പുസ്തകത്തിന് അവതാരിക എഴുതാൻ മടിച്ച വിശ്വമഹാസാഹിത്യകാരൻ തകഴി ശിവശങ്കരപിള്ളയുടെ പല്ല് അടിച്ചുകൊഴിക്കാൻ ആളെ അയച്ച ഒരാളെ ഉണ്ടാവുള്ളൂ കേരളക്കരയിലുണ്ടാകൂ, എൻ ശ്രീകണ്ഠൻ നായർ. പുസ്തകത്തേക്കാൾ മികച്ച അവതാരിക എഴുതി ദൂതനെ തകഴി മടക്കി അയച്ചതും ചരിത്രം. ശ്രീകണ്ഠൻ നായർ ആരാണെന്ന് പറഞ്ഞശേഷം ആ ചരിത്രത്തിലേക്ക്. 

സ്റ്റേറ്റ് കോൺഗ്രസ് നേതാവ്, കെ.എസ്.പിയുടെയും ആർഎസ്പിയുടെയും സ്ഥാപക നേതാവ്, സ്വാതന്ത്ര്യ സമര സേനാനി, പതിറ്റാണ്ടുകാലം കൊല്ലത്തിന്റെ എംപി, മുഖ്യമന്ത്രി കസേര കയ്യിൽ വച്ച് നീട്ടിയിട്ടും നിരസിച്ച നേതാവ്, എഴുത്തുകാരൻ , വിവർത്തകൻ, എല്ലാത്തിനും ഉപരിയായി തലമുറയെ ആകെ ആവേശം കൊള്ളിച്ച കൊമ്പൻമീശക്കാരനാണ് ശ്രീകണ്ഠൻ നായർ. ഇഷ്ടക്കാർ ശ്രീകണ്ഠൻ ചേട്ടൻ എന്ന് വിളിച്ച എൻ.ശ്രീകണ്ഠൻ നായരുടെ 108ാം ജന്മവാർഷികമാണിന്ന്. ഈ മാസം 20ന് ശ്രീകണ്ഠൻ നായർ വിടവാങ്ങിയിട്ട് 40 ആണ്ട് തികയുന്നു.

സിപിഎമ്മിന്റെ സംസ്ഥാന കമ്മിറ്റി ഓഫീസ് എകെജി സെന്‍ററാണെങ്കിൽ സിപിഐയുടേത് എംഎൻ സ്മാരകമാണെങ്കിൽ ആർഎസ്പിയുടെ സംസ്ഥാന കമ്മറ്റി ഓഫീസ് 20ന് ശേഷം അറിയപ്പെടുക എൻ ശ്രീകണ്ഠൻ നായരുടെ പേരിലായിരിക്കും. ശ്രീകണ്ഠൻ നായർ വിടവാങ്ങുമ്പോൾ ആർഎസ്പിഎസ് എന്ന പേരിൽ യുഡിഎഫിന്റെ ഭാഗമായിരുന്നു അദ്ദേഹമെങ്കിൽ, ഇന്ന് ആർഎസ്പി ആകെ തന്നെ യുഡിഎഫിന്റെ ഭാഗമാണ്. 

‘എന്‍റെ അമ്മ’യ്ക്ക് തകഴി എഴുതിയ അവതാരിക

തകഴിയുടെ പല്ലിനായി ചെന്ന മണി

പുന്നപ്ര– വയലാർ ഗൂഢാലോചന കേസിൽ പ്രതിചേർക്കപ്പെട്ട ശ്രീകണ്ഠൻ നായർ കോഴികോട് ജയിലിൽ കിടക്കുമ്പോഴാണ് അമ്മ ജനാകിയമ്മ ടീച്ചർ മരിക്കുന്നത്. അമ്മയെ കാണാൻ പോലും അവസരം കിട്ടാതിരുന്ന ശ്രീകണ്ഠൻ നായർ , ആ ദുഖം എല്ലാം പേപ്പറിൽ കുത്തിക്കുറിച്ചു. ജയിൽ വാസം കഴിഞ്ഞ് പുറത്തിറങ്ങി ‘എന്റെ അമ്മ’ എന്ന തലക്കെട്ടിൽ ആ വിലാപകാവ്യം 1947ൽ പുസ്തകമായി പ്രസിദ്ധീകരിക്കാൻ തീരുമാനിച്ചപ്പോൾ അതിന് അവതാരിക എഴുതാൻ പ്രിയ സുഹൃത്തുകൂടിയായ തകഴിയോട് ആവശ്യപ്പെട്ടു. എഴുതാമെന്നേറ്റ തകഴി ആഴ്ചകൾ കഴിഞ്ഞിട്ടും അവതാരിക എഴുതി നൽകിയില്ല. അതോടെ ശ്രീകണ്ഠൻ നായരുടെ പിടിവിട്ടു. 

