മഴവിൽ എന്റർടെയ്ന്മെന്റ് അവാർഡ്സിന്റെ റിഹേഴ്സൽ കാണാന്‍ എത്തിയ സുരേഷ് ഗോപിയുടെയും മമ്മൂട്ടിയുടെയും വിഡിയോ ആണ് ഇപ്പോള്‍ സൈബറിടത്ത് വൈറല്‍. പരിപാടിയുടെ റിഹേഴ്സൽ കാണാനും സഹപ്രവർത്തകരുടെ വിശേഷങ്ങൾ തിരക്കാനുമായി കേന്ദ്രമന്ത്രിയും നടനുമായ സുരേഷ് ഗോപിയും എത്തിയിരുന്നു. തിരികെ പോകാൻ കാറിൽ കയറാൻ ഒരുങ്ങിയ സുരേഷ് ഗോപി മമ്മൂട്ടിയോട് പറഞ്ഞത് ഇങ്ങനെയാണ്, ‘അവിടുന്ന് (കേന്ദ്രത്തിൽ നിന്ന്) എന്നെ പറഞ്ഞ് അയച്ചാൽ ഞാൻ ഇങ്ങ് വരും കേട്ടോ’ എന്നാണ്. ഉടൻ മമ്മൂട്ടിയുടെ മറുപടിയെത്തി. ‘നിനക്ക് ഇവിടത്തെ (സിനിമ) ചോറ് എപ്പോഴുമുണ്ട്’.
ഇതിനിടെ സിനിമാക്കാരിൽ ആരോ മമ്മൂട്ടിയെയും കേന്ദ്രമന്ത്രിയാക്കണമെന്ന് പറഞ്ഞു. ഉടൻ സുരേഷ് ഗോപിയുടെ മറുപടിയെത്തി, ‘ഞാൻ എത്ര കാലമായി മമ്മൂക്കയോട് ഈ കാര്യം പറയുന്നുണ്ട്, കേൾക്കണ്ടേ’ ഉടനെ മമ്മൂട്ടിയുടെ വക ഒരു കൗണ്ടർ എത്തി. ‘ഇതല്ലേ അനുഭവം, ഞാൻ ഇങ്ങനെ അങ്ങ് ജീവിച്ച് പൊയ്ക്കോട്ടേ’ ,താരങ്ങള്‍ ഇരുവരുടെയും വിഡിയോ സൈബറിടം ഏറ്റെടുത്തു.