ഏറ്റവുമധികം സമയം ഗെയിം കളിച്ച് ഗിന്നസ് റെക്കോഡില്‍ ഇടം പിടിച്ചിരിക്കുകകയാണ് ഹംഗറിയില്‍ നിന്നുള്ള ബർണബാസ് വുജിറ്റി-സൊൾനേയ് . ഒന്നും രണ്ടുമല്ല 59 മണിക്കൂറും 20 മിനിറ്റും തുടര്‍ച്ചയായി ഓൺലൈൻ ഗെയിം കളിച്ചാണ് ഈ വിരുതന്‍ റെക്കോഡ് നേട്ടം സ്വന്തമാക്കിയത്.
വേൾഡ് ഓഫ് വാർക്രാഫ്റ്റ് ഉള്‍പ്പെടെയുള്ള എംഎംഒആർപിജി ഗെയിമുകളാണ് ഹംഗറിയിലെ അറിയപ്പെടുന്ന ഷെഫ് ആയ ബർണബാസ് രണ്ടര ദിവസം തുടർച്ചയായ കളിച്ചത്. ചെറുപ്പകാലം മുതല്‍ തന്നെ ഓണ്‍ലൈന്‍ ഗെയിമുകളില്‍ തല്‍പരനായിരുന്ന ഇദ്ദേഹം 23 മണിക്കൂര്‍ 31 മിനിറ്റ് എന്ന മുൻ റെക്കോർഡാണ് തകര്‍ത്തത്. ബർണബാസിന്‍റെ റെക്കോർഡിനായുള്ള പരിശ്രമം ലൈവ് സ്ട്രീം ചെയ്യുകയും അതില്‍ നിന്നുള്ള എല്ലാ വരുമാനവും ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി സംഭാവന ചെയ്യുകയും ചെയ്തു.
തുടർച്ചയായ ഓരോ മണിക്കൂറിനും ശേഷം അഞ്ച് മിനിറ്റ് വിശ്രമിക്കും. ഭക്ഷണം കഴിക്കാനും ശുചിമുറിയില്‍ പോകാനും ഉറങ്ങാനും വേണ്ടി ഈ ഇടവേളകള്‍ ഉപയോഗിക്കും. രണ്ടര ദിവസത്തെ തുടർച്ചയായ ഗെയിമിങ്ങിനിടെ ഏകദേശം 15 ലിറ്റർ വെള്ളം കുടിച്ചതായി അദ്ദേഹം വെളിപ്പെടുത്തി. ഒരിക്കല്‍ പോലും ചായ, കോഫി തുടങ്ങിയ കഫെയ്ന്‍ പാനീയങ്ങള്‍ കുടിക്കാന്‍ തോന്നിയിട്ടില്ലെന്നും ബർണബാസ് പറഞ്ഞു.
ദീര്‍ഘനേരം ഗെയിം കളിക്കുന്നത് തന്‍റെ ഹോബിയാണ്. മിക്ക ദിവസവും 10 മണിക്കൂറോളം ഗെയിം കളിക്കാറുണ്ടെന്നും അവധിദിവസങ്ങളില്‍ 16 മണിക്കൂറും ഗെയിം കളിക്കുന്ന് തന്‍റെ പതിവാണെന്നും ബർണബാസ് പറഞ്ഞു. എന്നാല്‍ റെക്കോഡ് നേടാനുള്ള പരിശ്രമത്തിനിടെ 30 മണിക്കൂർ കളിച്ചതിന് ശേഷം ബോറടിക്കാന്‍ തുടങ്ങിയെന്നും 45 മണിക്കൂറിന് ശേഷം ഹാലൂസിനേഷന്‍ അനുഭവപ്പെട്ടുവെന്നും ബർണബാസ് വ്യക്തമാക്കി.
Man Breaks World Record With 59-Hour Online Game Marathon