photolabaispcl-23

ലോകം വിരല്‍ത്തുമ്പില്‍ എന്നതൊക്കെ ഇപ്പോള്‍ ഒരു പ്രൊമോഷന്‍ വാചകം മാത്രമല്ല. യാഥാര്‍ഥ്യമാണ്. കത്തെഴുതിയ കാലത്ത് ആരെങ്കിലും വിചാരിച്ചിട്ടുണ്ടോ, നിലയ്ക്കാത്ത ഫോണ്‍ വിളികളും വി‍ഡിയോ കോളുകളും മറ്റും വരുന്നകാലം വരുമെന്ന്? ഇപ്പോഴിതാ എഐ വന്നു. നിര്‍മിത ബുദ്ധി ജോലി ഭാരം കുറയ്ക്കുക മാത്രമല്ല മനുഷ്യനെപ്പോലെ സര്‍ഗാത്മക കാര്യങ്ങള്‍ ചെയ്യാനും അതിനെക്കൊണ്ടാകും. മരിച്ച മനുഷ്യരെ തിരികെ കൊണ്ട് വരുന്നതുവരെ നമ്മള്‍ കണ്ടു. അതിനെ പേടിയോടെ കാണുന്നവരാണ് അധികവും. എന്നാല്‍ ചെറിയൊരു ഭാഗം മനുഷ്യരെങ്കിലും അത് മുന്നോട്ടുവയ്ക്കുന്ന സാധ്യതകള്‍ക്ക് പിന്നാലെയാണ്. 

ഇപ്പോള്‍‌ എല്ലാവരുടെയും സമൂഹമാധ്യമങ്ങളില്‍ ട്രെന്‍ഡിങ്ങാണ് അവരുടെ തന്നെ സ്വപ്നത്തിലെ കിനാശ്ശേരിയിലെ ചിത്രങ്ങള്‍‌. നല്ല സ്റ്റൈല്‍ കം ഗ്ലാമറസായി സ്വയം കാണാന്‍ താത്പര്യമില്ലാത്ത ആരാണുള്ളത്. അപ്പോള്‍ എല്ലാവരും തന്നെ ഛായ മാറ്റല്‍ തുടങ്ങി. ആപ്ലിക്കേഷന്‍റെ പേര് ഫോട്ടോലാബ് ഡോട്ട് മി. ഈ ഞാന്‍ ഇവിടെയെങ്ങും ജനിക്കേണ്ട ഞാനല്ല എന്നുമാത്രമാണ് ഇതുകണ്ട് സ്വയം നോക്കി നമ്മളൊക്കെ പറഞ്ഞത്.

ഇത് ആദ്യമായല്ല ഇത്തരത്തില്‍ പൊടുന്നനെ വന്ന് ട്രെന്‍ഡിങ്ങായി അതിലേറെ വേഗത്തില്‍ അപ്രത്യക്ഷമായ ആപ്പുകള്‍. അവയില്‍ പലതും ഇന്‍സ്റ്റാള്‍ ചെയ്ത അപ്പോള്‍ തന്നെ ആപ്പായ കഥയുമുണ്ട്. ഫേസ് ആപ്പ് പോലെയുള്ളതില്‍ കയറി നമ്മള്‍ പല പ്രായത്തിലൂടെ സഞ്ചരിച്ചു. സോഷ്യല്‍ മീഡിയയ്ക്ക് ഈ വൈറലാകലിന് പിന്നിലുള്ള പങ്ക് വളരെയധികമാണ്. അത്ര ട്രെന്‍ഡിങ് ആയില്ലങ്കിലും പിക്സാര്‍ട്ട് എഐ അത്തരത്തില്‍ ഒന്നാണ്. കുറച്ച് മുന്നേ എല്ലാവരും സംസാരിച്ചത് ഡീപ് ഫേക്കിനെപ്പറ്റിയായിരുന്നു. കണ്ടില്ലേ, സാക്ഷാല്‍ ഗോഡ്ഫാദറായി നമ്മുടെ മോഹന്‍ലാല്‍ ഇംഗ്ലീഷ് പറഞ്ഞതും, മമ്മൂട്ടിയും ഫഹദ് ഫാസിലും അതിന് മറുപടി പറ‍ഞ്ഞതുമൊക്കെ.

