അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് സൂപ്പര്‍താരം വിജയ് രാഷ്ട്രീയത്തിലേക്കെന്ന് സൂചന. ലിയോയുടെ വിജയാഘോഷത്തിന്‍റെ ഭാഗമായി ചെന്നൈയില്‍ നടന്ന ചടങ്ങിനിടെയാണ് താന്‍ ദളപതിയാണെന്നും ദളപതി ആളുകളുടെ സേവനാണെന്നും താരം പ്രഖ്യാപിച്ചത്. 'തമിഴ് സിനിമയില്‍ ഒരേയൊരു പുരട്ചി തലൈവര്‍ (എംജിആര്‍), ഒരേയൊരു നടിഗര്‍ തിലകം (ശിവാജി ഗണേശന്‍), ഒരേയൊരു പുരട്ചി കലൈഞ്ജര്‍ ക്യാപ്റ്റന്‍ (വിജയകാന്ത്) ഒരേയൊരു ഉലഗനായഗന്‍ (കമല്‍ഹാസന്‍) ഒരേയൊരു സൂപ്പര്‍സ്റ്റാര്‍ (രജിനികാന്ത്) ഒരേയൊരു തല (അജിത്) എന്നിവരാണുള്ളത്. രാജാക്കന്‍മാരില്‍ നിന്നും ആജ്ഞകള്‍ സ്വീകരിക്കുകയാണ് ദളപതി ചെയ്യുന്നത്. നിങ്ങളാണ് എന്‍റെ രാജാവെന്ന് ഞാന്‍ കരുതുന്നു.ഞാന്‍ നിങ്ങളുടെ ദളപതിയും' എന്നായിരുന്നു ആരാധകരോട് വിജയിയുടെ വാക്കുകള്‍. 

2026 ലെ തിര‍ഞ്ഞെടുപ്പിനെ കുറിച്ച് ചോദിച്ചപ്പോള്‍ കപ്പ് മുഖ്യം ബിഗിലേ എന്നായിരുന്നു താരത്തിന്‍റെ മറുപടി. ഇതോടെയാണ് വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ വിജയ് മല്‍സരിക്കുമെന്ന അഭ്യൂഹം ശക്തമായത്. ഒരുപാട് കാര്യങ്ങള്‍ ചെയ്യാനുണ്ടെന്നും സമൂഹമാധ്യമങ്ങളില്‍ വെറുതേ 'പൊരുതി' സമയം കളയരുതെന്നും ആരാധകരോടായി പറഞ്ഞതും ശക്തമായ സൂചനയാണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. അങ്ങനെയെങ്കില്‍ വിജയ് ഫാന്‍സ് അസോസിയേഷനായ 'വിജയ് മക്കള്‍ ഇയക്കം' രാഷ്ട്രീയ പാര്‍ട്ടിയായി മാറിയേക്കും.

വിജയാഘോഷത്തില്‍ പങ്കെടുത്ത് അര്‍ജുന്‍ സര്‍ജ പറഞ്ഞ വാക്കുകളും വിജയ്​യുടെ രാഷ്ട്രീയ പ്രവേശത്തിലേക്ക് തന്നെയാണ് വിരല്‍ചൂണ്ടുന്നത്. ജനങ്ങളുടെ നന്‍മയ്ക്കായാണ് രാഷ്ട്രീയത്തില്‍ ആളുകളിറങ്ങുന്നതെങ്കില്‍ വിജയ് എന്നോ രാഷ്ട്രീയത്തിലുണ്ടെന്നും അധികം വൈകാതെ അദ്ദേഹം 'രാഷ്ട്രീയ പ്രവേശം' നടത്തുമെന്നും അര്‍ജുന്‍ പറഞ്ഞു. ശിവാജി ഗണേശനെ പോലെ സമയക്ലിപത പാലിക്കുന്നയാളാണ് വിജയ്. കുട്ടിക്കാലത്ത് നാണംകുണുങ്ങിയായിരുന്ന വിജയ് ഇന്ന് രാജ്യത്തെ പോലും അതിശയിപ്പിക്കുന്ന വളര്‍ച്ച കൈവരിച്ചെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കരുണാനിധി, എംജിആര്‍, ജയലളിത എന്നിവരാണ് സിനിമയില്‍ നിന്നും തമിഴ് രാഷ്ട്രീയത്തില്‍ വെന്നിക്കൊടി പാറിച്ച പ്രമുഖര്‍. വിജയ്കാന്ത് രാഷ്ട്രീയത്തിലേക്കിറങ്ങിയെങ്കിലും അത്ര ശോഭിച്ചിരുന്നില്ല.  

 

Vijay will soon enter politics? superstar drops hints