കണ്ടവരുടെ മനസ്സിലാകെ ആധി പടര്‍ത്തിയ ഒരു വിഡിയോ. എന്തു ധൈര്യത്തില്‍ ജീവിക്കും എന്ന് ആലോചിച്ചുപോയ അനുഭവം. തെന്നിന്ത്യന്‍ താരം രശ്മിക മന്ദാനയുടെ ഡീപ് ഫേക്ക് വിഡിയോ ചൂടന്‍ ചര്‍ച്ചകള്‍ക്കാണ് തുടക്കമിട്ടത്. കണ്ടാല്‍ വ്യാജനെന്ന് തിരിച്ചറിയാന്‍ കഴിയാത്ത വിധമാണ് ആ വ്യാജ വിഡിയോ  ആരോ പണിതെടുത്തത്.

കറുത്ത വസ്ത്രം ധരിച്ച് ലിഫ്റ്റിലേക്ക് കയറുന്ന രശ്മിക. വിഡിയോയുടെ നിജസ്ഥിതി കണ്ടെത്താന്‍ ആരാധകരില്‍ ചിലര്‍ നടത്തിയ അന്വേഷണങ്ങള്‍ക്കൊടുവിലാണ് അത് മറ്റൊരാളുടെ വിഡിയോ ആണെന്നും എഐ സാങ്കേതിക ഉപയോഗിച്ച് തയ്യാറാക്കിയിരിക്കുന്നതാണെന്നും കണ്ടെത്തിയത്.

മോര്‍ഫ് ചെയ്ത ചിത്രങ്ങളും വി‍ഡിയോകളും അപകീര്‍ത്തികരമായ രീതിയില്‍ പ്രചരിക്കുന്നത് ഇന്ത്യയില്‍ ഇത് ആദ്യമല്ല. എന്നാല്‍ ഈ വ്യാജ വിഡിയോ പുറത്തിറങ്ങിയതോടെ സമൂഹമാധ്യമങ്ങള്‍ക്ക് കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ്. അതിസൂഷ്മമായി പരിശോധിച്ചാല്‍ പോലും വ്യാജമെന്ന് കണ്ടെത്താന്‍ കഴിയാത്ത വിധമാണ് ഇത്തരം ഡീപ് ഫേക്ക് വിഡിയോ പുറത്തിറങ്ങുന്നത്.

ഫ്രാന്‍സിസ് ഫോര്‍ഡ് കപ്പോളയുടെ ഗോഡ്ഫാദര്‍ സിനിമയിലെ കഥാപാത്രങ്ങളുടെ മുഖത്ത് മമ്മൂട്ടിയെയും മോഹന്‍ലാലിനെയും ഫഹദ് ഫാസിലിനെയും കുടിയിരുത്തിയ വിഡിയോ എത്തിയതോടെയാണ് ഡീപ് ഫേക്ക് വീണ്ടും ചര്‍ച്ചയായത്. ഡൊണാള്‍ഡ് ട്രംപിന്‍റെയും പ്രിയങ്ക ചോപ്രയുടെയും ബരാക് ഒബാമയുടെയെല്ലാം ഫേക്ക് വിഡിയോസ് ഇതിന് മുന്‍പ് ഇത്തരത്തില്‍ പ്രചരിച്ചിട്ടുണ്ട്. ബാഹുബലിയില്‍ മലയാളി താരങ്ങള്‍ അഭിനയിച്ചാല്‍ ഇങ്ങനെയിരിക്കും എന്ന പേരില്‍ ഈയടുത്ത് വൈറലായ വിഡിയോ കണ്ട് ചിരിക്കാത്തവരില്ല. എന്നാല്‍ ഇത്തരം സിനിമാ രംഗങ്ങള്‍ മോര്‍ഫ് ചെയ്യുന്നതു പോലെയല്ല ഒരു വ്യക്തിയുടെ വിഡിയോ മോര്‍ഫ് ചെയ്ത് അപകീര്‍ത്തികരമായ രീതിയില്‍ പ്രചരിപ്പിക്കുന്നത്. അത് ആ വ്യക്തിയുടെ ജീവിതത്തെ വലിയ രീതിയിലാണ് ബാധിക്കുക.

