തകഴിയുടെ ചെമ്മീൻ ജാപ്പനീസ് ഭാഷയിലേക്ക് വിവർത്തനം ചെയ്ത എഴുത്തുകാരി തക്കാക്കോ  അന്തരിച്ചു. 79 വയസായിരുന്നു.  മലയാളിയായ തോമസ് മുല്ലൂരിനെ 1967ൽ വിവാഹം കഴിച്ച തക്കാക്കോ, എറണാകുളം കൂനമ്മാവിലായിരുന്നു താമസം. സംസ്കാരം പിന്നീട്.

 

മലയാളത്തിന്റെ മരുമകളായി മാറിയ എഴുത്തുകാരിയാണ് തക്കാക്കോ. ദ്വിഭാഷിയും, വിവർത്തകയുമായി അക്ഷങ്ങളുമായി കൂടിക്കലർന്ന ജീവിതം. ചെമ്മീൻ നോവൽ പരിചയപ്പെടുത്തിയത് ഭർത്താവ് തോമസ് മുല്ലൂരാണ്. ഇംഗ്ലീഷ് പതിപ്പാണ് ആദ്യം നൽകിയത്. തുടർന്ന് മലയാളം പതിപ്പും. 1976 ൽ പരിഭാഷ പൂർത്തിയാക്കി. കയർ പരിഭാഷപ്പെടുത്താൻ തകഴി അനുമതി നൽകിയെങ്കിലും അതിന് സാധിച്ചില്ല.

 

മലയാള സാഹിത്യത്തെ ഏറെ ഇഷ്ടപ്പെട്ട തക്കാക്കോ മലയാളം പഠിപ്പിച്ചത് കൂനമ്മാവ് സെയ്ന്റ് ജോസഫ് കോൺവെന്റിലെ സിസ്റ്റർ ഹിലാരിയുടെ ശിക്ഷണത്തിലായിരുന്നു. ചെമ്മീനു പുറമെ ഏതാനും ചെറുകഥകളും ജാപ്പനീസ് ഭാഷയിലേയ്ക്ക് വിവർത്തനം ചെയ്തിട്ടുണ്ട്.  പറവൂരിന് ഏറെ പ്രിയപ്പെട്ട എഴുത്തുകാരിയായിരുന്നു തക്കാക്കോ എന്ന് പ്രതിപക്ഷ നേതാവ്. നാട്ടുകാരുമായി നല്ല അടുപ്പം സൂക്ഷിച്ചു തക്കാക്കോ. അപകടത്തിൽ പരുക്കേറ്റ് ദീർഘനാളായി കിടപ്പിലായിരുന്നപ്പോഴും തക്കാക്കോ ഇഷ്ടപെട്ടത് എഴുത്തും വായനയുമായിരുന്നു.