സുസ്ഥിരതാ സന്ദേശമുയർത്തി സഞ്ചികളിൽ ചിത്രങ്ങളൊരുക്കി ഗിന്നസ് നേട്ടം സ്വന്തമാക്കി വിദ്യാർഥികൾ. പെയ്സ് എജ്യുക്കേഷൻ ഗ്രൂപ്പിലെ വിദ്യാർഥികളാണ് ഷാർജയിലെ ഇന്ത്യാ ഇൻ്റർ നാഷനൽ സ്കൂൾ അങ്കണത്തിൽ റെക്കോർഡ് ഇട്ടത്.
സുസ്ഥിരതയുടെയും പാരിസ്ഥിതികാവബോധത്തിന്‍റെയും സന്ദേശം ഉയർത്തി, തുണിസഞ്ചിയിൽ ഇഷ്ടനിറങ്ങളിൽ ചിത്രങ്ങളൊരുക്കിയാണ് വിദ്യാർഥികൾ പുതിയ റെക്കോർഡ് സ്വന്തമാക്കിയത്. ഇതിനായി ഇന്ത്യ ഇന്റർനാഷണൽ സ്കൂൾ അങ്കണത്തിൽ പതിനായിരത്തി മുന്നൂറ്റി നാൽപത്തിയാറ് കുട്ടികൾ അണിനിരന്നു. ഒരേ സമയം ഒരിടത്ത് ഒരുമിച്ചിരുന്ന് ചിത്രങ്ങളൊരുക്കിയാണ് ഗിന്നസ് ബുക്ക് ഓഫ് റെക്കോർഡിൽ ഇടം നേടിയത്.
ഇന്ത്യാ ഇന്റർനാഷണൽ സ്ക്കൂൾ ഷാർജയിലെ കുട്ടികൾക്ക് പുറമെ ഗൾഫ് ഏഷ്യൻ ഇംഗ്ലീഷ് സ്കൂൾ ഷാർജ, പെയ്സ് ഇന്റർനാഷണൽ സ്ക്കൂൾ ഷാർജ ഡി പി എസ് സ്കൂൾ അജ്മാൻ, പെയ്സ് ബ്രിട്ടിഷ് സ്ക്കൂൾ ഷാർജ എന്നീ സ്കൂളുകളിലെ വിദ്യാർഥികളും പരിപാടിയുടെ ഭാഗമായി. ഭൂമിയെ പ്ലാസ്റ്റിക് മുക്തവും പരിസ്ഥി സൗഹൃദവുമാക്കി ഭാവിതലമുറയക്കായി സംരക്ഷിക്കുക എന്ന് ലക്ഷ്യത്തോടെയാണ് ഇത്തരമൊരു പരിപാടി ഒരുക്കിയതെന്നും ഗിന്നസ് നേട്ടത്തിൽ അഭിമാനമുണ്ടെന്നും സ്കൂൾ അധികൃതർ അറിയിച്ചു.
ഗിന്നസ് റെക്കോർഡ് ലഭിച്ചത്തിന്റെ ആവേശത്തിലായിരുന്നു കുട്ടികളും. പെയ്സ് എജ്യുക്കേഷൻ ഗ്രൂപ്പിന്റെ എട്ടാമത്തെ ഗിന്നസ് നേട്ടമാണിത്.