തൃശൂർ പൂരം മുടങ്ങിയശേഷം നടന്ന തിരുവമ്പാടി ദേവസ്വത്തിന്‍റെ യോഗത്തിൽ സുരേഷ് ഗോപിയും പങ്കെടുത്തതായി മൊഴി. ബി.ഗോപാലകൃഷ്ണൻ, വൽസൻ തില്ലങ്കരി എന്നിവരും സുരേഷ്ഗോപിക്കൊപ്പം വന്നുവെന്ന് തിരുവമ്പാടി ദേവസ്വം ജോയിന്‍റ് സെക്രട്ടറി പി.ശശിധരന്‍റെ മൊഴിയില്‍ പറയുന്നു. എഡിജിപി എം.ആര്‍.അജിത് കുമാറിന്‍റെ റിപ്പോർട്ടിലെ മൊഴി പകർപ്പ് മനോരമ ന്യൂസിന് ലഭിച്ചു. വെടിക്കെട്ട് നടത്തണമെന്ന് സുരേഷ് ഗോപി നിര്‍ദേശിച്ചുവെന്നും ദേവസ്വത്തിന്‍റെ തീരുമാനങ്ങള്‍ക്ക് ബിജെപി നേതാക്കള്‍ പിന്തുണ പ്രഖ്യാപിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി.
അട്ടിമറിച്ചത് തിരുവമ്പാടി ദേവസ്വമാണെന്നും ലോക്സഭ തിരഞ്ഞെടുപ്പില്‍ സര്‍ക്കാരിനെതിരായി ജനവികാരം തിരിച്ചുവിടുകയായിരുന്നു ലക്ഷ്യമെന്നുമായിരുന്നു എഡിജിപിയുടെ അന്വേഷണ റിപ്പോര്‍ട്ട്. തിരുവമ്പാടി ദേവസ്വം ഭാരവാഹികളായ സുന്ദര്‍മേനോന്‍, കെ.ഗിരീഷ്കുമാര്‍ ഉള്‍പ്പെടെയുള്ളവരാണ് ഇതിന് പിന്നിലെന്ന് പേരെടുത്ത് കുറ്റപ്പെടുത്തുന്നു.
അതേസമയം അട്ടിമറിക്ക് പിന്നില്‍ സ്ഥാപിത താല്‍പര്യമെന്ന് കണ്ടെത്തിയിട്ടും ബിജെപി ഉള്‍പ്പടെയുള്ള രാഷ്ട്രീയ പാര്‍ട്ടികളുടെ പങ്ക് അജിത്കുമാര്‍ റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയില്ല. റിപ്പോര്‍ട്ട് അപൂര്‍ണമെന്ന് വി.എസ്.സുനില്‍കുമാറും സ്വീകാര്യമല്ലെന്ന് കെ.മുരളീധരനും പറഞ്ഞു. സ്വന്തം വീഴ്ച മറക്കാനാണ് അജിത്കുമാര്‍ ദേവസ്വത്തെ കുറ്റപ്പെടുത്തുന്നതെന്ന് തിരുവമ്പാടി ദേവസ്വവും ആരോപിച്ചിരുന്നു.