ഏഴു വർഷങ്ങൾക്ക് മുമ്പ്, കൃത്യമായി പറഞ്ഞാൽ 2016 നവംബർ 24 ന് നിലമ്പൂർ വനമേലയിൽ രണ്ടു മാവോയിസ്റ്റുകൾ വെടിയേറ്റ് കൊല്ലപ്പെടുന്നു. ഏറ്റുമുട്ടലിനിടെ മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു എന്നായിരുന്നു പൊലീസ് തലക്കെട്ട്. എന്നാലത് വ്യാജ ഏറ്റുമുട്ടൽ കൊലയാണെന്ന് ആരോപിച്ച് ഒരുകൂട്ടം മനുഷ്യാവകാശപ്രവർത്തകർ രംഗത്തുവന്നു. അന്നാ പ്രതിഷേധത്തിനു നേതൃത്വം നൽകിയവരില്‍ അടുപ്പമുള്ളവർ വാസുവേട്ടൻ എന്നു വിളിക്കുന്ന ഗ്രോ വാസു ഉണ്ടായിരുന്നു. മുൻ നക്സലൈറ്റ് നേതാവും മനുഷ്യാവകാശ പ്രവർത്തകനുമായ അയിനൂർ വാസു. ഏഴു വർഷങ്ങൾക്കിപ്പുറം അന്ന് പ്രതിഷേധിച്ചതിനെടുത്ത കേസിൽ അന്നത്തെ ആ 86 കാരനെ പൊലീസ് ഇപ്പോൾ അറസ്റ്റ് ചെയ്തിരിക്കുന്നു. രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തിരിക്കുന്നു. ഇന്നയാൾക്ക് പ്രായം 94.
കുന്ദമംഗലം ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ ഗ്രോ വാസുവിന് കോടതി സ്വന്തം ജാമ്യം അനുവദിക്കാമെന്ന് പറഞ്ഞെങ്കിലും അദ്ദേഹം തയ്യാറായില്ല. അനുനയ ശ്രമങ്ങൾക്കൊന്നും ചെവികൊടുക്കാതെ പിഴയടയ്ക്കാനോ സ്വന്തം ജാമ്യത്തിൽ പോകാനോ അദ്ദേഹം വിസമ്മതിച്ചു. 10000രൂപ കെട്ടിവയ്ക്കണമെന്നും സ്വന്തം ജാമ്യം അനുവദിക്കാമെന്നും പറഞ്ഞ കോടതിയോട് അദ്ദേഹം നൽകിയ ഒരു മറുചോദ്യമാണ് ഇപ്പോൾ കേരളം മുഴുവൻ ചർച്ചയാവുന്നത്. എട്ടു പേരെ വെടിവെച്ചു കൊന്നവർക്കെതിരെ കേസില്ല. കുറ്റം ചെയ്യാത്ത ഞാനെന്തിന് പിഴയടക്കണം? അന്യായമായെടുത്ത കേസ് പിഴ അടച്ച് തീർക്കാൻ ഒരുക്കമല്ല. ജാമ്യമെടുക്കാനും തയ്യാറല്ല.
ഒന്നാം പിണറായി സർക്കാർ കാലത്ത് മാത്രം വ്യാജ ഏറ്റുമുട്ടലിലൂടെ ഭരണകൂടം കൊന്നു കളഞ്ഞു എന്ന് ആരോപണമുയര്‍ന്ന എട്ടു മനുഷ്യരെ അനുസ്മരിച്ചുള്ള ആ വാക്കുകൾ ചെന്നുതറച്ചത് നമ്മുടെ ഭരണകൂടങ്ങളുടെ താന്‍പോരിമയുടെ പരിചയിലാണ്. നിരപരാധികളായ മനുഷ്യരെ വ്യാജ ഏറ്റുമുട്ടലിലൂടെ കൊലപ്പെടുത്തിയ ഭരണകൂട ഭീകരതയ്ക്കെതിരെ സമരസപ്പെടാത്ത ഒരു വയോധികന്റെ വെറും വാക്കുകൾ മാത്രമായിരുന്നില്ല അത്. പതിറ്റാണ്ടുകൾ നീണ്ട വിപ്ലവ വീര്യത്തിന്റെയും സമര നിലപാടിന്റെയും അടിയറവ് വയ്ക്കാത്ത കരളുറപ്പ് കൂടിയാണത്.
