ലോകകപ്പ് ഫൈനലിലെ ഇന്ത്യയുടെ തോല്‍വി താങ്ങാനാകാത്തതിനെത്തുടര്‍ന്ന് 35കാരന് ദാരുണാന്ത്യം. തോല്‍വിയുടെ വേദനയില്‍  ഹൃദയാഘാതം മൂലം യുവാവ് മരിച്ചതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ആന്ധ്രയിലാണ് ദാരുണ സംഭവം. ബെംഗളൂരുവില്‍ സോഫ്റ്റ്‌‌വെയര്‍ എഞ്ചിനീയറായി ജോലി ചെയ്യുകയായിരുന്ന ജ്യോതിഷ് കുമാര്‍ യാദവ് എന്ന യുവാവാണ് മരിച്ചത്. കുടുംബത്തോടൊപ്പം ദീപാവലി ആഘോഷിക്കാന്‍ നാട്ടിലെത്തിയതായിരുന്നു ജ്യോതിഷ്. തിരികെ ബെംഗലൂരുവിലേക്ക് മടങ്ങാനിരിക്കെയാണ് മരണം. 

ഞായറാഴ്ച കുടുംബത്തോടും സുഹൃത്തുക്കളോടുമൊപ്പം ടിവിയില്‍ ലോകകപ്പ് ഫൈനല്‍ കാണുമ്പോഴാണ് ജ്യോതിഷിന് ഹൃദയാഘാതം ഉണ്ടായത്. കളി കണ്ടു കഴിഞ്ഞ ഉടനെ തന്നെ ജ്യോതിഷിന് നെഞ്ചുവേദന അനുഭവപ്പെടുകയും ബോധരഹിതനാകുകയും ചെയ്തു. ഉടന്‍ തന്നെ കുടുംബം ജ്യോതിഷിനെ തിരുപ്പതി ശ്രീ വെങ്കടേഷ്വര ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു കഴിഞ്ഞിരുന്നതായി ഡോക്ടര്‍ സ്ഥിരീകരിച്ചു. 

ലോകകപ്പ് ഫൈനലില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 240 ന് ഓള്‍ ഔട്ട് ആയതുമുതല്‍ ജ്യോതിഷ് കടുത്ത ഉത്കണ്ഠയിലും മാനസിക സമ്മര്‍ദ്ദത്തിലുമായിരുന്നെന്ന് സുഹൃത്തുക്കള്‍ പറയുന്നു. പിന്നീട് ഓസീസിന് 3 വിക്കറ്റ് നഷ്ടം സംഭവിച്ചപ്പോള്‍ ജ്യോതിഷിനെ അമിത സന്തോഷവാനായി കാണപ്പെടുകയും ചെയ്തു. എന്നാല്‍ ഓസീസ് വിജയലക്ഷ്യത്തിലേക്ക് അടുക്കുന്നു എന്നറിഞ്ഞതോടെ കടുത്ത മാനസിക സമ്മര്‍ദ്ദത്തിലാകുകയും കളി കഴിഞ്ഞയുടന്‍ നെഞ്ചു വേദനിക്കുന്നതായി പറഞ്ഞെന്നും അവര്‍ വ്യക്തമാക്കി.

35 year old dies of heart attack after India's defeat in World Cup