മീമുകളിലൂടെ സോഷ്യല്‍ മീഡിയയുടെ മനം കവര്‍ന്ന ചീംസ് എന്ന നായ ഇനിയില്ല. 12 ാം വയസ്സില്‍ ക്യാന്‍സറിനോട് പടപൊരുതിയാണ് ചീംസ് വിടവാങ്ങുന്നത്. ഇനി സോഷ്യല്‍ വാളുകളിലെ മീമുകളിലൂടെ ചീംസ് ഓര്‍ക്കപ്പെടും.

 

ഷിബ ഇനു എന്ന ഇനത്തിൽപ്പെട്ട 12 വയസുകാരനായ നായയാണ് ചീംസ്. ചീംസ് എന്നപേരിലാണ് ഈ നായക്കുട്ടന്‍ പ്രശസ്തനായതെങ്കിലും യഥാര്‍ഥ പേര് ബോൾട്ട്സെ എന്നായിരുന്നു. ചീംസിന്‍റെ ഇന്‍സ്റ്റഗ്രാം പോസ്റ്റുകളും ഫോട്ടോകളും എല്ലാം തന്നെ വൈറലായിരുന്നു. ലുക്കീമിയ ബാധിച്ച ചീംസ് വെള്ളിയാഴ്ച ശസ്ത്രക്രിയയ്ക്കിടെയാണ് മരണപ്പെടുന്നത്. കീമോതെറാപ്പി അടക്കം നല്‍കാന്‍ ശ്രമിച്ചിരുന്നെങ്കിലും വൈകിയിരുന്നു. ചീംസിന്റെ ഔദ്യോഗിക ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെ നായയുടെ ഉടമ തന്നെയാണ് മരണവാര്‍ത്ത പുറത്തുവിടുന്നത്. ചീംസിന്‍റെ ഫോളോവേഴ്സിനോട് വിഷമിക്കരുതെന്നും നിങ്ങള്‍ അവനിലൂടെ ചിരിച്ചത് ഓര്‍ക്കുക എന്നും ഉടമ കുറിച്ചു. നിങ്ങളില്‍ പലരും അവനിലൂടെ സന്തോഷം കണ്ടെത്തി. കോവിഡിനിടയിലും സന്തോഷം കണ്ടെത്താന്‍ അവന്‍ സഹായിച്ചു. പക്ഷേ അവന്റെ ദൗത്യം പൂർത്തിയായി, അദ്ദേഹം പറയുന്നു.

 

2010 ല്‍ ചീംസിന്റെ ഒരു ചിത്രം വൈറലായതോടെയാണ് ചീംസ് പ്രശസ്തനാകുന്നത്. വർഷങ്ങൾ കഴിയുന്തോറും ചീംസിന്റെ പ്രശസ്തി വർദ്ധിച്ചു കൊണ്ടേയിരുന്നു. ഒന്നിനു പുറകെ ചീംസിന്‍റെ എല്ലാ ഫോട്ടോകളും വൈറലായി, ഹിറ്റായി. പിന്നാലെ ചീംസിന്‍റെ ചിത്രങ്ങള്‍ ഒരു ഐക്കണിക് മീമായി മാറി. എന്നാല്‍ നെറ്റിസണ്‍സിന്‍റെ മനം കവര്‍ന്ന ചീംസിന്റെ പെട്ടെന്നുള്ള വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തുകയാണ് സോഷ്യല്‍ മീഡിയയും. തങ്ങള്‍ക്ക് സന്തോഷം നൽകിയതിന് നന്ദി, ചീംസ് ഒരു ഇതിഹാസമാണ്, ഇനി സമാധാനത്തോടെ വിശ്രമിക്കൂ എന്നിങ്ങനെ നീളുന്നു അനുശോചന പ്രവാഹം. 

 

Viral meme dog Cheems died during surgery