വയനാട് അമ്പലവയല്‍ കാര്‍ഷിക ഗവേഷണ കേന്ദ്രത്തില്‍ നടക്കുന്ന പൂപ്പൊലി രാജ്യാന്തര പുഷ്പമേള ശ്രദ്ധേയമാകുന്നു. ഫല–പുഷ്പ പ്രദര്‍ശനങ്ങള്‍ക്കൊപ്പം കൃഷി, മൂല്യവര്‍ദ്ധിത ഉല്‍പ്പനങ്ങളുടെ നിര്‍മാണം തുടങ്ങിയ മേഖലകളില്‍ വിവിധ സെമിനാറുകളും പൂപ്പൊലിയില്‍ ഒരുക്കിയിട്ടുണ്ട്. വൈകുന്നേരങ്ങളിലെ ദീപാലങ്കാരങ്ങളും കലാപ്രകടനങ്ങളും കാണാന്‍ നിരവധി ആളുകളാണ് മേളയില്‍ എത്തുന്നത്.
വയനാടിന്‍റെ ധനുമാസ കുളിരില്‍ വിരിഞ്ഞു നിറഞ്ഞ് നില്‍ക്കുകയാണ് പൂപ്പൊലി മൈതാനം. നിറക്കാഴ്ചകള്‍ കാണാനും കുടുംബത്തോടും കൂട്ടുകാരോടുമൊപ്പം സമയം ചിലവിടാനും നിരവധിയാളുകളാണ് അമ്പലവയലില്‍ എത്തുന്നത്. ജനുവരി ഒന്ന് മുതല്‍ പതിനഞ്ച് വരെയാണ് പുഷ്പമേള. സ്വദേശിയും വിദേശിയുമായ നിരവധി പുഷ്പങ്ങള്‍ മേളയില്‍ ഇടം പിടിച്ചിട്ടുണ്ട്. പൂക്കള്‍ ഉപയോഗിച്ചുള്ള കൂറ്റന്‍ ഇന്‍സ്റ്റലേഷനുകളും ആകര്‍ഷണമാണ്. വൈകുന്നേരങ്ങളില്‍ മേളയില്‍ തിരക്കേറും.
കാലാവസ്ഥ വ്യതിയാനത്തിന്‍റെ ബുദ്ധിമുട്ടുകളും മേളയില്‍ പ്രകടമാണ്. ചിലയിനം ചെടികളില്‍ പ്രതീക്ഷിച്ച അളവില്‍ പുഷ്പങ്ങളില്ല. ധനുമാസത്തില്‍ പതിവില്ലാത്ത മഴയും ആളുകളുടെ എണ്ണത്തില്‍ കഴിഞ്ഞവര്‍ഷത്തെ അപേക്ഷിച്ച് കുറവ് വരുത്തിയിട്ടുണ്ട്. വരും ദിവസങ്ങളില്‍ കൂടുതല്‍ ആളുകള്‍ പൂപ്പൊലി കാണാന്‍ എത്തുമെന്നാണ് സംഘാടകരുടെ പ്രതീക്ഷ.