ആരാണ് അയിരൂർ വാസു...?
1930 ൽ, അതായത് ഇന്ത്യയിൽ കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് അഞ്ചു വയസായപ്പോഴാണ് അയിരൂർ വാസുവിന്റെ ജനനം. അദ്ദേഹത്തിന് ഏഴു വയസായപ്പോഴേക്കും പി കൃഷ്ണപിള്ളയുടെ നേതൃത്വത്തിൽ കമ്മ്യൂണിസ്റ്റ് പാർട്ടി കേരളത്തിലും പ്രവർത്തനമാരംഭിച്ചു. പി കൃഷ്ണപ്പിള്ളയോടുള്ള ആകർഷണത്തില്‍, അദ്ദേഹം കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ഒപ്പം ചേര്‍ന്നു.
എന്നാൽ അമ്പതുകളിലേക്ക് കടന്നപ്പോള്‍ കമ്മ്യൂണിസ്റ്റ് പാർട്ടി അതിന്റെ ദിശ മാറി സഞ്ചരിക്കാൻ തുടങ്ങിയെന്ന തിരിച്ചറിവുണ്ടായ അദ്ദേഹം പാർട്ടിയിൽ നിന്നകന്നു. പിന്നീട് മാവോയിസത്തിലേക്കാണ് കണ്ണ് പോയത്.
കേരളത്തിലെ നക്സൽ പ്രസ്ഥാനത്തിന് തുടക്കമിട്ട കുന്നിക്കൽ നാരായണൻ ബോംബെയിൽ നിന്നും കോഴിക്കോടെത്തി മാവോ സാഹിത്യങ്ങൾ മലയാളത്തിലേക്ക് വിവർത്തനം ചെയ്തു തുടങ്ങിയതോടെ ആ ഇസത്തെ അടുത്തറിയാൻ തുടങ്ങി. ഭരണകൂടത്തെ മുഖ്യ ശത്രുവായി കാണുന്ന ലൈൻ ആയിരുന്നു കുന്നിക്കൽ സ്വീകരിച്ചിരുന്നത്. എന്നാൽ ഭരണകൂടമല്ല ജന്മിത്വമാണ് സാമ്രാജ്യത്വ ചൂഷണത്തിന്റെ സാമൂഹ്യ അടിത്തറ എന്നും അതിനെ തച്ചുടച്ചു നീക്കം ചെയ്യുകയാണ് വിപ്ലവത്തിന്റെ മാർഗം എന്നുമുള്ള വഴിത്താര ആയിരുന്നു ചാരു മജുംദാറിന്റെ നേതൃത്വത്തിലുള്ള അഖിലേന്ത്യാ നേതൃത്വത്തിന്റേത്. വർഗീസ് അടക്കമുള്ള കേരളത്തിലെ പ്രവർത്തകർക്ക് ഈ വഴിയായിരുന്നു താല്പര്യം. അയിനൂർ വാസുവും ചെന്നുനിന്നത് ഇവിടെ. അങ്ങനെ അദ്ദേഹം കുന്നിക്കലിൽ നിന്നകന്നു. പിന്നീട് വർഗീസിന്റെ സന്തത സഹചാരിയായി മാറി.
തൃശൂരിൽ വർഗീസ്, മുണ്ടൂർ രാവുണ്ണി, വെള്ളത്തൂവൽ സ്റ്റീഫൻ എന്നിവർക്കൊപ്പം അയിനൂർ വാസു കൂടി പങ്കെടുത്ത യോഗത്തിൽ വെച്ചാണ് തിരുനെല്ലി, തൃശ്ശിലേരി ആക്ഷനും കോങ്ങാട് ആക്ഷനും തീരുമാനിക്കുന്നത്. 1970 ൽ വർഗീസിന്റെ നിർദേശ പ്രകാരം വയനാട്ടിലേക്ക് ചേക്കേറിയ അദ്ദേഹം വയനാട്ടിലെ ചൂഷകരായ ജന്മിമാർക്കെതിരായ വിവിധ ആക്ഷനുകളുടെ ഭാഗമായി. നക്സൽ ആക്ഷനുകളിലൂടെ സംഘം
ത്രിശ്ശില്ലേരിയിലെ വസുദേവ അഡിഗ, ചേക്കു എന്നീ ഭൂ ഉടമകളെ കൊലപ്പെടുത്തുകയും ചെയ്തു. തിരുനെല്ലി, തൃശ്ശിലേരി ആക്ഷൻ കഴിഞ്ഞ് സംഘം കാട്ടിൽ തങ്ങുന്നതിനിടെയാണ് സി.ആർ.പി.എഫിന്റെ മുന്നിലകപ്പെടുന്നത്. 1970 ഫെബ്രുവരി 18ന് വർഗീസ് കൊല്ലപ്പെട്ടു. കേരളത്തിന്റെ നക്സല്‍ ചരിത്രത്തിലെ ഇന്നും ശബ്ദിക്കുന്ന അധ്യായം.
