വാലന്റൈന്‍സ് വീക്കിലെ പ്രധാന ദിനം...കിസ് ഡേ. ആയിരം വാക്കുകള്‍ക്ക് പറയാനാവാത്തത് ഒരു ചുംബനത്തിന് കഴിയുമെന്നാണ്. അതുകൊണ്ട് തന്നെ വാലന്റൈന്‍സ് വീക്കിലെ അവസാന ദിനം വാക്കുകളേക്കാള്‍ വാചാലമാണ്.
ലോകം മുഴുവന്‍ ഒരു ചുംബനത്തിന്റെ ചൂടിലേക്ക് ചുരുങ്ങുന്ന ദിവസം. കിസ് ഡേ. ഉള്ളിലെ പ്രണയച്ചൂടത്രയും വാചാലമാകുന്ന ദിനം. വികാരങ്ങള്‍ വാക്കുകളേക്കാള്‍ സമ്മാനങ്ങളേക്കാള്‍ അര്‍ഥവത്താകുന്ന ദിനം. ബന്ധത്തില്‍ സുരക്ഷിതരാണെന്ന ഉറപ്പിനെ വൈകാരികമായ അഭിനിവേശ ജ്വാലകള്‍ കൊണ്ട് പൊതിഞ്ഞുപിടിക്കുക എന്നതാണ് ചുംബന ദിനം കൊണ്ട് ഉദ്ദേശിക്കുന്നത്. ഉള്ളിലുറങ്ങുന്ന പ്രണയക്കനവുകളെ ഉമ്മകള്‍ കൊണ്ട് മെല്ലെയുണര്‍ത്തുമ്പോള്‍ പ്രണയിതാക്കള്‍ പരസ്പരം ആഴത്തിലൊന്നിക്കുകയാണ്. ഇത് ശാസ്ത്രീയമായി തെളിയിക്കപ്പെട്ട ഒന്നാണ്്ട്ടോ. സൈക്കോളജി ടുഡേ നടത്തിയ ഒരു പഠനത്തില്‍ കണ്ടത് പ്രണയത്തിലായി കഴിഞ്ഞ് ചുംബനങ്ങള്‍ ഏറെ നല്‍കിയവരുടെ മാനസിക നിലയില്‍ കാര്യമായ വ്യതിയാനമുണ്ടത്രേ. അവരില്‍ രക്തസമ്മര്‍ദം ശരിയായ നിലയിലായിരിക്കും. സുരക്ഷിതബോധം, പ്രസരിപ്പ് , സംതൃപ്തി തുടങ്ങിയ വികാരങ്ങള്‍ ഏറെ ശക്തിപ്പെട്ടിരിക്കുന്നു എന്നാണ് കണ്ടെത്തല്‍. ചുംബനം ഒരു കോര്‍ട്ട്ഷിപ്പിന്റെ വിശാലരൂപമാണെന്ന് പരിണാമസിദ്ധാന്തത്തില്‍പ്പോലുമുണ്ട്.
വിശ്വസിച്ചാവും ഇല്ലെങ്കിലും അത്രമേല്‍ തരളിതമായൊരു വികാരം തന്നെയാണ് ചുംബനം.വെറുതെയാണോ കവികള്‍ക്കും എഴുത്തുകാര്‍ക്കും ചുംബനം ഇഷ്ടവിഷയമായത്. ചുംബിക്കുന്നത് ഒരു കലയാണെന്ന് എഴുതി ജര്‍മ്മന്‍ കവയിത്രി സില്‍വിയ ചിഡി. ഡേവിഡ് കേയ്ഗ് എഴുതി, നീ കവിളില്‍ ചുംബനം കൊണ്ടെഴുതി ഞാന്‍ ഇവിടെയുണ്ട്...മലയാളത്തിന്റെ പ്രിയ എഴുത്തുകാരി മാധവിക്കുട്ടി പരിഭവിച്ചെഴുതി എത്ര പഠിപ്പിച്ചിട്ടും ചുംബിക്കാന്‍ പഠിക്കാത്ത കാമുകനെപ്പറ്റി. അങ്ങനെ ലോകത്തിനാകെ പ്രിയങ്കരമായ സ്വകാര്യതയാണ് ചുംബനം.