വടക്കന്‍ ഫ്ലോറിഡയില്‍ നിന്നും അഞ്ചര ദശലക്ഷം പഴക്കമുള്ള ഫോസിലുകള്‍ കണ്ടെടുത്തു. ഇന്നത്തെ ആനകളുടെതിനോട് ബന്ധമുള്ള ഫോസിലുകളാണന്ന് വിദഗ്ധര്‍ പറയുന്നു. ആനകളുടെ പൂര്‍വികരായ ഗോംഫോതെറുകളുെട ഫോസിലുകളുടെ അവശിഷ്‌ടങ്ങളാണ് മൂടപ്പെട്ട നിലയില്‍ കാണപ്പെട്ടത്. മുന്‍പ് അവിടെ ഒരു നദിയുണ്ടായിരുന്നതായും പറയുന്നു.
2022 ന്റെ തുടക്കത്തിൽ മോണ്ട്ബ്രൂക്ക് മേഖലയിലാണ് ആദ്യമായി ഇവയുടെ അസ്ഥികൂടത്തിന്‍റെ ചില ഭാഗങ്ങൾ കണ്ടെത്തിയത്. എന്നാൽ അതിൽ എന്തെങ്കിലും സവിശേഷതയുള്ളതായി അന്ന് ഗവേഷകർ കരുതിയിരുന്നില്ല. എന്നാല്‍ കൂടുതല്‍ പരിശോധന നടത്തിയതോടെ ഒരു ഗോംഫോതെറിന്റെ അസ്ഥികൂടം മുഴുവനായും കണ്ടെത്തി. ഫ്ലോറിഡയിൽ നിന്നും കണ്ടെത്തുന്ന ഏറ്റവും വലിയ ഗോംഫോതെർ മാതൃകയും ഇതാണെന്ന് ഫ്ലോറിഡ മ്യൂസിയം ഓഫ് നാച്ചുറൽ ഹിസ്റ്ററിയിലെ ക്യുറേറ്ററായ ജൊനാതൻ ബ്ലോക് അറിയിച്ചു.
ഈ കണ്ടെത്തലിനു ശേഷം ഗവേഷണങ്ങൾ കൂടുതൽ ഊർജിതപ്പെടുത്തുകയായിരുന്നു. അതിന്റെ ഫലമായി താരതമ്യേന പ്രായം കുറഞ്ഞതെന്ന് കരുതപ്പെടുന്ന ഏഴ് ഗോംഫോതെറുകളുടെ അസ്ഥികൂടങ്ങൾ കൂടി കണ്ടെത്താനായി.
ഇവയുടെ യഥാര്‍ഥ രൂപത്തെയോ വലുപ്പത്തെയോ പറ്റി കൂടുതല്‍ വിവരങ്ങള്‍ ഒന്നും ലഭ്യമല്ല. എന്നിരുന്നാലും ഇവയിൽ ഏറ്റവും വലുതിന് എട്ടടി ഉയരം ഉണ്ടായിരുന്നുവെന്നാണ് കണക്കാക്കിയിരിക്കുന്നത്. കൊമ്പുകൾ അടക്കം തലയോട്ടിക്ക് ഒൻപത് അടി നീളവുമുണ്ട്. അതായത് ഏതാണ്ട് ഇന്നത്തെ ആഫ്രിക്കൻ ആനകളുടേതിന് സമാനമായ വലിപ്പമാണ് ഇതിന് ഉണ്ടായിരുന്നത് എന്നാണ് അനുമാനം.