വർഗീസിനെ താന്‍ കൊലപ്പെടുത്തിയതാണെന്ന് കോൺസ്റ്റബിൾ രാമചന്ദ്രൻ നായർ പില്‍ക്കാലത്ത് വെളിപ്പെടുത്തിയത് ഒരു കത്തിലൂടെ വാസുവിനോടായിരുന്നു. തിരുനെല്ലി ആക്ഷന്റെ ഭാഗമായി പൊലീസ് അറസ്റ്റ് ചെയ്ത വാസുവിന് ഏഴു വർഷത്ത ജയിൽ വാസം വിധിച്ചു. തുടർന്ന് 1977ൽ അദ്ദേഹം ജയിൽ മോചിതനായി.
ചുവപ്പിൽ നിന്നും മാരിവില്ലിലേക്ക്
1977ൽ ജയിൽ മോചിതനായ അദ്ദേഹത്തിനു ഉപജീവന മാർഗം കണ്ടെത്തുകയെന്നത് വലിയ വെല്ലുവിളിയായിരുന്നു. നക്സലൈറ്റ് ആയിരുന്ന ഒരാൾക്ക് ജോലി നൽകാൻ പലരും വിസമ്മതിച്ചു. അങ്ങനെ 20 വയസ്സില്‍ സിപിഎം പ്രവര്‍ത്തകനായിരുന്ന കാലത്ത് കുട നിര്‍മാണത്തില്‍ കിട്ടിയ പരിശീലനം ഉപജീവനമാര്‍ഗമാക്കാന്‍ അദ്ദേഹം തീരുമാനിച്ചു. 46 വർഷമായി കോഴിക്കോടിന്റെ ഓരത്ത് കുട വില്പനയാണ് അദ്ദേഹത്തിന്റെ ഉപജീവന മാർഗം. മാരിവിൽ കുടകൾ എന്നുപേരിട്ടിരിക്കുന്ന കുടകൾക്ക് ആവശ്യക്കാരും കുറവല്ല. കുടനിർമാണ വസ്തുക്കൾ സംഘടിപ്പിച്ച് പലരേയും ഏൽപ്പിച്ചാണ് കുട ഉണ്ടാക്കുന്നത്. ആ കുട തന്റെ കടയിൽ കൊണ്ടുവന്ന് വിൽക്കും. സ്വന്തം വരുമാനത്തിനൊപ്പം മറ്റൊരാൾക്ക് കൂടി വരുമാനം ഉണ്ടാക്കാൻ സഹായിക്കുന്നു എന്ന സന്തോഷവും അദ്ദേഹത്തിനുണ്ട്.
