വര്‍ഷാവസാനം പപ്പാഞ്ഞിയെ കത്തിച്ച് പുതു വര്‍ഷത്തെ സ്വാഗതം ചെയ്യുക കൊച്ചിക്കാര്‍ക്ക് ഒരു ആചാരമാണ്. പുതുവല്‍സരാഘോഷങ്ങളില്‍ പപ്പാഞ്ഞി വാര്‍ത്തകളില്‍ നിറയുന്നതും ഇതാദ്യമല്ല. കഴിഞ്ഞ വർഷം കൊച്ചിൻ കാർണിവലിന് വേണ്ടി തയ്യാറാക്കിയ പപ്പാഞ്ഞിക്ക് പ്രധാനമന്ത്രിയുടെ സാദൃശ്യം വന്നതായിരുന്നു വിവാദം. ഇത്തവണയാകട്ടെ പരേഡ് മൈതാനത്ത് നിർമ്മിച്ച പപ്പാഞ്ഞിക്ക് സമാന്തരമായി വെളി മൈതാനത്ത് നിർമ്മിച്ച പപ്പാഞ്ഞിയെ കത്തിക്കണോ വേണ്ടയോ എന്നതാണ് ചർച്ച. എന്നാൽ ആരാണ് യഥാർഥത്തിൽ കൊച്ചിയുടെ പപ്പാഞ്ഞി? എന്തിനാണ് പാപ്പാഞ്ഞിയെ കത്തിക്കുന്നത്?
രൂപത്തിൽ സാന്‍റാക്ലോസിനോട് സാദൃശ്യമുള്ള പപ്പാഞ്ഞിമാരെയാണ് ഇടയ്ക്ക് നിർമിച്ചു കൊണ്ടിരുന്നത്. ചുവന്ന ഉടുപ്പും ക്രിസ്മസ് തൊപ്പിയും നീണ്ട വെള്ളത്താടിയും! എന്നാൽ ക്രിസ്മസ് അപ്പൂപ്പനല്ല യഥാർഥത്തിൽ പപ്പാഞ്ഞി. കഴിഞ്ഞ കുറച്ചു വർഷങ്ങളായി സാന്താ ക്ലോസിന്‍റെ രൂപം വെടിഞ്ഞ പപ്പാഞ്ഞി അതിന്‍റെ തനത് രൂപത്തിലേക്കും മറ്റ് ഫാൻസി രൂപങ്ങളിലേക്കും തിരികെ വന്നു കൊണ്ടിരിക്കുകയാണ്.
പോർച്ചുഗീസിൽ നിന്ന് ഉദ്ഭവിച്ച പപ്പാഞ്ഞി എന്ന വാക്കിന്‍റെ അർത്ഥം മുത്തശ്ശൻ എന്നാണ്. 1503 മുതൽ 1663 വരെ ഫോർട്ട് കൊച്ചി പോർച്ചുഗീസുകാരുടെ അധീനതയിലായിരുന്നു. അന്ന് കൊച്ചി രാജാവിന്റെ അനുമതിയോടെ അവർ പണിത കോട്ടയാണ് ഇമ്മാനുവൽ കോട്ട അഥവാ ഫോർട്ട് ഇമ്മാനുവൽ. ഇന്ത്യയിലെ ആദ്യ യൂറോപ്യൻ കോട്ടകളിൽ ഒന്നാണിത്. കോട്ടയിൽ നടന്നുവന്ന പശ്ചാത്യ രീതിയിലുള്ള പുതുവർഷാഘോഷങ്ങളിൽ നിന്ന് പ്രചോദനമുൾക്കൊണ്ടാണ് കൊച്ചിയിൽ പാപ്പാഞ്ഞിയെ കത്തിക്കൽ ആരംഭിച്ചതെന്നാണ് കരുതുന്നത്.
അതേസമയം പാപ്പാഞ്ഞിയെ കത്തിക്കൽ ജൂതസംസ്കാരത്തിന്‍റെ ഭാഗമാണ് എന്ന അഭിപ്രായവുമുണ്ട്. യവനപ്പടയെ തോൽപ്പിച്ച് ഇസ്രയേലുകാർ തങ്ങളുടെ നാട് വീണ്ടെടുത്ത ശേഷം ഗ്രീക്ക് പടത്തലവൻ ബഗറീസിനെ ജീവനോടെ കത്തിച്ചതിന്റെ ഓർമപുതുക്കലാണ് പപ്പാഞ്ഞിയെ കത്തിക്കലായി മാറിയതെന്നും കരുതപ്പെടുന്നു.
ഒരു വർഷത്തിന്‍റെ അവസാനവും പുതു വർഷത്തിന്‍റെ ആരംഭവുമാണ് പപ്പാഞ്ഞിയെ കത്തിക്കൽ. മൈതാനത്ത് കെട്ടിയുയർത്തിയ പാപ്പാഞ്ഞി രൂപത്തെ കത്തിക്കുന്നതിലൂടെ പിന്നിടുന്ന വർഷത്തെ വേദനകളും ദുരിതങ്ങളുമാണ് എരിച്ചുകളയുന്നുവെന്നാണ് സങ്കല്‍പം. ഡിസംബർ 31ന് രാത്രി 12 മണിക്കാണ് പപ്പാഞ്ഞിയെ കത്തിക്കുന്നത്. 1980 കൾ മുതൽ കൊച്ചിൻ കാർണിവലിന്‍റെ ഭാഗമാണ് പപ്പാഞ്ഞിയെ കത്തിക്കൽ.
Who is Pappanji and the story behind the pappanji burning ceremony in kochin carnival.