ഒരു ദിവസം രാവിലെ തന്റെ അടുത്ത അനുയായി കെ.സി.എസ്. മണിയെ അവതാരികയ്‌‌ക്കായി ശ്രീകണ്ഠൻ നായർ തകഴിയുടെ വീട്ടിലേക്കയച്ചു. ഒന്നുകിൽ അവതാരിക അല്ലങ്കിൽ തകഴിയുടെ മുൻനിരയിലെ രണ്ട് പല്ല് അതായിരുന്നു ശ്രീകണ്ഠൻനായരുടെ കൽപ്പന. തിരുവിതാംകൂറിനെ വിറപ്പിച്ച ദിവാൻ സർ സി.പിയെ വെട്ടി വിറപ്പിച്ച് നാടുകടത്തിയ ധീരദേശാഭിമാനിയാണ് മണിസ്വാമി എന്ന് അറിയപ്പെടുന്ന കെ.സി.എസ്. മണി. 

മണിസ്വാമി അവിടെയെത്തുമ്പോൾ ഏതോ കക്ഷിയുടെ ചായസൽക്കാരത്തിൽ പങ്കെടുക്കുന്നതിന് പുറപ്പെടുകയാണ് തകഴി. മണി സ്വാമി ആമുഖങ്ങൾ ഒന്നുമില്ലാതെ കാര്യം പറഞ്ഞു. പല്ലിന്റെ കാര്യവും ധരിപ്പിച്ചു. പിന്നീട് വരാൻ തകഴി പറഞ്ഞെങ്കിലും മണിസ്വാമി വിട്ടില്ല. തകഴിയെ തടഞ്ഞു. കാപ്പിവാങ്ങി നൽകാമെന്ന് പറ‌ഞ്ഞ് മണിസ്വാമിയെ ഒന്ന് സ്വാധീനിക്കാൻ തകഴി ശ്രമിച്ചു. ഭീകരനായ മണിസ്വാമി അതിലൊന്നും വീണില്ല. ഒടുവിൽ കരുമാടിയിലെ കാക്കയുടെ ചായപീടികയിൽ കയറി അവിടെയിരുന്ന് തകഴി എഴുത്ത് തുടങ്ങി. എഴുതി തീർന്നപ്പോൾ 18 പേജ്. ‘ശ്രീകണ്ഠന്റെ അമ്മ’ എന്ന തലക്കെട്ടിട്ടു. ആ വിലാപകാവ്യത്തിന്റെ മറ്റു കൂട്ടുന്നതായിരുന്നു ആ അവതാരിക. 

രാഷ്ട്രീയവേവ് പിടിപ്പെട്ട് നടന്ന തകഴിയെ രാഷ്ട്രീയം തനിക്ക് ചേർന്ന വഴിയല്ലെന്നും അതിൽ കൈക്കടത്തുരുതെന്നും പറഞ്ഞ് തടഞ്ഞത് ശ്രീകണ്ഠൻ നായരായിരുന്നു. അതുകൊണ്ട് മലയാളത്തിന് ചെമ്മീനും തൊട്ടിയുടെ മകനും കയറും ഉൾപ്പെടെ അനേകം സാഹിത്യകൃതികൾ ലഭിച്ചു. എന്റെ അമ്മ അടക്കം ഒരുപിടി പുസ്തകങ്ങൾ എഴുതിയിട്ടുള്ള ശ്രീകണ്ഠൻ നായരാണ് തകഴിയുടെ കയർ എന്ന മഹാപുസ്തകം ഇംഗ്ളീഷിലേക്ക് പരിഭാഷപ്പെടുത്തിയത്. നാല് വർഷം കൊണ്ടാണ് കയർ ഇംഗ്ളീഷിലേക്ക് പരിഭാഷപ്പെടുത്തിയത്.

