ചിത്രം: ശ്രീയേഷ് , അര്‍ജുന്‍

തെയ്യങ്ങള്‍ക്ക് ഉത്തരമലബാറിന്റെ ജീവിതവുമായി അഭേദ്യമായ ബന്ധമാണുള്ളത്. അവതാരമൂര്‍ത്തികള്‍ക്കൊപ്പം ജീവിച്ചിരിക്കുന്നവരും മലബാറില്‍ പില്‍ക്കാലത്ത് തെയ്യമായി മാറിയിട്ടുണ്ട്. മലപോലെ കുന്നുകൂട്ടിയിട്ടിരിക്കുന്ന കനല്‍ക്കൂമ്പാരത്തിലേക്ക് ഒന്നുമേ കൂസാതെ ചാടിക്കയറുന്ന തെയ്യക്കോലമാണ് തീച്ചാമുണ്ടി. ചുട്ടുപൊള്ളുന്ന കനലിനെ പച്ചവെള്ളമെന്നപോലെ കീഴടക്കുന്ന തീച്ചാമുണ്ടിയുടെ കഥ കാണാം...

 

നൃത്തം ചെയ്യുന്ന ദേവതാസങ്കല്പമാണ്‌ തെയ്യം. തെയ്യത്തിന്റെ നർത്തനം തെയ്യാട്ടം എന്നും തെയ്യത്തിന്റെ വേഷം തെയ്യക്കോലം എന്നും അറിയപ്പെടുന്നു. തെയ്യാട്ടം തെയ്യത്തിന്റെ ആട്ടമോ തീ കൊണ്ടുള്ള ആട്ടമോ ആകാമെന്നാണ് പറയുന്നത്.

 

ഒറ്റക്കോലമെന്നാണ് ഉത്തരമലബാറില്‍ തീച്ചാമുണ്ടി അറിയപ്പെടുന്നത്. വിഷ്ണുമൂര്‍ത്തി തെയ്യത്തിന്റെ മറ്റൊരു രൂപമാണിതെന്ന് വാദിക്കുന്നവരുമുണ്ട്.  തെറ്റൊന്നും ചെയ്യാതിരുന്നിട്ടും ജന്‍മിയുടെ വാളിനിരയായി തീര്‍ന്ന പാലന്തായി കണ്ണന്റെ ജീവിതമാണ് തീച്ചാമുണ്ടിയായി കെട്ടിയാടുന്നത്. നീലേശ്വരം രാജാവിന്റെ ഇടപ്രഭുവായിരുന്നു പള്ളിക്കരയിലെ കുറുവാട്ടു തറവാട്ടുകാര്‍. അവരുടെ ബാല്യക്കാരനായിരുന്നു കണ്ണന്‍. കാലികളെ മേയ്ച്ചും പുറം പണി ചെയ്തും നടന്ന് ക്ഷീണിക്കുമ്പോള്‍ തമ്പുരാന്റെ വീട്ടിലെ മാവില്‍ നിന്നുള്ള മാമ്പഴം പറിച്ച് തിന്നുമായിരുന്നു കണ്ണന്‍. ഒരു ദിവസം മാമ്പഴം പറിച്ച് കഴിച്ചു കൊണ്ടിരിക്കെ അബദ്ധത്തില്‍ മാങ്ങയണ്ടി മാഞ്ചുവട്ടിലൂടെ നടന്ന് നീങ്ങിയ തമ്പുരാട്ടിക്കുട്ടിയുടെ മേല്‍ വീണു. കീഴ്ജാതിക്കാരന്‍ അപമര്യാദയായി പെരുമാറിയെന്നും അശുദ്ധയാക്കിയെന്നും തമ്പുരാട്ടിക്കുട്ടി വീട്ടിലറിയിച്ചു. ഭയന്നു പോയ കണ്ണന്‍ മംഗലാപുരത്തേക്ക് നാടുവിട്ടു.  അവിടെ വിഷ്ണുഭക്തയായ ഒരു മുത്തശ്ശി താമസിച്ചിരുന്നു. പ്രായം ചെന്ന ആ മുത്തശ്ശിയുടെ ആശ്രിതനായി വര്‍ഷങ്ങള്‍ കണ്ണന്‍ അവിടെ കഴിച്ചുകൂട്ടി. മാമ്പഴം കഴിക്കുന്നത് സ്വപ്നം കണ്ട കണ്ണന്‍ മുത്തശ്ശിയുടെ അനുവാദത്തോടെ പിറന്ന നാട്ടിലേക്ക് മടങ്ങിയെത്തി. ഇക്കാലത്തിനിടയില്‍ മുത്തശ്ശിയെപ്പോലെ കടുത്ത വിഷ്ണുഭക്തനായിക്കഴിഞ്ഞിരുന്നു കണ്ണന്‍. പള്ളിക്കരയിലെത്തിയ കണ്ണന്‍ മുത്തശ്ശി നല്‍കിയ ഓലക്കുടയും മുത്തശ്ശിയുടെ വീട്ടില്‍ നിന്ന് ഒപ്പം പോന്ന ചുരികയും കദളിക്കുളത്തിന്റെ കരയില്‍ വച്ച് കുളിക്കാനിറങ്ങി. കണ്ണന്‍ തിരികെ എത്തിയെന്നറിഞ്ഞ തമ്പുരാന്റെ ആളുകള്‍ കുളത്തില്‍ വച്ച് തന്നെ കണ്ണന്റെ തലയരിഞ്ഞു.  