അയിരൂർ വാസു ഗ്രോ വാസുവായത്
1980 കളിൽ ഗ്രോ വാസു കോഴിക്കോട് മാവൂരിലെ ഗ്വാളിയോർ റയോൺസ് ഫാക്ടറി തൊഴിലാളികളുടെ സംഘടനയായ ഗ്വാളിയോർ റയോൺസ് ഓർഗനൈസേഷൻ ഓഫ് വർക്കേഴ്സ് (ഗ്രോ) എന്ന ട്രേഡ് യൂണിയന്റെ സമരങ്ങൾക്ക് നേതൃത്വം നൽകി. ഫാക്ടറി സ്ഥാപിക്കപ്പെട്ടത് ചാലിയാർ പുഴയുടെ തീരത്തായിരുന്നു. ഫാക്ടറിയിൽ നിന്നുള്ള മലിനീകരണവും, കടുത്ത പുകയും പുഴയെ മലിനമാക്കാൻ തുടങ്ങി. ക്യാൻസറും ശ്വാസകോശ രോഗങ്ങളും വർധിക്കുക കൂടി ചെയ്തതോടെ ജനങ്ങൾ ഫാക്ടറി അടച്ചുപൂട്ടണം എന്ന ആവശ്യത്തിലേക്ക് നീങ്ങി. സമരങ്ങൾ ശക്തമായി. കടുത്ത സമരങ്ങളെ തുടർന്ന് ഒടുവിൽ ഫാക്ടറി ശാശ്വതമായി പൂട്ടാൻ തീരുമാനമായി..ഈ സമരത്തിന്റെ ഭാഗമായാണ് തൊഴിലാളി സംഘടനയായ ഗ്രോ എന്ന പേര് കൂടി സമര പോരാളി്യായ അദ്ദേഹത്തിന് ലഭിക്കുന്നത്.
നിലയ്ക്കാത്ത സമര വീര്യം
നക്സലൈറ്റ് ആശയങ്ങളിൽ നിന്നും പിൻവാങ്ങിയെങ്കിലും പിന്നീടദ്ദേഹം മനുഷ്യാവകാശ പ്രവർത്തകനായി മാറി. പ്രായത്തിന്റെ
അവശതകൾക്കിടയിലും അനീതിക്കെതിരെ ഉറക്കെ ഉറക്കെ ശബ്ദിച്ചു. കേരളത്തിൽ അങ്ങോളമിങ്ങോളം നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങൾക്കെതിരെ പോരാടി. വ്യാജ ഏറ്റു മുട്ടൽ കൊലകൾക്കെതിരെ ശബ്ദമുയർത്തി. സമരമുഖങ്ങളിലെ സ്ഥിരം സാനിധ്യമായി മാറി.
2016 നവംബര്‍ 24 ന് നിലമ്പൂരിലെ കരുളായിയിലും, 2019 മാര്‍ച്ച് 6 ന് വയനാട് വൈത്തിരിയിലും, 2019 ഒക്ടോബര്‍ 28,29 തിയ്യതികളില്‍ അട്ടപ്പാടിയിലെ മഞ്ചിക്കണ്ടിയിലും, 2020 നവംബര്‍ 3 ന് വയനാട് പടിഞ്ഞാറത്തറയിലെ വാളാരംകുന്നിലുമായി കഴിഞ്ഞ ഏഴു വർഷത്തിനുള്ളിൽ എട്ടു മാവോയിസ്റ്റുകളാണ് കൊല്ലപ്പെട്ടത് എന്നാണ് കണക്ക്. ഈ മനുഷ്യരെല്ലാം എങ്ങനെ കൊല്ലപ്പെട്ടു എന്നത് ഇന്നും ദുരൂഹമായി തുടരുകയാണ്. ഇവയിൽ ഒന്നിൽ പോലും കൃത്യമായ ഒരന്വേഷണം നടത്താൻ പൊലീസ് ഇത് വരെയും തയ്യാറായിട്ടില്ല. അപ്പോഴും ഏറ്റുമുട്ടല്‍ കൊലയില്‍ പ്രതിഷേധിച്ചവര്‍ക്കെതിരെയുള്ള കേസിലെ നിമയ നടപടികള്‍ക്ക് ആറ് വര്‍ഷങ്ങള്‍ക്ക് ശേഷവും നല്ല ഊര്‍ജ്ജം കൈവരുന്നു. അവിടെയാണ് ഈ വയോധികന്റെ ശബ്ദവും ചുവടുകളും പ്രസക്തമാകുന്നത്. ഒരു ഇടതുപക്ഷ സര്‍ക്കാരിനോട് ഈ മനുഷ്യന്‍ ഉയര്‍ത്തുന്ന ചോദ്യങ്ങള്‍ക്ക് രാജ്യത്തെ സാധാരണ ജനാധിപത്യവിശ്വാസികളുടെ പിന്തുണ കിട്ടുന്നത് അതുകൊണ്ടാണ്.
Grow Vasu Life Story Human Rights