കോഴിക്കോടിന്റെ കിഴക്കന്‍ മലയോരത്തിന് സിനിമയുടെ മായക്കാഴ്ചകള്‍ സമ്മാനിച്ച് മടങ്ങിയ കെ.ഒ.ജോസഫെന്ന മുക്കത്തിന്റെ പ്രിയപ്പെട്ട കുഞ്ഞേട്ടന്‍ അന്ത്യാഞ്ജലി. മുക്കത്തെ തിയറ്റര്‍ സമുച്ചയം മുതല്‍ കോഴിക്കോട്ടെ കോറണേഷൻ ഉൾപ്പെടെ ജനപ്രിയ തിയറ്ററുകളുടെ ഉടമയാണ് തിയറ്റർ കെട്ടിടത്തിൽ കാൽത്തെന്നിവീണ് ദാരുണാന്ത്യം സംഭവിച്ച ജോസഫ്. അഭിലാഷ് കുഞ്ഞേട്ടൻ എന്നറിയപ്പെടുന്ന മുക്കം കിഴുക്കാരകാട്ട് കെ.ഒ. ജോസഫ്, തിയേറ്ററുകൾ മികച്ച നിലവാരത്തിലെത്തിച്ച് സിനിമാസ്വാദകരുടെ സുഹൃത്തായി മാറി. എഴുപതുകളുടെ അവസാനം ഒറ്റ തിയറ്ററില്‍ തുടങ്ങിയ കുഞ്ഞേട്ടന്റെ സിനിമകള്‍ക്കൊപ്പമുള്ള ജീവിതം ഇന്നെത്തി നില്‍ക്കുന്നത് പത്തോളം എ ക്ലാസ് സ്ക്രീനുകളിലാണ്. അപ്രതീക്ഷിതമായുള്ള കുഞ്ഞെട്ടന്റെ വിയോഗത്തില്‍ തേങ്ങുകയാണ് കോഴിക്കോടിന്റെ മലയോരം ഒന്നാകെ.
വർഷം 1979, കോഴിക്കോട്ടെ മലയോര ജനത സിനിമ കാണാൻ നഗരത്തിലേക്ക് വണ്ടികയറേണ്ടിരുന്ന കാലത്ത് അവർക്കുമുന്നിൽ ഉയർന്ന വെള്ളിത്തിരയായിരുന്നു മുക്കത്തെ അഭിലാഷ് തിയേറ്റർ. തീയേറ്ററിന്റെ ഉടമ കിഴുക്കാരകാട്ട് കെ.ഒ. ജോസഫ് അങ്ങനെ നാട്ടുകാരുടെ പ്രിയപ്പെട്ട അഭിലാഷ് കുഞ്ഞേട്ടനായി. റോസ്, ലിറ്റിൽ റോസ്, അന്നാസ് മുക്കത്ത് മൂന്ന് തിയേറ്ററുകൾകൂടി തുടങ്ങി അദ്ദേഹം. കോഴിക്കോട്ടെ കൊറനേഷൻ മൾട്ടിപ്ലക്സും ഏറ്റെടുത്തു. തിയറ്ററുകൾക്കായ് ജീവിച്ച ജോസഫിന്റെ അന്ത്യയാത്രയും ഒരു തിയേറ്ററിൽനിന്നായത് യാദൃശ്ചികം.
ഇന്നലെ രാത്രി മലപ്പുറം ചങ്ങരംകുളത്ത് സുഹൃത്തിന്റെ നിർമ്മാണം നടക്കുന്ന തിയേറ്റർ കെട്ടിടം സന്ദർശിക്കവേ പടിയിൽ കാൽതെന്നി തലയിടിച്ചു വീഴുകയായിരുന്നു. തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പുലർച്ചെ രണ്ടുമണിയോടെയാണ് അന്ത്യം. 74 വയസായിരുന്നു.
ആധുനിക പ്രൊജക്ഷൻ, ശബ്ദവിന്യാസ സംവിധാനങ്ങളൊരുക്കി സിനിമ പൂർണതയോടെ പ്രേക്ഷകരിലേക്കെത്തിക്കാൻ ജോസഫ് ശ്രദ്ധപുലർത്തിയിരുന്നു. തിയേറ്റർ രംഗം പ്രതിസന്ധി നേരിട്ട കാലത്തും ജോസഫ് അനുഭവസമ്പത്തുകൊണ്ട് അവ തരണം ചെയ്തു.
1979ലാണ് മുക്കം അങ്ങാടിയില്‍ അഭിലാഷ് എന്ന പേരില്‍ കുഞ്ഞേട്ടന്‍ ആദ്യ തിയറ്റര്‍ തുടങ്ങുന്നത്. നടന്‍ മധുവായിരുന്നു ഉദ്ഘാടകന്‍. സിനിമാ മേഖലയിലെ പ്രമുഖരുമായുള്ള ചങ്ങാത്തം കാരണം പുതിയ സിനിമകളെ അതിവേഗം മുക്കത്ത് എത്തിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു.
രണ്ടായിരം കഴിഞ്ഞതോടെ മുക്കം എ ക്ലാസ് തിയറ്ററായി ഉയരുകയും ചെയ്തു. റിലീസിങ് സെന്ററായി മാറിയതോടെ തിയറ്ററുകളുടെ എണ്ണവും സ്ക്രീനുകളുടെ എണ്ണവും കൂടി. റിലീസ് സിനിമകള്‍ കാണാന്‍ കോഴിക്കോട്ടേക്ക് പോകേണ്ടി വന്ന മലയോര ജനത ഇതോടെ മുക്കത്ത് തമ്പടിച്ചു. മുക്കത്ത് സിനിമയുടെ കാഴ്ചക്കാരുടെ എണ്ണവും ഇതോടെ കൂടി. മൂക്കത്ത് പ്രവര്‍ത്തിക്കുന്ന സലാം കാരശേരി മെമ്മോറിയല്‍ ഫിലിം സൊസൈറ്റിയുടെ മുഖ്യ രക്ഷാധികാരിയായിരുന്നു അന്തരിച്ച കുഞ്ഞേട്ടന്‍.
സംസ്കാര ചടങ്ങുകൾ നാളെ(ഫെബ്രുവരി 1ന്) ഉച്ചയ്ക്ക് 2.30 ന് മുക്കം മുത്തേരിയിലെ വീട്ടില്‍ തുടങ്ങും. മുക്കം സേക്രഡ് ഹാർട്ട് ചർച്ചിൻ്റെ കല്ലുരുട്ടി യിലെ സെമിത്തേരിയിലാണ് സംസ്കാരം. ഭാര്യ: സിസിലി ജോസഫ് മുണ്ടന്താനം
മക്കൾ: സിജോ ജോസഫ്, സന്ദീപ് ജോസഫ്, ഡോ: സജീഷ് ജോസഫ്( അഭിലാഷ് ഡെൻ്റൽ കെയർ, മുക്കം), ജസീന ജോസഫ് (അധ്യാപിക, രാജഗിരി കോളേജ് എറണാകുളം). മരുമക്കൾ: ബിജോയ് പോത്തൻ നെടുംപുറം ( സീനിയർ മാനേജർ, ശോഭ ലിമിറ്റഡ് തൃശൂർ), അനീറ്റ ജേക്കബ് കരിപ്പാ പറമ്പിൽ മണ്ണാർക്കാട്, ഡോ: സൗമ്യ മാനുവൽ ചീരാൻ കുഴിയിൽ കണ്ണൂർ.
Life of KO Joseph Mukkam