 

കണ്ണന്റെ കൊലപാതകത്തിന് പിന്നാലെ തമ്പുരാന്റെ വീട്ടില്‍ അടിക്കടി അനിഷ്ട സംഭവങ്ങളുണ്ടായെന്നാണ് പറയപ്പെടുന്നത്. തമ്പുരാട്ടിക്കുട്ടിക്ക് ഭ്രാന്ത് പിടിച്ചു. കുറുവാട്ടെ കുടുംബം ക്ഷയിച്ചു. ഒടുവില്‍ പ്രശ്നം വച്ചതോടെ കണ്ണനെ ചതിച്ച് കൊന്നതാണ് കാരണമെന്നും കണ്ണന്റെ ഒപ്പമെത്തിയത് സാക്ഷാല്‍ മഹാവിഷ്ണുവാണെന്നും തെളിഞ്ഞു. കണ്ണന്‍ ദൈവക്കരുവായെന്നും ജോല്‍സ്യന്‍മാര്‍ പറഞ്ഞു. നരസിംഹമൂര്‍ത്തിക്കും കണ്ണനും പള്ളിയറ പണിയണമെന്ന് കല്‍പ്പനയുണ്ടായി. ദൈവമായി കണ്ട് ക്രിയകള്‍ ചെയ്താലേ മോക്ഷമുള്ളൂവെന്ന് നിര്‍ദേശമുണ്ടായതോടെ തെയ്യം കെട്ടാന്‍ തമ്പുരാന്‍ കല്‍പ്പനയിട്ടു. അങ്ങനെയാണ് പാലന്തായി കണ്ണന്‍ ദൈവക്കോലമായതെന്നാണ് ഐതീഹ്യം. തുടര്‍ന്ന് തെയ്യം കെട്ടിയാടുന്ന പാലായി പരപ്പനെ വിളിച്ചു വരുത്തി ഒട്ടും വൈകാതെ തീച്ചാമുണ്ടിയെ കെട്ടിയാടാന്‍ കല്‍പ്പിച്ചു. ദൈവക്കരുവായെന്ന് പ്രശ്നത്തില്‍ തെളിഞ്ഞെങ്കിലും തീയ്യച്ചെറുക്കനെ അങ്ങനെയങ്ങ് അംഗീകരിക്കാന്‍ തമ്പുരാന് മനസ് വന്നില്ല.  കുന്നോളം ഉയരത്തില്‍ കനല്‍ക്കൂമ്പാരം കൂട്ടാന്‍ കല്‍പ്പിച്ചു. നരസിംഹ മൂര്‍ത്തി തന്നെയെങ്കില്‍ അഗ്നി തോല്‍ക്കുമല്ലോ എന്നായിരുന്നു വാദം. അങ്ങനെ 300– 400 വര്‍ഷങ്ങള്‍ക്ക് മുമ്പൊരു തുലാം മാസത്തില്‍ തീച്ചാമുണ്ടി പിറന്നു. കനലിലേക്ക് വീഴുമ്പോള്‍ 'തണുക്കുന്നു'വെന്നാണ് തീച്ചാമുണ്ടി പരിഹാസരൂപേണെ പറയുക.

 

പാലന്തായി കണ്ണന്‍ നരസിംഹവും കുറുവാട്ടെ തമ്പുരാന്‍ പ്രഹ്ലാദനുമാണെന്ന കഥയും ഒറ്റക്കോലത്തെ ചൊല്ലി പ്രചാരത്തിലുണ്ട്. എന്നാല്‍ തൂണുപിളര്‍ന്ന് നരസിംഹം പുറത്ത് ചാടിയ നേരത്ത് ഭൂമിയൊന്നാകെ നിശ്ചലമായെന്നും പക്ഷേ അഗ്നി മാത്രം ജ്വലിച്ചുകൊണ്ടിരുന്നുവെന്നുമാണ് പറയുന്നത്. ഈ അഹന്ത മഹാവിഷ്ണു തീര്‍ക്കുന്നതിന്റെ പ്രതീകമായാണ് തീച്ചാമുണ്ടി  കുന്നോളം ഉയരമുള്ള മേലേരിയിലേക്ക് ഓടിയോടി കയറുന്നതെന്നും, തണുപ്പെന്ന് പരിഹസിക്കുന്നതെന്നും സങ്കല്‍പ്പമുണ്ട്. അഗ്നിയുടെ ചൂടിനെയും തോല്‍പ്പിക്കുന്നതാണ് അടിയാളന്റെ പ്രതികാരച്ചൂടെന്നും അതാണ് തീച്ചാമുണ്ടിയെന്നും  മറ്റൊരു കഥയുണ്ട്. 

 

Story of theechamundi theyyam