2023-ലെ വിശ്വസുന്ദരിപ്പട്ടം സ്വന്തമാക്കി നിക്കരാഗ്വയിൽ നിന്നുള്ള ഷെയ്നിസ് പലാസിയോസ്. എൽ സാൽവഡോറിലെ സാൻ സാൽവഡോറിലെ ജോസ് അഡോൾഫോ പിനെഡ അരീനയില്‍ നടന്ന ചടങ്ങില്‍ 84 രാജ്യങ്ങളിൽ നിന്നുള്ള സുന്ദരികളെ പിന്തള്ളിയാണ് ഷെയ്നിസ് വിജയകിരീടം സ്വന്തമാക്കിയത്. മിസ് യൂണിവേഴ്സ് പട്ടം കരസ്ഥമാക്കുന്ന ആദ്യത്തെ നിക്കരാഗ്വക്കാരിയാണ് ഷെയ്നിസ്. 2022ലെ വിശ്വസുന്ദരിപ്പട്ടം കരസ്ഥമാക്കിയ അമേരിക്കയുടെ ബോണി ഗബ്രിയേൽ ഷെയ്നിസ് കിരീടമണിയിച്ചു. ഓസ്ട്രേലിയയുടെ മൊറായ വിൽസൺ രണ്ടാംസ്ഥാനവും തായ്ലന്റിന്റെ അന്റോണിയ പൊർസിൽഡ് മൂന്നാംസ്ഥാനവും നേടി.
23 കാരിയായ ഷെയ്നിസ് പലാസിയോസ് ടിവി അവതാരകയും മോഡലുമാണ്. കമ്മ്യൂണിക്കേഷൻസിൽ ബിരുദം കരസ്ഥമാക്കിയ ഷെയ്നിസ് മാനസികാരോഗ്യ രംഗത്തും തന്‍റേതായ ഇടം സൃഷ്ടിച്ചിട്ടുണ്ട്. ഉത്കണ്ഠ സംബന്ധിച്ച പല പ്രശ്‌നങ്ങളും നേരിട്ടിരുന്നതിനാൽ അണ്ടർസ്റ്റാന്‍റ് യുവർ മൈൻഡ് എന്ന പേരിൽ ആരംഭിച്ച പദ്ധതിയും മിസ് യൂണിവേഴ്‌സ് വേദിയിൽ ചർച്ചയായി. മാനസികാരോഗ്യത്തേക്കുറിച്ച് കൂടുതൽ ചർച്ചചെയ്യുകയും അതേക്കുറിച്ചുള്ള മനോഭാവം മാറ്റുകയുമാണ് ഷെയ്നിസ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
ഫൈനല്‍ മല്‍സരത്തിന്‍റെ ഏതാനും നിമിഷങ്ങള്‍ക്കു മുന്‍പ് തന്‍റെ ബാല്യകാല സ്വപ്നം പൂർത്തീകരിക്കുന്നതിനെക്കുറിച്ചുള്ള ഹൃദയസ്പർശിയായ പോസ്റ്റ് ഷെയ്നിസ്ഇന്സ്റ്റാഗ്രാമില് പങ്കുവച്ചിരുന്നു.
പോസ്റ്റിന്‍റെ പൂര്‍ണരൂപം;
"ഇന്നത്തെ രാത്രി ഞാൻ എന്‍റെ ഉള്ളിലെ കുട്ടിക്കും ഈ സ്വപ്നം സാക്ഷാത്കരിക്കാൻ ആഗ്രഹിക്കുന്ന ഓരോ പെൺകുട്ടികൾക്കും സമർപ്പിക്കുന്നു, ആകാശം പോലെ വളരെ വലുതാണ് സ്വപ്നം. കൈവരിക്കാന്‍ കഴിയില്ലെന്ന് ആളുകള്‍ കരുതും. എന്നാല്‍ സ്വപ്നങ്ങളും ലക്ഷ്യങ്ങളും യാഥാര്‍ഥ്യമാക്കാന്‍ പ്രതിബന്ധങ്ങളെ മറികടക്കാന്‍ നിങ്ങള്‍ക്ക് കഴിയും. നിശ്ചയദാർഢ്യത്തോടെയും സ്ഥിരോത്സാഹത്തോടെയും അഭിനിവേശത്തോടെയും സ്വപ്നത്തെ പിന്തുടരുക.
ഇന്ത്യയെ പ്രതിനിധീകരിച്ച് ചണ്ഡിഗഡ് സ്വദേശിയായ ശ്വേത ശാർദ എന്ന ഇരുപത്തിമൂന്നുകാരിയും പങ്കെടുത്തിരുന്നു. എന്നാൽ അവസാന ഇരുപതുപേരിൽ മാത്രമേ ശ്വേതയ്ക്ക് ഉൾപ്പെടാനായുള്ളു.
Sheynnis Palacios from Nicaragua crowned miss universe