കുനോ ദേശീയ പാർക്കിൽ ജനിച്ച ചീറ്റക്കുഞ്ഞുങ്ങൾ ചത്തു. ദക്ഷിണാഫ്രിക്കയിൽ നിന്ന് കൊണ്ടുവന്ന നിർവയുടെ മക്കളാണ് ജനിച്ച് രണ്ടാം ദിവസം ചത്തുപോയത്. ഇതേപ്പറ്റി ദേശീയ പാർക്ക് അധികൃതർ അന്വേഷണം തുടങ്ങി. അമ്മച്ചീറ്റ കൂട്ടിൽ നിന്ന് മാറിയതിന് പിന്നാലെ ഉദ്യോഗസ്ഥരെത്തി പരിശോധിച്ച് മരണം സ്ഥിരീകരിച്ചു. ദൃശ്യങ്ങളും പകർത്തി. ചീറ്റക്കുഞ്ഞുങ്ങളുടെ പോസ്റ്റുമോർട്ടം വൈകാതെ നടത്തും. മരണ കാരണം വ്യക്തമായിട്ടില്ല.
ചീറ്റ പ്രൊജക്ടിൻ്റെ ഭാഗമായി 2022 ൽ ദക്ഷിണാഫ്രിക്കയിൽ നിന്നെത്തിച്ച നിർവ ആഴ്ചകൾക്ക് മുമ്പാണ് ഗർഭലക്ഷണങ്ങൾ പ്രകടിപ്പിച്ചത്. തുടർന്ന് വനംഉദ്യോഗസ്ഥരുടെ നിരീക്ഷണത്തിൽ ആയിരുന്നു. പ്രസവം കഴിഞ്ഞ് നിർവ കൂട്ടിൽ നിന്ന് മാറിയപ്പോൾ എത്ര കുഞ്ഞുങ്ങളുണ്ടെന്ന് ഉറപ്പിക്കാൻ എത്തിയ ഉദ്യോഗസ്ഥർക്ക് കടുത്ത നിരാശയാണ് ലഭിച്ചത്. ചീറ്റകളുടെ ആദ്യ പ്രസവത്തിൽ കുഞ്ഞുങ്ങൾ ചത്തുപോയേക്കാമെന്നും എന്നാൽ ഇവിടെ എന്താണ് സംഭവിച്ചത് എന്നതിൽ വ്യക്തത ഇല്ലെന്നും വൈൽഡ് ലൈഫ് വാർഡൻ അറിയിച്ചു.
12 കുഞ്ഞുങ്ങൾ ഉൾപ്പെടെ 24 ചീറ്റകളാണ് കുനോയിൽ കഴിഞ്ഞ 12 വർഷത്തിനിടെ കൂടൊരുക്കി പാർപ്പിച്ചിരുന്നത് . ഇതിൽ മൂന്നെണ്ണത്തെ കഴിഞ്ഞ ഓഗസ്റ്റിലാണ് സംരക്ഷിത മേഖലയിലേക്ക് മാറ്റിയത്. എന്നാൽ കഴുത്തിലും പിൻഭാഗത്തും മുറിവുകളുണ്ടായി രക്തദൂഷ്യം സംഭവിക്കുകയും മുറിവിൽ പുഴുവരിക്കുകയും ചെയ്തതോടെ കഴിഞ്ഞ മാസം ഇവ ചത്തു. കുനോയിൽ സ്വൈര്യമായി ചീറ്റകൾക്ക് വിഹരിച്ച് നടക്കാൻ പാകത്തിലാണ് പ്രൊജക്ട് തയ്യാറാക്കിയെങ്കിലും ഭൂരിഭാഗം ചീറ്റകളും കൂടിനുള്ളിലാണ് കഴിയുന്നത്. ചീറ്റകളുടെ ആരോഗ്യസ്ഥിതി പരിശോധിച്ച ശേഷം ദേശീയ കടുവ സംരക്ഷണ അതോറിറ്റി അനുവാദം നൽകുന്ന മുറയ്ക്ക് മാത്രമേ ഇവയെ വനത്തിലേക്ക് തുറന്ന് വിടാറുള്ളൂ.