വൈറലാകാന്‍ എന്തും കാണിച്ചുകൂട്ടുന്നവരുടെ കാലത്ത് ഞെട്ടിക്കുന്ന പരീക്ഷണങ്ങളുമായി അമേരിക്കന്‍ യൂട്യൂബര്‍ മിസ്റ്റര്‍ ബീസറ്റ്. ഏഴു ദിവസത്തോളം ശവപ്പെട്ടിയില്‍ ജീവനോടെ അടച്ച്, ഭൂമിക്കടിയില്‍ അടക്കം ചെയ്യപ്പെട്ട് കിടന്നായിരുന്നു ചലഞ്ച്. വ്യാപകവിമര്‍ശനവും ഉയരുന്നുണ്ട് അതിരുവിട്ട ഈ സാഹസത്തിനെതിരെ.  

 

മിസ്റ്റര്‍ ബീസ്റ്റ് എന്ന പേരിലറിയപ്പെടുന്ന ജിമ്മി ഡൊണാള്‍ഡ്സണ്‍ എന്ന യുവാവാണ് തന്‍റെ 212 മില്ല്യണ്‍ സബ്സ്ക്രൈബേഴ്സിനായി ഇത്തരത്തില്‍ ഒരു സാഹസത്തിന് മുതിര്‍ന്നത്. എന്നാല്‍ ഈ പ്രവര്‍ത്തി തനിക്ക് മാനസികമായി വലിയ വിഷമമുണ്ടാക്കിയെന്നും ആരും വീട്ടില്‍ പരീക്ഷിക്കരുതെന്നും ജിമ്മി പറഞ്ഞു.

 

ശവപ്പെട്ടി നന്നായി താഴ്ന്ന് നില്‍ക്കാന്‍ 20000 പൗണ്ട് മണ്ണ് ഉപയോഗിച്ചാണ് മൂടിയത്. അടുത്ത ഏഴ് ദിവസത്തേക്ക് ഈ ശവപ്പെട്ടിയിലാണ് താന്‍ താമസിക്കുന്നത് എന്ന് പറ‍ഞ്ഞായിരുന്നു ജിമ്മി വിഡിയോ ആരംഭിച്ചത്. പുറത്ത് സഹായത്തിന് നിന്ന സുഹൃത്തുക്കളോട് ആശയവിനിമയം നടത്താന്‍ ഒരു വാക്കി ടോക്കിയും ജിമ്മി കരുതിയിരുന്നു.

 

മണ്ണില്‍ പുതഞ്ഞ ഏഴ് ദിവസത്തെ ഉറക്കം വല്ലാതെ മടുപ്പിക്കുന്നതായിരുന്നു. ഏഴാം ദിവസം പുറത്തെടുത്തപ്പോള്‍ ജിമ്മി കരയുകയായിരുന്നു. ചെറിയ സ്ഥലത്ത് അനക്കമറ്റ് ചിലവഴിക്കേണ്ടി വന്നതിനാല്‍ കാലില്‍ രക്തം കട്ടപിടിക്കുമോ എന്ന സംശയമുണ്ടായിരുന്നു, എന്നാല്‍ വലിയ പ്രശ്നങ്ങളൊന്നുമില്ലാതെ ജിമ്മി പുറത്തെത്തി. ചില ഹോളിവുഡ് സിനിമകളില്‍ കണ്ട രംഗങ്ങളാണ് തന്നെ ഇത്തരം സാഹസങ്ങള്‍ ചെയ്യാന്‍ പ്രേരിപ്പിച്ചതെന്ന് ജിമ്മി കൂട്ടിച്ചേര്‍ത്തു.

 

ഇതിന് മുന്‍പ് 2021ല്‍ 50 മണിക്കൂര്‍ ഇത്തരത്തില്‍ ഭൂമിക്കടിയില്‍ കിടന്ന് സാഹസം കാണിച്ചിരുന്നു. അക്കൊല്ലം 51 മില്ല്യന്‍ ഡോളറായിരുന്നു ജിമ്മിയുടെ യൂട്യൂബ് വരുമാനം.