സീറോ എമിഷൻ പദ്ധതികളുടെ ഭാഗമായി പെട്രോള്‍, ഡീസല്‍ കാറുകളുടെ ഇറക്കുമതി നിര്‍ത്തലാക്കി എത്യോപ്യ. ഇലക്ട്രിക് കാറുകള്‍ അല്ലാത്ത എല്ലാ കാറുകളുടെയും ഇറക്കുമതി നിര്‍ത്തലാക്കുന്നതായി രാജ്യത്തെ ഗതാഗത, ലോജിസ്റ്റിക്സ് മന്ത്രി അലെമു സൈം ജനുവരി 30 ന് പ്രഖ്യാപിച്ചു. ഇത്തരത്തില്‍ പെട്രോള്‍, ഡീസല്‍ കാറുകള്‍ നിരോധിക്കുന്ന ലോകത്തെ ആദ്യ രാജ്യമാണ് എത്യോപ്യ.
പരിമിതമായ വിദേശ വിനിമയം കാരണം പെട്രോൾ ഇറക്കുമതി ചെയ്യാൻ എത്യോപ്യയ്ക്ക് കഴിയാത്തതാണ് ഈ തീരുമാനത്തിന്‍റെ പ്രധാന കാരണമെന്നും മന്ത്രി പറഞ്ഞു. പുതിയ നയം എപ്പോൾ പ്രാബല്യത്തിൽ വരുമെന്ന് വ്യക്തമല്ല. രാജ്യത്ത് പെട്രോള്‍, ഡീസല്‍, ഇലക്ട്രിക് വാഹനങ്ങള്‍ നിര്‍മിക്കുകയും കയറ്റുമതി ചെയ്യുകയും ചെയ്യുന്ന ഹ്യുണ്ടായ് , നിസ്സാൻ , ഇസുസു, ഫോക്‌സ്‌വാഗൺ തുടങ്ങിയ കാർ നിർമ്മാതാക്കള്‍ക്ക് പുതിയ തീരുമാനം ആശങ്ക സൃഷ്ടിക്കുന്നുണ്ട്. ഇറക്കുമതിക്ക് പിന്നാലെ രാജ്യത്ത് മുഴുവനായും പെട്രോള്‍, ഡീസല്‍ കാറുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയാല്‍ വാഹന നിര്‍മാതാക്കളെ ഇത് പ്രതിസന്ധിയിലാക്കും.
കഴിഞ്ഞ വർഷം ഫോസിൽ ഇന്ധന ഇറക്കുമതിക്കായി മാത്രം രാജ്യം ഏകദേശം 6 ബില്യൺ ഡോളറാണ് (ഏകദേശം 49,800 കോടി രൂപ) ചെലവഴിച്ചത്. ഇത്തരത്തില്‍ ചെലവ് ഒഴിവാക്കുകയാണ് പ്രധാന ലക്ഷ്യം. ഇവി ചാർജിംഗ് ഇൻഫ്രാസ്ട്രക്ചർ ഉള്‍പ്പെടെയുള്ള തടസ്സങ്ങൾ ഉണ്ടെങ്കിലും ചാർജിംഗ് സ്റ്റേഷനുകൾ സ്ഥാപിച്ച് ഈ വെല്ലുവിളികളെ നേരിടാൻ സർക്കാർ സജീവമായി പ്രവർത്തിക്കുന്നുണ്ടെന്ന് സൈം ഉറപ്പുനൽകി. പെട്രോള്‍, ഡീസല്‍ വാഹനങ്ങളെ അപേക്ഷിച്ച് ഇലക്ട്രിക് വാഹനങ്ങളാണ് എത്യോപ്യയ്ക്ക് കൂടുതല്‍ അനുയോജ്യമെന്ന് മന്ത്രി പറയുന്നു. ഹരിതവികസനത്തെ പിന്തുണയ്ക്കുന്ന രാജ്യമാണ് എത്യോപ്യയെന്നും രാജ്യത്ത് ഇന്ധനത്തേക്കാൾ വൈദ്യുതിയുടെ വില കുറവാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. 2022-ൽ, 4,800 ഇലക്ട്രിക് ബസുകളും 1,48,000 ഇലക്ട്രിക് കാറുകളും ഇറക്കുമതി ചെയ്യുന്നതിനും ഇവികളുടെ വാറ്റ്, സർടാക്സ്, എക്സൈസ് നികുതി എന്നിവ കുറയ്ക്കുന്നതിനുമുള്ള പദ്ധതി മന്ത്രാലയം നടപ്പാക്കിയിരുന്നു.
ആഫ്രിക്കൻ ഭൂഖണ്ഡത്തിലെ ഏറ്റവും ജനസംഖ്യയുള്ള രണ്ടാമത്തെ രാഷ്ട്രമാണ് എത്യോപ്യ. 1.2 കോടിയിലധികമാണ് രാജ്യത്തെ ജനസംഖ്യ. അത്തരം ഒരു രാജ്യത്തില്‍ പെട്രോള്‍, ഡീസല്‍ വാഹനങ്ങള്‍ നിരോധിക്കുന്നത് മറ്റ് രാജ്യങ്ങളെയും സ്വാധീനിക്കും. കിഴക്കൻ ആഫ്രിക്കയിലെ ആദ്യത്തെ ഇ.വി നിർമ്മാണ പ്ലാന്‍റുമായി 2023 നവംബറിൽ തന്നെ ബി.വൈ.ഡി കമ്പനി രാജ്യത്ത് എത്തിയിരുന്നു. ഇതിനു പിന്നാലെ ഇനി മറ്റ് കമ്പനികളും രാജ്യത്തേക്ക് ചുവടുവെക്കുമെന്നാണ് പ്രതീക്ഷ.
Ethiopia bans import of petrol, diesel cars