തൃശൂർ പൂരം മല്‍സരക്കുടമാറ്റത്തിൽ തിളങ്ങി മെസിക്കുട. പാറമേക്കാവും തിരുവമ്പാടിയും മത്സരിച്ച് നടത്തിയ കുടമാറ്റത്തിൽ ഓരോന്നും ഒന്നിനൊന്ന് മികച്ചതായിരുന്നു. എന്നാൽ തിരുവമ്പാടി ഇക്കുറി ഒരു പടി മുന്നിൽ നിന്നു. മെസിക്കുട ഇറക്കിയതോടെ ജനസാഗരം ആർത്തുവിളിച്ചു. ലോകകിരീടം നേടിയ മെസിക്ക് ആശംസയുമായിട്ടായിരുന്നു തിരുവമ്പാടിയുടെ കുട.

 

കുട ഉയർന്നതോടെ ആരാധകർ മെസി എന്ന് ആർത്ത് വിളിച്ചു. ഒപ്പം എൽഇഡിയിൽ തിരുവമ്പാടി ദേവസ്വത്തിന്റെ ആശംസകളും എന്ന് തെളിഞ്ഞതോടെ പൂരാസ്വാദകരും ഫുട്ബോൾ ആരാധകരും ആവേശത്തിന്റെ പരകോടിയിലെത്തി എന്ന് തന്നെ പറയാം. കുടമാറ്റം അവസാനിച്ചതോടെ ഇനി വെടിക്കെട്ടിനായുള്ള കാത്തിരിപ്പിലാണ് തൃശൂരിലെ ജനസാഗരം. നാളെ പുലർച്ചെയാണ് വെടിക്കെട്ട്.