എന്താണ് ഡീപ് ഫേക്ക്?

ഇന്റര്‍നെറ്റില്‍ ലഭ്യമായ ഒരു ചിത്രമോ അല്ലെങ്കില്‍ വിഡിയോയോ എടുത്ത് ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്റ്സിന്റെ സഹായത്തോടെ തികച്ചും വ്യത്യസ്തമായ, യഥാര്‍ഥമെന്ന് തോന്നിപ്പിക്കുന്ന മറ്റൊരു വിഡിയോയോ ചിത്രമോ നിര്‍മിക്കാന്‍ കഴിയും. ഇത്തരത്തില്‍ വിഡിയോ / ഓഡിയോ കണ്ടന്റ് സൃഷ്ടിക്കുന്നതാണ് ഡീപ് ഫെയ്ക്. ഒറി‍ജിനലേത് വ്യാജനേത് എന്ന് തിരിച്ചറിയല്‍ ഏറെക്കുറെ അസാധ്യമെന്ന് തന്നെ പറയാം. ന്യൂറല്‍ നെറ്റ് വര്‍ക്കുകള്‍ ഉപയോഗിച്ച് ഒരാളുടെ മുഖത്തെ വിവിധ പോയിന്റുകളെ ഗണിതശാസ്ത്രപരമായി മനസിലാക്കുകയും തുടര്‍ന്ന് ആ മുഖത്തിന് മുകളിലായി മറ്റൊന്ന് നിര്‍മിച്ചെടുക്കുകയുമാണ് ഇതില്‍ ചെയ്യുന്നത്. ഫൊറന്‍സിക് പരിശോധനയില്‍പ്പോലും ഇത് കണ്ടെത്താനാവില്ലെന്നാണ് വിദഗ്ധര്‍ പറയുന്നത്. സൈബര്‍ കുറ്റവാളികളാണ് ഇത്തരത്തില്‍ ഫേഷ്യല്‍ മാപിങ് സാങ്കേതിക വിദ്യ ഉപയോഗിക്കുന്നത്. ഇതിന് പുറമെ ശബ്ദത്തിന്റെ വ്യാജ പകര്‍പ്പുണ്ടാക്കാന്‍ വോയിസ് മാച്ചിങ് സാങ്കേതിക വിദ്യയും ഉപയോഗിക്കുന്നു. എന്നുവച്ചാല്‍ കുപ്പിയില്‍ നിന്ന് ഭൂതത്തെ തുറന്നുവിട്ട അവസ്ഥയിലായി എഐ സൃഷ്ടാക്കള്‍.

2018 ല്‍ ജോര്‍ദന്‍ പീലും ബസ്ഫീഡും ചേര്‍ന്ന് ഡോണള്‍ഡ് ട്രംപ് സമ്പൂര്‍ണ തോല്‍വിയാണ് എന്ന് ഒബാമ പറയുന്ന ഒരു സാങ്കല്‍പ്പിക വിഡിയോ പുറത്തുവിട്ടിരുന്നു. വ്യാജവാര്‍ത്തകള്‍ എപ്രകാരം ആളുകളെ തെറ്റിധരിപ്പിക്കുമെന്നും അതുണ്ടാക്കാവുന്ന അപകടങ്ങളെയും കുറിച്ചും ജനങ്ങളെ ബോധ്യപ്പെടുത്താന്‍ വേണ്ടിയായിരുന്നു ഇങ്ങനെ ഒരു വിഡിയോ പുറത്തിറക്കിയത്. ഇന്ന് പോണ്‍ സൈറ്റുകളിലടക്കം ഇത്തരം ഡീപ് ഫേക്ക് വിഡിയോകള്‍ വര്‍ദ്ധിക്കുകയാണ്. നടി പ്രിയങ്കാ ചോപ്രയുടേതെന്ന പേരില്‍ പ്രത്യക്ഷപ്പെട്ട വിഡിയോ അതിനുദാഹരണം.

