കോതമംഗലം ഉരുളന്‍തണ്ണി ക്ണാച്ചേരിയില്‍ കാട്ടാന ആക്രമണത്തില്‍ മരിച്ച എല്‍ദോസിന്‍റെ കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായം. മൃതദേഹം മാറ്റാന്‍ അനുവദിക്കാതെ ആറുമണിക്കൂറോളം നീണ്ട നാട്ടുകാരുടെ പ്രതിഷേധം പുലര്‍ച്ചെ കലക്ടറുടെ ഉറപ്പിനെ തുടര്‍ന്നാണ് അവസാനിച്ചത്. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനുശേഷം ഇന്ന് ബന്ധുക്കള്‍ക്ക് കൈമാറും.
ALSO READ; ഇരുട്ടത്ത് വീട്ടിലേക്ക് നടന്ന് എൽദോസ്; മരത്തില്‍ അടിച്ച് കൊലപ്പെടുത്തി ആന, ഛിന്നഭിന്നമായി ശരീരം
പ്രദേശത്ത് ട്രഞ്ച് നിര്‍മാണം ഇന്ന് തുടങ്ങും. 27–ാം തീയതി കലക്ടറുടെ നേതൃത്വത്തില്‍ അവലോകന യോഗം ചേരും. ഉറപ്പുകള്‍ നല്‍കിയതിന് പിന്നാലെ കലക്ടര്‍ എന്‍.എസ്.കെ.ഉമേഷ് കൈകൂപ്പി അഭ്യര്‍ഥിച്ചതിനെ തുടര്‍ന്നാണ് എല്‍ദോസിന്‍റെ മൃതദേഹം ആംബുലന്‍സില്‍ കയറ്റാന്‍ നാട്ടുകാര്‍ അനുവദിച്ചത്. കലക്ടര്‍ക്കും ജനപ്രതിനിധികള്‍ക്കും നേരെ നാട്ടുകാര്‍ ആദ്യം രോഷം പ്രകടിപ്പിച്ചു. ഇടയ്ക്ക് മൃതദേഹം മാറ്റാനുള്ള ശ്രമം സംഘര്‍ഷാവസ്ഥയുണ്ടാക്കി.
ഇന്ന് കുട്ടമ്പുഴയിലും കോതമംഗലത്തും ജനകീയ ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. കോതമംഗലത്ത് മൂന്നുമണിക്ക് കോണ്‍ഗ്രസിന്‍റെ നേതൃത്വത്തില്‍ പ്രതിഷേധ റാലിയും നടത്തും. ബസിറങ്ങി വീട്ടിലേക്ക് പോകുംവഴിയായിരുന്നു എല്‍ദോസിനു നേരെ കാട്ടാന ആക്രമണം. ഒപ്പമുണ്ടായിരുന്നയാള്‍ രക്ഷപെട്ടത് തലനാരിഴയ്ക്ക്.