cheetah-kuno

മധ്യപ്രദേശിലെ കുനോ ദേശീയോദ്യാനത്തില്‍ വീണ്ടും മൂന്നു ചീറ്റ കുഞ്ഞുങ്ങൾ കൂടി. കേന്ദ്ര വനം-പരിസ്ഥിതി മന്ത്രി  ഭൂപേന്ദ്ര യാദവാണ് സന്തോഷ വാർത്ത സോഷ്യൽമീഡിയയിലൂ‌െ പങ്കുവച്ചത്.ചീറ്റ കുഞ്ഞുങ്ങളുടെ ‌വീഡിയോയും മന്ത്രി പോസ്റ്റ് ചെയ്തു. ജ്വാല എന്ന ചീറ്റപ്പുലിയാണ് പ്രസവിച്ചത്. കുറച്ച് ആഴ്ചകൾക്കു മുൻപ് ആശ എന്ന ചീറ്റയും മൂന്നു കു‍ഞ്ഞുങ്ങൾക്ക് ജന്മം നൽകിയിരുന്നു. 

'കുനോയുടെ പുതിയ കുഞ്ഞുങ്ങൾ! ജ്വാല എന്ന് പേരിട്ടിരിക്കുന്ന നമീബിയൻ ചീറ്റ മൂന്ന് കുഞ്ഞുങ്ങൾക്ക് ജന്മം നൽകി. നമീബിയൻ ചീറ്റ ആശ തന്റെ കുഞ്ഞുങ്ങൾക്ക് ജന്മം നൽകിയതിന് തൊട്ടുപിന്നാലെയാണിത്..'എന്ന കുറിപ്പോടെയാണ് വിഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. 

ദിവസങ്ങൾക്ക് മുൻപ് കുനോ ദേശീയോദ്യാനത്തിൽ നമീബിയയിൽ നിന്ന് കൊണ്ടുവന്ന ശൗര്യ എന്ന ചീറ്റ ചത്തിരുന്നു. ഇതിൻറെ ദുഃഖത്തിലായിരുന്നു ജീവനക്കാർ. എന്നാൽ ജ്വാലയു‌‌ടെ കുഞ്ഞുങ്ങൾ എത്തിയതോടെ ദേശീയോദ്യാനത്തിൽ ‌ഏവരും സന്തോഷത്തിലാണ്. കുനോ ദേശീയ ഉദ്യാനത്തിൽ ഇതുവരെ ഏഴ് മുതിർന്ന ചീറ്റകളും മൂന്ന് കുഞ്ഞുങ്ങളുമാണ് ചത്തത്. രണ്ടുബാച്ചുകളിലായി 20 ചീറ്റകളാണ് രാജ്യത്തെത്തിയത്. 2022-ല്‍ എട്ടുചീറ്റകളടങ്ങുന്ന ആദ്യ ബാച്ചെത്തി. 12 ചീറ്റകള്‍ ഉള്‍പ്പെടുന്ന രണ്ടാമത്തെ ബാച്ച് ദക്ഷിണാഫ്രിക്കയില്‍ നിന്ന് ഫെബ്രുവരി 2023-ലാണെത്തിച്ചത്.

Cheetah named Jwala has given birth to three cubs