സ്ത്രീജന്മം ഏറ്റവും പൂര്‍ണമാകുന്നത് അവള്‍ ഒരു അമ്മയാകുമ്പോഴാണ് എന്ന് പറയാറുണ്ട്. അങ്ങനെയെങ്കില്‍ പ്രസവിക്കാത്തവരും സ്ത്രീകളല്ലേ? കുഞ്ഞ് വേണ്ട എന്ന തീരുമാനത്തോടെ ജീവിക്കുന്നവരില്ലേ? വാടകഗര്‍ഭധാരണം, ദത്തെടുക്കല്‍ എന്നീ മാര്‍ഗങ്ങള്‍ സ്വീകരിക്കുന്നവരില്ലേ? തുടങ്ങിയ ചോദ്യങ്ങളും ഇതിനൊപ്പം മറുവശത്തുയരും. ഇവയെല്ലാം ശരിയാണ്, എങ്കിലും നമ്മുടെ സമൂഹത്തില്‍ 90 ശതമാനംപേരും സ്വന്തം ചോരയിലൊരു കുഞ്ഞ് വേണം എന്ന് ആഗ്രഹിക്കുന്നവരല്ലേ. ഗര്‍ഭിണിയാകാനും സ്വന്തം കുഞ്ഞിനെ തൊട്ടുതലോടാനും പാലൂട്ടാനും കൊതിയില്ലാത്ത സ്ത്രീകള്‍ വിരളമാണെന്ന് പറയാറുണ്ട്. കുഞ്ഞ് എന്ന വികാരത്തോട് വളരെ ഊഷ്മളമായ, പകരംവയ്ക്കാനില്ലാത്ത ഒരുതരം സ്നേഹവും വാത്സല്യവുമാണ് മനുഷ്യര്‍ക്കുള്ളത്.
ചോരമണം മാറാത്ത കുഞ്ഞുങ്ങളെ കുപ്പയിലെറിയുകയും ശുചിമുറിയില്‍ പ്രസവിച്ച് കുഞ്ഞിനെ ബക്കറ്റിലിടുകയും ക്ലോസറ്റില്‍ പ്രസവിച്ച് കുഞ്ഞിനെ ഫ്ലഷ് അടിക്കുകയും വരെ ചെയ്യുന്ന, പകരം വയ്ക്കാനില്ലാത്ത ക്രൂരതകള്‍ അരങ്ങേറുമ്പോള്‍ മനുഷ്യത്വമുള്ളവരുടെ മനസ്സ് മരവിക്കും. കുഞ്ഞിക്കാലുകള്‍ കാണാന്‍ കൊതിച്ചിട്ടും ആ ഭാഗ്യമില്ലാതെ പോയവര്‍ കണ്ണുനിറഞ്ഞ് ഇവരെ ശപിച്ചുപോകും. ഇത്തരത്തിലുള്ള വാര്‍ത്തകള്‍ കേള്‍ക്കുമ്പോള്‍ നാട് മരവിച്ച അവസ്ഥയിലാകും. അതുതന്നെയാണ് തിരുവനന്തപുരം കാരയ്ക്കാമണ്ഡപത്തെ സംഭവത്തിനു പിന്നാലെ ഉയരുന്ന ചര്‍ച്ചകളില്‍ തെളിയുന്നത്. വീട്ടില്‍ നടന്ന പ്രസവത്തിനിടെ യുവതിയും കുഞ്ഞും മരിച്ച സംഭവം അത്രത്തോളം സങ്കടപ്പെടുത്തുന്നതാണ്. ഈ വാര്‍ത്ത യഥാര്‍ഥത്തില്‍ പ്രസവം എന്ന പ്രക്രിയയോട് സമൂഹത്തില്‍ പലര്‍ക്കുമുള്ള ഏറ്റവും മോശപ്പെട്ട കാഴ്ചപ്പാടിലേക്ക് കൂടി വിരല്‍ചൂണ്ടുന്നതാണ്.
ഭാര്യയെന്നാല്‍ പ്രസവിക്കാനും കുഞ്ഞുങ്ങളെ വളര്‍ത്താനുമുള്ള യന്ത്രമാണെന്ന ധാരണയാണ് ചിലര്‍ക്ക്. ഒരു സ്ത്രീയെ ഏറ്റവും കരുതലോടെ പരിചരിക്കേണ്ട, സന്തോഷത്തോടെ പരിപാലിക്കേണ്ട ഘട്ടമാണിതെന്ന തിരിച്ചറിവ് ഇന്നും പലരിലും ഇല്ല എന്നതിന്റെ വ്യക്തമായ തെളിവാണ് നയാസിലൂടെ നമ്മള്‍ കണ്ടുകൊണ്ടിരിക്കുന്നത്. സുഖപ്രസവം നടന്നാല്‍ മാത്രമേ നന്നാവൂ, സിസേറിയന്‍ വളരെ മോശപ്പെട്ട എന്തോ ഒന്നാണെന്ന് കരുതിവച്ചിരിക്കുന്നവരുമുണ്ട്. ഇത്തരക്കാര്‍ ചിലത് അറിഞ്ഞിരിക്കണം;
അത്ര സുഖമല്ല സുഖപ്രസവം; സിസേറിയനും !
