ആശിച്ച് മോഹിച്ചു വാങ്ങിയ ഇലക്ട്രിക് സ്കൂട്ടര്‍ ഒറ്റ മാസം കൊണ്ട് മുട്ടന്‍ പണി കൊടുത്തതോടെ തല്ലിപ്പൊട്ടിച്ച് കലിപ്പ് തീര്‍ത്ത് ഉടമ. ഇലക്ട്രിക് സ്കൂട്ടര്‍ ഷോറൂമിന്‍റെ മുന്നിലിട്ടാണ് ഉടമ തല്ലിത്തകര്‍ത്തത്. ഇതിന്‍റെ വിഡിയോ സമൂഹമാധ്യമത്തില്‍ വൈറലായി. വാങ്ങി ഒരു മാസത്തിനകം 90,000 രൂപയാണ് സ്കൂട്ടറിന്‍റെ സര്‍വീസ് ചാര്‍ജായി വന്നത്.
ഇത്രയും തുക ബില്‍ വന്നതോടെ ഉടമ സ്കൂട്ടര്‍ തല്ലിത്തകര്‍ത്ത് ദേഷ്യം തീര്‍ത്തു. വലിയ ചുറ്റിക കൊണ്ടാണ് ഇയാള്‍ സ്കൂട്ടര്‍ തകര്‍ത്തത്. സ്ഥമേതാണെന്ന് വിഡിയോയില്‍ വ്യക്തമല്ല. സമൂഹമാധ്യമത്തില്‍ പലരും സ്റ്റാന്‍ഡ്അപ്പ് കോമേഡിയന്‍ കുനാല്‍ കുമ്രയെ ടാഗ് ചെയ്താണ് വിഡിയോ ഷെയര്‍ ചെയ്യുന്നത്.
ഇലക്ട്രിക് സ്കൂട്ടറുകള്‍ ഓടുന്നതിനിടയിലും ചാര്‍ജ് ചെയ്യുമ്പോഴും എന്തിനേറെ നിര്‍ത്തിയിടുമ്പോള്‍ പോലും തീപിടിക്കുന്ന വാര്‍ത്തകള്‍ പതിവായിരുന്നു. ഇപ്പോഴിതാ ഇത്രയും ഉയര്‍ന്ന സര്‍വീസ് ചാര്‍ജെന്ന വാര്‍ത്തയും. വിഷയത്തില്‍ കമ്പനിയുടെ ഭാഗത്തുനിന്ന് വ്യക്തമായ പ്രതികരണമൊന്നും എത്തിയിട്ടില്ല. നിരവധിപ്പേരാണ് കമ്പനിക്കെതിരെ കമന്‍റുകളുമായി രംഗത്തെത്തിയിരിക്കുന്നത്.
‘ഇതാണ് യാഥാര്‍ഥ്യം, ഇലക്ട്രിക് സ്കൂട്ടര്‍ ഒരു പൊതുശല്യമായിക്കൊണ്ടിരിക്കുന്നു. ഉപഭോക്താക്കളെ എങ്ങനെ പറ്റിക്കാമെന്നാണ് കമ്പനി നോക്കുന്നത്’, ‘ഏറ്റവും മോശം കമ്പനി. ഏറ്റവും മോശം സര്‍വീസ്. ഏറ്റവും ഉയര്‍ന്ന ബില്‍’ തുടങ്ങി കമ്പനിക്കെതിരെ പലരും കമന്‍റ് ചെയ്യുന്നുണ്ട്. ‘റോഡില്‍ കാണിച്ചുകൂട്ടുന്ന നാടകങ്ങള്‍ക്കപ്പുറം ബില്‍ എവിടെ’ എന്നാണ് മറ്റൊരാളുടെ കമന്‍റ്.