എഴുത്തുകാരനായ ശ്രീകണ്ഠൻ നായർ

1946ലാണ് ശ്രീകണ്ഠൻ നായരുടെ അദ്യ പുസ്തകം പുറത്തുവരുന്നത്. പ്രകാശനം ചെയുന്നതിന് മുൻപേ അത് തിരുവിതാംകൂറിൽ നിരോധിക്കപ്പെട്ടു. അതാണ് ‘വഞ്ചിക്കപ്പെട്ട വേണാട്’. ‘ഐക്യകേരളം’, ‘എന്റെ അമ്മ’, ‘ഇതുതന്നെ മാർക്സിസം’, ‘സാഹിത്യ ശകലങ്ങൾ’ എന്നിവയ്ക്ക് പുറമേ ആത്മകഥ അഥവാ കേരള രാഷ്ട്രീയ ചരിത്രം എന്ന വിശേഷിപ്പിക്കാവുന്ന കഴിഞ്ഞകാല ചിത്രങ്ങൾ (മൂന്ന് ഭാഗങ്ങൾ) എന്നിവ എഴുതി പ്രസിദ്ധപ്പെടുത്തിയിട്ടുള്ള ശ്രീകണ്ഠൻ നായർ, തകഴിയുടെ കയർ പരിഭാഷപ്പെടുത്തിയപ്പോൾ പത്രപ്രവർത്തകനായിരുന്ന എം.ശിവറാമിന്റെ ‘റോഡ് ടു ഡല്‍ഹി’ എന്ന പുസ്തകം ചലോ ദില്ലിയായി മലയാളത്തിലേക്ക് തർജ്ജമ ചെയ്തു. സ്വന്തം പുസ്തകമായ എന്റെ അമ്മ 'മൈ മദര്‍' എന്ന പേരിൽ ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തിയതും ശ്രീകണ്ഠൻനായർ തന്നെയാണ്.  

പാവങ്ങളുടെ പടത്തലവൻ

കമ്മ്യൂണസത്തിൽ വേണ്ടത്ര വിപ്ലവവീര്യമില്ലെന്ന വാദവുമായാണ് ശ്രീകണ്ഠൻചേട്ടൻ റവല്യൂഷണറി സോഷ്യലിസം എന്ന പദസമുച്ഛയം കണ്ടെത്തിയതും ആർ.എസ്.പി എന്ന പ്രസ്ഥാനത്തിന് രൂപം നൽകിയതും. 1952ൽ സെക്രട്ടേറിയറ്റിന് മുന്നിൽ ശ്രീകണ്ഠൻ നായർ നടത്തിയ നിരാഹാര സത്യാഗ്രഹം പ്രസിദ്ധമാണ്. സമരത്തിന് പിന്തുണയുമായി സ്ത്രീകൾ ഹജൂർ കച്ചേരിയിലേക്ക് സ്വമേധയാ എത്തിയതും ചരിത്രത്തിന്റെ ഭാഗം.

1951ലെ ആദ്യ പൊതുതിരഞ്ഞെടുപ്പിൽ കൊല്ലം- മാവേലിക്കര ദ്വയാംഗമണ്ഡലത്തിൽ നിന്ന് ലോക്സഭയിലെത്തിയ ശ്രീകണ്ഠൻ നായർ, 1957 ലെ പൊതു തിരഞ്ഞെടുപ്പിൽ സദ്യസ്യതിലകൻ ടി.കെ. വേലുപിള്ളയുടെ മകനായ വി.പി. നായരോട് പരാജയപ്പെട്ടു. തുടർന്ന് 1962, 67, 71, 77 പൊതു തിരഞ്ഞെടുപ്പുകളിൽ വൻ ഭൂരിപക്ഷത്തോടെ കൊല്ലത്ത് നിന്ന് വിജയിച്ചു. 1980 ലെ തിരഞ്ഞെടുപ്പിൽ ബി.കെ. നായരോട് പരാജയപ്പെട്ടു.

എന്റെ അമ്മ ശ്രീകണ്ഠൻ നായർ അവസാനിപ്പിക്കുന്നത് ഈ വരികളോടെയാണ്. 

‘ഞാൻ ദീനരരോടൊത്തു കരയും

ദുഖിതരോടൊത്തു ഖേദിക്കും

മർദ്ദിതരോടൊത്തു സമരം ചെയ്യും

വിജയികളൊടൊത്തു മരിക്കും.’

ഈ വാക്കുകൾ പാലിച്ചുകൊണ്ടു 1983 ജൂലായ് 20ന് അദ്ദേഹം വിടവാങ്ങി.