എന്നാല്‍ ഇപ്പോഴത്തെ സംസാരവിഷയം ഫോട്ടോലാബാണ്. ഡിജിറ്റൽ ഫോട്ടോഗ്രാഫുകൾ വിഷ്വലി മെച്ചപ്പെടുത്താൻ സഹായിക്കുന്ന നിരവധി ടൂളുകളും ഇഫക്ടുകളും അടങ്ങിയ ഒരു ഫൊട്ടോ എഡിറ്റിംഗ് സോഫ്റ്റ്‌വെയറാണ് ഫോട്ടോ ലാബ്. ഈ ആപ്പ് ഉപയോഗിച്ച് ഉപയോക്താക്കൾക്ക് അവരുടെ ഫോട്ടോകൾ എഡിറ്റ് ചെയ്യാനും റീടച്ച് നൽകാനും സാധിക്കും. പല തരത്തിലുള്ള ഫിൽട്ടറുകൾ, ഫേസ് ഇഫക്‌റ്റുകൾ, ആർട്ട് ഫ്രെയിമുകൾ എന്നിവയെല്ലാം ഇതിലുണ്ട്. ഫോട്ടോ ലാബിലെ ടെംപ്ലേറ്റുകളിലേക്ക് സ്വന്തം ചിത്രങ്ങൾ അപ്‌ലോഡ് ചെയ്യുക മാത്രമാണ് ഉപയോക്താവ് ചെയ്യേണ്ടത്. ആളുകളുടെ സെൽഫികളും ചിത്രങ്ങളും ക്രിയേറ്റീവായ രീതിയിൽ വളരെ എളുപ്പത്തിൽ ആപ്പ് പുനരാവിഷ്കരിക്കുന്നു. അമേരിക്കയിലെ സാന്‍ഫ്രാന്‍സിസ്കോയിലെ ൈലന്‍ റോക്ക് ഇന്‍വെസ്റ്റമെന്‍റ്സാണ് ഈ ആപ്പിന് പിന്നില്‍. 

നൂറ് മില്യനുമേല്‍ ഉപഭോക്താക്കളാണ് ഇപ്പോള്‍ ഈ ആപ്പ് ഡൗണ്‍ലോഡ് ചെയ്തിരിക്കുന്നത്. ശേഖരിക്കുന്ന വിവരങ്ങള്‍, പ്രത്യേകിച്ച് ഫോട്ടോകള്‍ ഉള്‍പ്പെടെ തികച്ചും വ്യക്തിപരമായ കണ്ടന്റ് ഇതില്‍ എത്രമാത്രം സുരക്ഷിതമാണന്ന ആശങ്ക ഇത്തരം ആപ്പുകളുടെ കാര്യത്തില്‍ നേരത്തേ തന്നെയുണ്ട്. നമ്മുടെയൊക്കെ മുഖവും മുഖഭാവങ്ങളും പഠിച്ച് ഒറിജിനലിനെ വെല്ലുന്ന ഡ്യൂപ്പുകളുണ്ടാക്കാന്‍ കഴിയുമെന്നതാണ്, ആശങ്കയുടെ മറ്റൊരു തലം. നിര്‍മാതാക്കളുടെ ലക്ഷ്യവും ഇതൊക്കെത്തന്നെയാകാം എന്ന് കരുതുന്നവരുമുണ്ട്. ഏതായാലും ഫോണിലെ കണ്ടന്റ് അപ്പാടെ അക്സസ് ചെയ്യാന്‍ ആപ്പുകള്‍ക്ക് അനുമതി നല്‍കുംമുന്‍പ് രണ്ടുവട്ടം ആലോചിക്കുന്നത് നല്ലതാണ്.

ഇതിനിടെ നമ്മള്‍ കുറേപ്പേര്‍ നമ്മുടെ കൊച്ചുമുറിയിലിരുന്ന് സുന്ദരന്മാരും സുന്ദരിമാരുമായി വേഷപ്പകര്‍ച്ച നടത്തുന്നു. പോസ്റ്റ് ചെയ്യുന്നു, അങ്ങനെ ചാഞ്ഞും ചരിഞ്ഞും സന്തോഷിക്കുന്നു. ഏതാനുംവര്‍ഷം മുന്‍പുവരെ സ്വപ്നത്തില്‍ മാത്രം കണ്ടിരുന്ന എഐ ജീവിതത്തിലേക്ക് കടന്നുകയറിക്കഴിഞ്ഞു. സ്വപ്നത്തില്‍ മാത്രം കണ്ട പലതും ഇനിയും കണ്‍മുന്നില്‍ നടക്കും. അപ്പോഴും ഭസ്മാസുരന് വരം കൊടുത്ത അവസ്ഥയാകരുത് എന്നുമാത്രം.

 

Photolab Images, AI, Viral pictures, Social Media, Trends

 

വാര്‍ത്തകളും വിശേഷങ്ങളും വിരല്‍ത്തുമ്പില്‍. മനോരമന്യൂസ് വാട്സാപ് ചാനലില്‍ ചേരാം. ഇവിടെ ക്ലിക് ചെയ്യൂ