കേരളത്തിന്റെ നാടൻ വാറ്റിലെ കൂട്ടിൽ ചില്ലറ പൊടിക്കൈകൾ പരീക്ഷിച്ച് കാനഡയിൽ ‘വിദേശ നാടൻ മദ്യം’ അവതരിപ്പിച്ച് മലയാളി യുവാക്കൾ. കൊച്ചി വടുതല സ്വദേശി സജീഷ് ജോസഫും വൈക്കം സ്വദേശി അജിത് പത്മകുമാറും ചേർന്നാണ് കടുവ എന്നർത്ഥം വരുന്ന ‘ടൈക’ എന്ന ബ്രാൻഡിൽ കാനഡയിൽ കേരളത്തിലെ ‘നാടനെ’ കുപ്പിയിലാക്കിയത്. ടൈക എന്ന പേരിനൊപ്പം, ഇംഗ്ലീഷിൽ ആർട്ടിസൻ അരക് എന്നും മലയാളത്തിൽ ‘നാടൻ ചാരായം’ എന്നും ലേബലിംഗ് ചേർത്തിട്ടുണ്ട്. കുപ്പിയുടെ പിൻഭാഗത്തെ ലേബലിൽ കേരളത്തിലെ മലനിരകൾ, ആന, പഴയ കെഎസ്ആർടിസി ബസ്, തെങ്ങ് എന്നിവയുണ്ട്. കാനഡയിലെ ഒന്റാറിയോയിലെ ഡിസ്റ്റിലറിയിലൂടെയും ഓൺലൈനിലൂടെയും നിലവിൽ 750 മില്ലി കുപ്പികളിലാണ് ഇത് വിൽക്കുന്നത്.
വർഷങ്ങൾക്ക് മുൻപാണ് സജീഷും അജിത്തും കാനഡയിൽ എത്തിയത്. ഷെഫ് എന്ന നിലയിലുള്ള സജീഷിന്റെ അനുഭവവും സംരംഭകനും ഐടി പ്രൊഫഷണലുമായ അജിത്തിന്റെ ബിസിനസ്സ് അനുഭവവുമാണ് ‘ടൈക’ അവതരിപ്പിക്കാൻ ധൈര്യം നൽകിയത്. നാട്ടിൽ വെച്ച് മുത്തശ്ശൻ പറഞ്ഞു കൊടുത്ത വാറ്റ്ചാരായത്തിന്റെ കൂട്ട് വെച്ച് കൊവിഡ് കാലത്ത് പരീക്ഷിച്ചപ്പോഴാണ് സംഗതി വിജയമായത്. കേരളത്തിന്റെ രുചികൾക്ക് പുറമെ ഈന്തപ്പഴം, വിവിധതരം പഴങ്ങൾ, മസാലകൾ, ശർക്കര എന്നിവ പരീക്ഷണത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കാനഡയിൽ ലഭ്യമല്ലാത്തവ കേരളത്തിൽ നിന്നാണ് എത്തിച്ചത്. കൂട്ടുകാർക്ക് കൊടുത്ത് ‘ടെസ്റ്റ്’ ചെയ്തപ്പോൾ നല്ല അഭിപ്രായം. പരീക്ഷണം ആവർത്തിച്ചതിന് ശേഷമാണ് നിലവിലെ ഫ്ലേവർ കോമ്പിനേഷൻ സ്ഥിരീകരിച്ചത്. സർക്കാർ അനുമതി വാങ്ങി ഡിസ്റ്റിലറി പാട്ടത്തിനെടുത്താണ് നിർമാണം.
ടൈകയിൽ 46 ശതമാനം ആൽക്കഹോൾ അടങ്ങിയിട്ടുണ്ട്.ലോകോത്തര നിലവാരത്തിൽ ‘ടൈക നാടൻ ചാരായം’ ബ്രാൻഡ് ചെയ്യുകയാണ് ലക്ഷ്യമെന്ന് അജിത് പറഞ്ഞു. ബിസിനസ് വിപുലീകരണത്തിന്റെ ഭാഗമായി, ലിക്കർ കൺട്രോൾ ബോർഡ് ഓഫ് ഒന്റാറിയോ (LCBO) സ്റ്റോറുകളിൽ ടൈക്ക ലഭ്യമാക്കാനും കാനഡയിലുടനീളമുള്ള റെസ്റ്റോറന്റുകളുമായി പങ്കാളിത്തം നൽകാനും പദ്ധതിയുണ്ട്. കേരളം ഉൾപ്പെടെയുള്ള വിപണികളിലേക്ക് കയറ്റുമതി ചെയ്യുകയാണ് ലക്ഷ്യം. നേരത്തെ മന്ദാകിനി-മലബാർ വാറ്റ്എന്ന പേരിൽ കാനഡയിൽ എത്തിച്ച മദ്യത്തിന് പിന്നിലും മലയാളികൾ ഉണ്ടായിരുന്നു.
Malayali youth’s ‘Nadan Charayam’ superhit in Canada