rachana

സംസ്ഥാന ചലച്ചിത്ര പുരസ്കാര സമർപ്പണവേദിയിലെ പ്രതിമ വിവാദ പരാമർശം നടത്തിയ അലൻസിയറിനെയും മുഖ്യമന്ത്രിക്ക് നിൽപ്പാദരം നടത്തിയ ഭീമൻ രഘുവിനെയും പരിഹസിച്ച് നടി രചന നാരായണൻകുട്ടിയുടെ പോസ്റ്റ്. വിഷയവുമായി ബന്ധപ്പെട്ട ഒരു കാർട്ടൂൺ പങ്കുവെച്ചുകൊണ്ടായിരുന്നു പ്രതികരണം. 

‘എന്തൊരു നല്ല പ്രതിമ അല്ലെ. അയ്യോ പ്രതിമ അല്ല പ്രതിഭ !!! ഡിജി ആർട്സിന്റെ കലാപ്രതിഭക്ക് ആശംസകൾ. അലൻസിയർ ലെ ലോപ്പസിന് ഈ "പ്രതിഭ" മതിയാകുമോ എന്തോ!!!’എന്നായിരുന്നു രചനയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്. ചലച്ചിത്ര പുരസ്കാര പ്രതിമകൾക്കൊപ്പം ഭീമൻ രഘുവിന്റെ ‘നിൽപ്പ്’ പ്രതിമയാണ് ചിത്രത്തിൽ‌.അടുത്തടുത്ത ദിവസങ്ങളിലായി ഏറെ വിമർശനങ്ങൾക്കും ട്രോളുകൾക്കും ഇരയായതാണ് അലൻസിയറിന്റെ അഭിപ്രായപ്രകടനവും ഭീമൻ രഘുവിന്റെ നിൽപ്പും.

ചലച്ചിത്ര പുരസ്കാരത്തിൽ സ്ത്രീപ്രതിമ നൽകി പ്രലോഭിപ്പിക്കാതെ ആൺപ്രതിമ നൽകണമെന്നായിരുന്നു അലൻസിയറിന്റെ വിവാദപ്രസ്താവന. ഇതെത്തുടർന്ന് നടനെതിരെ രൂക്ഷമായ വിമർശനങ്ങളാണ് ചലച്ചിത്രമേഖലയിൽ നിന്നും അല്ലാതെയും ഉണ്ടായത്. ചലച്ചിത്ര പുരസ്കാരങ്ങൾ സമ്മാനിക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ പ്രസംഗിച്ച 15 മിനിറ്റും ഭാവമേതുമില്ലാതെ ഒറ്റനിൽപ്പ് നിന്ന ഭീമൻ രഘുവിനെയും സോഷ്യൽമീഡിയ കണക്കറ്റ് കളിയാക്കിയിരുന്നു.