ഫ്ലിപ്കാർട്ടും മറ്റ് ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളും സ്‌മാർട്ട്‌ഫോണിന് പകരം പലതരം വസ്തുക്കള്‍ വിതരണം ചെയ്യുന്ന കേസുകള്‍ നാം ദിനംപ്രതി കേള്‍ക്കാറുണ്ട്. എന്നാല്‍ മിക്കയാളുകളും ഇതിനെതിരെ പരാതി നല്‍കാന്‍ തയാറാകാറില്ല. ഇപ്പോഴിതാ സമാനമായ ഒരു കേസാണ് വീണ്ടും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കോപ്പൽ ജില്ലയിലാണ് സംഭവം. ഹർഷ എന്ന വിദ്യാർഥി ഫ്ലിപ്കാർട്ട് വഴി ഐഫോൺ 11 ഓർഡർ ചെയ്തു, എന്നാല്‍ ഐഫോൺ 11 പ്രതീക്ഷിച്ചിരുന്ന ഹർഷയ്ക്ക് ലഭിച്ചത് 140 ഗ്രാം ഡിറ്റർജന്റ് സോപ്പിനൊപ്പം കോം‌പാക്റ്റ് കീപാഡ് ഫോണ്‍. ഇതേത്തുടർന്ന് വിദ്യാർഥി പരാതിയുമായി കോടതിയെ സമീപിക്കുകയായിരുന്നു. 48,999 രൂപ നൽകിയാണ് ഫ്ലിപ്കാർട്ടിൽ നിന്ന് ഹർഷ ഐഫോൺ 11 ബുക്ക് ചെയ്തത്. 

 

വിദ്യാര്‍ഥി കമ്പനി പ്രതിനിധികളുമായി ബന്ധപ്പെട്ടപ്പോൾ പ്രശ്നം ഉടന്‍ പരിഹരിക്കാമെന്നും തുക തിരികെ നൽകുമെന്നും ഉറപ്പുനൽകിയെങ്കിലും ഫ്ലിപ്കാർട്ട് ഈ പ്രശ്നം ഏറ്റെടുക്കാൻ തയാറായില്ല.  ഇതോടെ പ്രശ്നം പരിഹരിക്കാനും പണം തിരികെ ലഭിക്കാനും ഹർഷയ്ക്ക് കോടതിയെ സമീപിക്കേണ്ടിവന്നു. കഴിഞ്ഞ വർഷം ജൂലൈയിലാണ് ഫ്ലിപ്കാർട്ടിന്റെ മാനേജിങ് ഡയറക്ടർക്കും തേർഡ് പാർട്ടി വിൽപനക്കാരനായ സാനെ റീട്ടെയിൽസ് മാനേജർക്കുമെതിരെ ഹർഷ കേസ് ഫയൽ ചെയ്തത്. ഉപഭോക്താക്കളെയും വിൽപനക്കാരെയും ബന്ധപ്പെടുത്തി ഉൽപന്നങ്ങൾ കൈമാറ്റം ചെയ്യാൻ സഹായിക്കുന്ന ഓൺലൈൻ പ്ലാറ്റ്‌ഫോം മാത്രമാണിതെന്നും സംഭവിച്ചത് തങ്ങളുടെ തെറ്റല്ലന്നുമാണ് ഫ്ലിപ്കാർട്ട് കോടതിയെ അറിയിച്ചത്. 

 

എന്നാല്‍ ഫ്ലിപ്കാർട്ടിന്‍റെ പ്രതികരണം കോടതി തള്ളി. ഒരു ലാഭവും ലക്ഷ്യമിടാതെ ഉപഭോക്താക്കൾക്ക് തികച്ചും സൗജന്യമായ സേവനം നൽകുന്നുവെന്ന് അവകാശപ്പെടാൻ ഇത് ചാരിറ്റബിൾ ഓർഗനൈസേഷൻ ഒന്നുമല്ലല്ലോ എന്നും ഇ-കൊമേഴ്‌സിൽ ഏർപ്പെട്ടിരിക്കുന്ന കമ്പനി വരുമാനമില്ലാത്ത ബിസിനസ് അല്ലല്ലോ നടത്തുന്നത് എന്നും കോടതി വിമര്‍ശിച്ചു.  ഓൺലൈൻ ബിസിനസ് കൈകാര്യം ചെയ്യുന്ന ഒരു കമ്പനിയിൽ നിന്ന് ഇത്തരമൊരു സമീപനം അംഗീകരിക്കാനാകില്ലെന്നും കോടതി പറഞ്ഞു. ഇതേത്തുടർന്ന്, ഐഫോൺ 11ന് 48,999 രൂപ തിരികെ നൽകാനും കമ്പനിയുടെ സേവനത്തിലെ പോരായ്മയും അന്യായ വ്യാപാര രീതികളും കാരണം 10,000 രൂപ അധിക പിഴയും അടക്കാനും ഫ്ലിപ്കാർട്ടിനോട് കോടതി ഉത്തരവിട്ടു.  മാത്രമല്ല, ഇതോടൊപ്പം ഉപഭോക്താവിന് നേരിട്ട മാനസിക പീഡനത്തിനും കോടതി ചെലവുകൾക്കുമായി 15,000 രൂപ നൽകാനും  ഉത്തരവിട്ടു. ഇതോടെ കമ്പനി മൊത്തം 73,999 രൂപ പരാതിക്കാരന് നൽകേണ്ടി വന്നു.

 

Student ordered an iPhone 11 via Flipkart and later she received soap instead of the phone