ്ട് ചിത്രങ്ങളിലേയും പാട്ടുകളത്രയും ഇന്നും സൂപ്പർഹിറ്റ് തന്നെയാണ്. ‘ശിശിരകാല മേഘ മിഥുന രതിപരാഗമോ’, ‘യയ്യയാ യാ യാദവാ എനിക്കറിയാം’ ഈ വരികളെയൊക്കെ ജീവസ്സുറ്റ പാട്ടുകളായി പിറവികൊണ്ടത് കീരവാണിയിലൂടെയാണ്. 

 

ഇങ്ങനെ വരികൾക്കു ജീവൻ നല്‍കുന്ന പ്രതിഭ തന്റെ നാട്ടു നാട്ടുവിനെ കുറിച്ച് പറഞ്ഞത് ഇങ്ങനെ: ‘ഏകാന്തതയിൽ കണ്ണടച്ചിരുന്ന് ആസ്വദിക്കാവുന്ന പാട്ടല്ല ‌‘നാട്ടു നാട്ടു’, കണ്ണും കാതും ഒരുപോലെ തുറന്നുവെച്ചു ആസ്വദിക്കേണ്ട പാട്ടാണിത്’. ആർആർആറിലെ ഏറ്റവും പ്രിയപ്പെട്ട പാട്ട് ‘ജനനീ’ ആണെന്നും അദ്ദേഹം പറഞ്ഞുവച്ചിട്ടുണ്ട്.

 

ബോളിവുഡ് സിനിമാ ലോകത്ത് എം.എം ക്രീം, തമിഴില്‍ മരഗതമണി.. അങ്ങനെ പേരുകൾ പലതാണ് എം.എം കീരവാണി എന്ന ഈ അത്ഭുത പ്രതിഭയ്ക്ക്. പക്ഷേ പാട്ടിന്റെ കാര്യത്തിൽ മാറ്റമേതുമില്ല, ആരാധകരുടെ മനസ്സ് കവരുന്ന സംഗീതം സമ്മാനിക്കും, പാട്ടുകൊണ്ട് കീഴ്പ്പെടുത്തും. അതാണ് കീരവാണി. കാലത്തിനൊത്ത്, മാറുന്ന ആസ്വാദകതലം തിരിച്ചറിഞ്ഞ് പുത്തൻ പരീക്ഷണങ്ങൾ നടത്തി അവിടെ വിജയിക്കുക എന്നത് ചെറിയ കാര്യമല്ല. അവിടെയാണ് കയ്യിലെ പുരസ്കാരത്തിളക്കത്തോടെ കീരവാണി പുഞ്ചിരിച്ചു നിൽക്കുന്നത്.