riyas

ഇന്ത്യയുടെ ആദ്യ വിദ്യാഭ്യാസ മന്ത്രിയും സ്വാതന്ത്ര്യ സമര സേനാനിയുമായ മൗലാന അബുൾ കലാം ആസാദിനെക്കുറിച്ചുള്ള പാഠഭാഗങ്ങൾ എൻസിഇആർടി ഒഴിവാക്കിയ നടപടിക്കെതിരെ വിമർശനങ്ങൾ കടുക്കുകയാണ്. കഴിഞ്ഞ വർഷം അദ്ദേഹത്തിന്റെ പേരിലുള്ള മൗലാന ആസാദ് ഫെല്ലോഷിപ്പ് ന്യൂനപക്ഷ മന്ത്രാലയം റദ്ദാക്കിയിരുന്നു. പിന്നാലെയാണ് എൻസിഇആർടി പുതിയ നീക്കം. പ്ലസ് വൺ പാഠപുസ്തകത്തിലെ ഭാഗങ്ങളാണ് ഒഴിവാക്കിയത്. 

 

വിഷയത്തിൽ പ്രതികരണവുമായി രംഗത്ത് വന്നിരിക്കുകയാണ് മന്ത്രി മുഹമ്മദ് റിയാസ്. സിലബസ്സുകളെ കാവി വൽക്കരിക്കാനുള്ള സംഘപരിവാർ ശ്രമങ്ങളുടെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണിതെന്നാണ് അദ്ദേഹം സമൂഹമാധ്യമങ്ങളിൽ കുറിച്ചിരിക്കുന്നത്. 

 

ഫേസ്ബുക്ക് പോസ്റ്റ്;

 

"ഖുതബ് മിനാരത്തിന്റെ ഉയരങ്ങളിൽ നിന്നും ഒരു മാലാഖ ഇറങ്ങി വന്ന്, ഹിന്ദു-മുസ്ലിം ഐക്യം തകർന്നാൽ 24 മണിക്കൂറുകൾ കൊണ്ട് ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിക്കുമെന്ന് എന്നോട് പറഞ്ഞാൽ, ആ സ്വാതന്ത്ര്യം ഞാൻ വേണ്ട എന്ന് വെയ്ക്കും." സ്വാതന്ത്ര്യ സമരകാലത്ത് ദേശീയ പ്രസ്ഥാനത്തെയും സ്വാതന്ത്ര്യ സമരപോരാളികളെയും ത്രസിപ്പിച്ച ഈ വാക്കുകൾ മൗലാന അബുൾ കലാം ആസാദിന്റേതാണ്.

 

മതനിരപേക്ഷ ഇന്ത്യയുടെ കാവലാളും സ്വതന്ത്ര ഇന്ത്യയുടെ ആദ്യ വിദ്യാഭ്യാസ മന്ത്രിയുമായിരുന്ന മൗലാന അബുൾ കലാം ആസാദിന്റെ പേര് 11-ാം ക്ലാസിലെ പൊളിറ്റിക്കല്‍ സയന്‍സ് പാഠപുസ്തകത്തിൽ നിന്നും ഒഴിവാക്കിയ എൻസിഇആർടിയുടെ നടപടി അങ്ങേയറ്റം പ്രതിഷേധാർഹമാണ്.

സിലബസ്സുകളെ കാവി വൽക്കരിക്കാനുള്ള സംഘപരിവാർ ശ്രമങ്ങളുടെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമായി വേണം ഇതിനെ കാണാൻ.