poster-of-first-film

TAGS

 

ലോകത്തില്‍ പൊതുജനങ്ങള്‍ക്കായി ആദ്യമായി സിനിമ പ്രദര്‍ശിപ്പിച്ചതിന്‍റെ നൂറ്റിഇരുപത്തിയെട്ടാം വാര്‍ഷികമാണ് ഇന്ന്. അതായത് സിനിമ ഒരു കച്ചവട സാധനമായതിന്‍റെ വാര്‍ഷികം. 1895 ഡിസംബര്‍ ഇരുപത്തിയെട്ടിനാണ് ലൂമിയര്‍ സഹോദരന്മാര്‍ തങ്ങളുടെ ചിത്രത്തിന്‍റെ ആദ്യ പൊതു പ്രദര്‍ശനം നടത്തിയത്.

 

ഫ്രാന്‍സില്‍ ഫോട്ടോഗ്രഫിക് സ്ഥാപനം നടത്തിയിരുന്നക്ളോഡ് അന്‍േറായിന്‍ ലൂമിയറുടെ മക്കളായിരുന്നു അഗസ്റ്റ് ലൂമിയറും ലൂയി ലൂമിയറും. ലിയോണിലെ ലാ മാര്‍ട്ടിനിയര്‍ എന്ന  പ്രശസ്തമായ ടെക്നിക്കല്‍ സ്കൂളില്‍ ഇരുവരും പരിശീലനം നേടി. കാമറയിലും പ്രൊജക്ടറിലും നിരവധി പരീക്ഷണങ്ങള്‍ നടത്തിയ അവര്‍ നിരവധി പേര്‍ക്ക് ഒരേസമയം കാണാവുന്ന ഒരു ചലച്ചിത്രപ്രദര്‍ശനരീതി ആവിഷ്കരിച്ചു. സിനിമാറ്റോഗ്രാഫ് എന്നാണ് അവര്‍ അതിനെ വിളിച്ചത്. തങ്ങളുടെ സിനിമാറ്റോഗ്രാഫിന് പേറ്റന്‍റ് നേടിയെടുത്ത അവര്‍ ഫാക്ടറിയില്‍നിന്ന് ജോലിക്കാര്‍ പുറത്തേക്ക് വരുന്നതിന്‍റെ ദൃശ്യങ്ങളാണ് ഇതുപയോഗിച്ച് ആദ്യം ചിത്രീകരിച്ചത്. പാരിസില്‍ 1895 ഡിസംബര്‍ 28ന്  ലൂമിയര്‍ സഹോദരന്മാര്‍ തങ്ങളുടെ ചിത്രത്തിന്‍റെ ആദ്യ പൊതുപ്രദര്‍ശനം നടത്തി.  പണമടച്ച ഇരുനൂറോളം പേര്‍ ഗ്രാന്‍റ് കഫേയില്‍  സിനിമ കാണാന്‍ കയറി. 10 ഹ്രസ്വചിത്രങ്ങളാണ് അന്ന് പ്രദര്‍ശിപ്പിച്ചത്.

 

റെയില്‍വെ സ്റ്റേഷനില്‍ ട്രെയിന്‍ എത്തുന്നതിന്‍റെ ദൃശ്യവും അവര്‍ പ്രദര്‍ശിപ്പിച്ചു. ഇതുകണ്ട്, ട്രെയിന്‍ തങ്ങളുടെ നേരെ പാഞ്ഞുവരുകയാണെന്ന് ഭയന്ന് ആളുകള്‍ ചിതറിയോടിയത്രേ. മാനവചരിത്രത്തിലെ ഏറ്റവും വിസ്മയകരമായ കണ്ടുപിടുത്തങ്ങളിലൊന്ന്. ആദ്യകാലങ്ങളില്‍ സിനിമയുമായെത്തിയവരെ ജനം ഭ്രാന്തന്മാരെന്നും മന്ത്രവാദികളെന്നും പറഞ്ഞ് ഓടിച്ചിരുന്നു. ഒടുവില്‍   ലൂമിയര്‍ സഹോദരന്മാര്‍ നമ്മളെ ആ  ഭ്രമാത്മക ശക്തിയുടെ അടിമകളാക്കി. നൂറ്റിയിരുപത്തിയെട്ട് വര്‍ഷം കഴിഞ്ഞിട്ടും സ്വാതന്ത്രം കൊതിക്കാതെ നാം അടിമകളായി സസന്തോഷം ജീവിക്കുന്നു. 

 

One hundred and twenty eight years since the first film hit the silver screen