പുനലൂർ മൂവാറ്റുപുഴ റോഡ് നിർമ്മാണത്തിൽ പ്ലാനും അലൈൻമെന്റുമടക്കം അട്ടിമറിച്ചു എന്ന് ആരോപണം. പലയിടത്തും കല്ലിട്ട സ്ഥലം പൂർണ്ണമായി ഏറ്റെടുക്കുകയോ, എടുത്ത സ്ഥലം വിനിയോഗിക്കുകയോ ചെയ്തിട്ടില്ല. നിർമ്മാണത്തിലെ വീഴ്ചകളാണ് നിരന്തര അപകടത്തിന് കാരണം എന്നാണ് ആരോപണം. എല്ലാ പണികളും പൂർത്തിയാക്കാതെ കംപ്ലീഷൻ സർട്ടിഫിക്കറ്റ് നൽകി എന്നും പരാതിയുണ്ട്.
റോഡ് നിർമ്മാണം പൂർത്തിയായിട്ടില്ലെന്നും സൈൻബോർഡുകൾ അടക്കം സ്ഥാപിക്കുന്നതേ ഉള്ളൂ എന്നുമാണ് കഴിഞ്ഞദിവസം കോന്നി എംഎൽഎ അടക്കം പറഞ്ഞത്. പക്ഷേ നേരത്തെ തന്നെ കെ എസ് ടി പി കംപ്ലീഷൻ സർട്ടിഫിക്കറ്റ് നൽകി. 2023 ഡിസംബർ 30 മുതൽ പുനലൂർ കോന്നി റീച്ചിലെ വാറണ്ടി പിരീഡ് തുടങ്ങിയതാണ്. കരാറിൽ പറഞ്ഞിരിക്കുന്ന ബസ് ബേകൾ, പാർക്കിങ് സ്ഥലം, കാത്തിരിപ്പ് കേന്ദ്രങ്ങൾ , സൈൻ ബോർഡുകൾ എന്നിവ പൂർത്തിയാക്കാതെയാണ് കംപ്ലീഷൻ സർട്ടിഫിക്കറ്റ് നൽകിയത് എന്നാണ് ആരോപണം.
പുനലൂർ മൂവാറ്റുപുഴ റോഡിലെ മൂന്ന് റീച്ചുകളിൽ ഗുരുതരമായ പ്രശ്നമുള്ളത് റാന്നി മേഖലയിലാണ് എന്നാണ് ആരോപണം. 23 മീറ്റർ ഏറ്റെടുക്കാൻ തീരുമാനിച്ചിരുന്ന ഇടങ്ങളിൽ വീതി പകുതി ആയി ചുരുങ്ങിയിട്ടുണ്ട്. അലൈൻമെന്റിൽ അടക്കം വീഴ്ചകൾ ഉണ്ട്. പലയിടത്തും കല്ലിട്ട സ്ഥലങ്ങൾ വരെ ഏറ്റെടുത്തിട്ടില്ല. റോഡിൽനിന്ന് അകലെയായി മിക്ക സ്ഥലങ്ങളിലും സ്ഥാപിച്ച മഞ്ഞ കല്ലുകൾ കാണാം. ഇതിൽ അഴിമതി ഉണ്ടെന്നാണ് ആരോപണം.
റോഡ് നിർമ്മാണത്തിലെ അഴിമതി ആരോപണത്തിൽ വിജിലൻസ് അന്വേഷണം നടക്കുകയാണ്. നിർമ്മാണ ഘട്ടത്തിൽ തന്നെ വീഴ്ചകൾ പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസിനെ വിവരാവകാശ പ്രവർത്തകൻ അനിൽകുമാർ അറിയിച്ചതാണ്. പക്ഷേ ഇടപെടൽ ഉണ്ടായിട്ടില്ല എന്നാണ് ആക്ഷേപം. നിർമ്മാണത്തിലെ അപാകതകളാണ് തുടരുന്ന അപകടങ്ങൾക്ക് കാരണം എന്നാണ് വിമർശനം.