ഇനി രശ്മിക മന്ദാനയുടെ വിഡിയോയിലേക്ക് വരാം.ബ്രിട്ടീഷ് ഇന്ത്യന്‍ ഇന്‍ഫ്ലുവന്‍സറായ സാറ പാട്ടേലിന്‍റെ വിഡിയോയാണ് എഐയുടെ സഹായത്തോടെ കൃതൃമമായി ഉണ്ടാക്കിയെടുത്തത് എന്നാണ് കണ്ടെത്തല്‍.

എങ്ങനെ പൂട്ടിടാം?

ഡീപ് ഫെയ്ക്ക് പോലുള്ള സാങ്കേതികവിദ്യ ദുരുപയോഗം ചെയ്യുന്നത് തടയാന്‍ വ്യക്തതയുള്ള നിയമം ഇന്ത്യയില്‍ ഇല്ല. നിലവിലുള്ള നിയമങ്ങള്‍ വച്ചാണ് കേസുകള്‍ കൈകാര്യം ചെയ്യുന്നത്. ഐടി ആക്ട് അനുസരിച്ച് ആശയവിനിമയ ഉപാധിയോ, കംപ്യൂട്ടര്‍ സ്രോതസോ ഉപയോഗിച്ച് ദുരുദ്ദേശ്യത്തോടെ ആള്‍മാറാട്ടം നടത്തിയാല്‍ മൂന്ന് വര്‍ഷം വരെ തടവോ ഒരു ലക്ഷം രൂപ പിഴയോ ശിക്ഷ ലഭിക്കും. ഐടി ആക്ടിന്റെ 66 ഡി വകുപ്പിലും ഡീപ് ഫെയ്ക്ക് വിഡിയോകളെ കുറച്ചെങ്കിലും പ്രതിരോധിക്കാന്‍ ഉതകുന്ന വ്യവസ്ഥകളുണ്ട്. വ്യക്തിയുടെ സ്വകാര്യതയെ ബാധിക്കുന്ന തരത്തില്‍ ചിത്രമെടുക്കുന്നതും പ്രസിദ്ധീകരിക്കുന്നതും മാധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കുന്നതും സ്വകാര്യതാ ലംഘനമായി കണക്കാക്കും. രണ്ട് ലക്ഷം രൂപ പിഴയോ, മൂന്ന് വര്‍ഷം വരെ തടവോ ലഭിക്കുന്ന കുറ്റമാണിത്.

മറ്റൊന്ന് കോപ്പിറൈറ്റ് ആക്ട് അഥവാ പകര്‍പ്പവകാശ നിയമമാണ്. 1957ലെ പകര്‍പ്പവകാശ നിയമം 51–ാം വകുപ്പ് അനുസരിച്ച് ഒരു വ്യക്തിക്ക് അവകാശപ്പെട്ട വസ്തുക്കളോ കണ്ടന്റോ മറ്റൊരാള്‍ അനുമതിയില്ലാതെ ഉപയോഗിച്ചാല്‍ നിയമനടപടി സ്വീകരിക്കാം.

ചട്ടങ്ങളും നിയമങ്ങളും കൊണ്ട് സാങ്കേതിക വിദ്യയെ നിയന്ത്രിക്കുക എളുപ്പമല്ല. എന്നാല്‍ വ്യക്തിയെന്ന നിലയില്‍ ജാഗ്രത പുലര്‍ത്തുക എന്നതാണ് പ്രധാനം. എഐ കാലത്ത് കാര്യങ്ങള്‍ മാറുന്നത് വര്‍ഷങ്ങളെടുത്തല്ല, നിമിഷങ്ങള്‍ കൊണ്ടാണ് എന്നറിയുക. സോഷ്യല്‍ ലോകത്ത് ജീവിക്കുമ്പോള്‍, വ്യക്തിവിവരങ്ങള്‍ പങ്കുവയ്ക്കുമ്പോള്‍ കര്‍ശനമായ ജാഗ്രത ഉണ്ടായേ പറ്റൂ. കാരണം അത് നിങ്ങളെ കൈ പിടിക്കുന്നത് മായികമായ പലതിലേക്കുമാണ്.

Rashmika Mandanna's deepfake viral video