അച്ഛന്റെ ജീവൻ രക്ഷിക്കാൻ കരൾ വേണം. സ്വന്തം കരൾ പകുത്തു നൽകാൻ തയ്യാറായി മകൾ ദേവനന്ദയെത്തി. പക്ഷേ അത് എളുപ്പമായിരുന്നില്ല. വേണ്ടിവന്നത് വലിയ നിയമ പോരാട്ടം. ഒടുവിൽ ശസ്ത്രക്രിയ. ഇപ്പോൾ അച്ഛന്റെ കരളായ ദേവനന്ദ ശസ്ത്രക്രിയക്കും ആദ്യഘട്ട ചികില്‍സയ്ക്കും ശേഷം ആശുപത്രി വിട്ടു.
ഈ മാസം 9ന് ആലുവ രാജഗിരി ആശുപത്രിയിലായിരുന്നു ശസ്ത്രക്രിയ. ദേവനന്ദയുടെ അച്ഛനായ പ്രതീഷും സുഖം പ്രാപിക്കുന്നു. കരള്‍ രോഗിയായ അച്ഛന്‍ പ്രതീഷിനെ രക്ഷിക്കാന്‍ നിയമത്തിന്റെ കടമ്പയും കടന്ന് സ്വന്തം കരള്‍ പകുത്തുനല്‍കുകയായിരുന്നു പതിനേഴുകാരി ദേവനന്ദ. രാജ്യത്ത് ആദ്യമായാണ് ഇത്രയും പ്രായംകുറഞ്ഞൊരാള്‍ അവയവദാതാവാകുന്നത്.
ഏറെ നാളത്തെ കാത്തിരുപ്പിന് ശേഷവും യോജിച്ച കരള്‍ കണ്ടെത്താന്‍ കഴിയാതെ വന്നതോടെയാണ് തൃശൂര്‍ കോലഴി സ്വദേശിയായ പ്രതീക്ഷിന് കരള്‍ നല്‍കാന്‍ മകള്‍ ദേവനന്ദ വന്നത്. അവയവദാനവുമായി ബന്ധപ്പെട്ട് നിയമം തടസമായതോടെ ഹൈക്കോടതിയില്‍ നിയമ പോരാട്ടം നടത്തിയാണ് അനുമതി നേടിയത്. രാജഗിരി ആശുപത്രിയില്‍ ഡോ. രാമചന്ദ്ര നാരായണ മേനോന്റെ നേതൃത്വത്തിലായിരുന്നു ശസ്ത്രക്രിയ. ദേവനന്ദയുടെ മുഴുവന്‍ ചികില്‍സാ ചെലവും ആശുപത്രി ഏറ്റെടുത്തു.