‘അത്ര സുഖമല്ല സുഖപ്രസവം’ ഇത് കേട്ടുതഴമ്പിച്ച വാചകമാണെങ്കിലും ഇത് മനസ്സിലാക്കാന്‍ പലരും തയ്യാറല്ല. ഒന്‍പത് മാസം ഒരു ജീവനെ ഉള്ളില്‍ ചുമന്ന്, അതിനെ സുരക്ഷിതമായി ഈ ലോകത്തിന് സമ്മാനിക്കുകയാണ് പ്രസവം എന്ന പ്രക്രിയയിലൂടെ ഒരമ്മ ചെയ്യുന്നത്. അത് സുഖപ്രസവമാണെങ്കിലും സിസേറിയനാണെങ്കിലും അമ്മയും കുഞ്ഞും സുരക്ഷിതരാണോ എന്നതിലാണ് കാര്യം. രണ്ടായാലും ‘വേദന’ വേദന തന്നെയാണെന്ന ബോധ്യമുണ്ടാകണം. രണ്ടിലും ‘നൊന്ത്’ തന്നെയാണ് അമ്മ പ്രസവിക്കുന്നത്. സുഖപ്രസവത്തിനിടയില്‍ കുഞ്ഞിന്‍റെയോ അമ്മയുടെയോ ജീവനു തന്നെ അപകടമാകുന്ന സാഹചര്യമുണ്ടായാല്‍ ഉടന്‍ സിസേറിയന്‍ ചെയ്യുക എന്നതു മാത്രമാണ് മുന്നിലുള്ള വഴി. കുഞ്ഞ് വയറ്റില്‍ സ്ഥാനം മാറി കിടക്കുമ്പോഴും മറ്റ് മാര്‍ഗമില്ല. ഇതെല്ലാം കൃത്യമായി അറിയണമെങ്കില്‍ ഗര്‍ഭാവസ്ഥയിലും പ്രസവ സമയത്തും കൃത്യമായ പരിശോധനകളും സ്കാനിങ്ങും വേണം. അതുകൊണ്ടാണ് ആശുപത്രിയില്‍ തന്നെ പോകണമെന്ന് പറയുന്നത്.
സിസേറിയനു ശേഷം സുഖപ്രസവം?
കാരയ്ക്കാമണ്ഡപത്തെ സംഭവത്തില്‍ ഭര്‍ത്താവ് വിസമ്മതിച്ചതോടെയാണ് പ്രസവം വീട്ടിലാക്കാന്‍ ഭാര്യ ഷെമീറ നിര്‍ബന്ധിതയായത്. സുഖപ്രസവം വേണം എന്ന വാശിയായിരുന്നു ഇതിനു പിന്നില്‍. നാലാമത്തെ കുഞ്ഞിനെയായിരുന്നു ഷെമീറ ഗര്‍ഭം ധരിച്ചിരുന്നത് എന്നാണ് വിവരം. മൂന്ന് സിസേറിയന്‍ കഴിഞ്ഞ സ്ത്രീയാണ് ഇവരെന്നും അവസാന പ്രസവം കഴിഞ്ഞ് ഒരു വര്‍ഷമായിട്ടേയുള്ളൂവെന്നും ആരോഗ്യപ്രവര്‍ത്തകരും വാര്‍ഡ് കൗണ്‍സിലറുമടക്കം പറയുന്നു. യൂട്യൂബ് നോക്കി സുഖപ്രസവം ആക്കുമെന്ന് വാര്‍ഡ് കൗണ്‍സിലറോട് ഷെമീര്‍ പറഞ്ഞതായും അറിയുന്നു. എന്തായാലും മൂന്ന് സിസേറിയനു ശേഷം സുഖപ്രസവത്തിനു വേണ്ടി ശ്രമിച്ചത്, വീട്ടില്‍ തന്നെ അതിനു തയ്യാറായത് കടുത്ത കയ്യായി.
പൊതുവേ പലരിലുമുള്ള സംശയമാണ് സിസേറിയനു ശേഷം സുഖപ്രസവം സാധ്യമാണോ എന്നത്. ഈ ചോദ്യം ഗൈനക്കോളജിസ്റ്റുകളോട് ചോദിച്ചാല്‍ സാധ്യമാണ് എന്നാണ് മറുപടി. ഇതിന് വിബാക് എന്നാണ് പറയുന്നത്. സിസേറിയനു ശേഷമുള്ള സുഖപ്രസവം എന്നതിന്‍റെ ചുരുക്കെഴുത്താണിത് Vaginal birth after cesarean section (VBAC). പക്ഷേ അതിനു മറ്റ് ചില ഘടകങ്ങള്‍ കൂടി അനുകൂലമായിരിക്കണം. അമ്മയുടെ ആരോഗ്യാവസ്ഥ, ആദ്യത്തെ പ്രസവത്തിന്‍റെ രീതി, ആദ്യത്തെ കുഞ്ഞുണ്ടായതിനു ശേഷം എത്രനാളുകള്‍ക്കുശേഷമാണ് രണ്ടാമത്തെ കുഞ്ഞിനെ ഗര്‍ഭം ധരിച്ചത്? എത്രാമത് പ്രസവമാണിത്, എന്നിങ്ങനെയുള്ള കാര്യങ്ങള്‍ പരിഗണിക്കേണ്ടതുണ്ട്.
വിബാക് എത്രത്തോളം വിജയകരമാണ്?
ഒരോ മനുഷ്യനും വ്യത്യസ്തനാണ്. അതുപോലെ തന്നെ ഒരോ ഗര്‍ഭാവസ്ഥയും വ്യത്യസ്തമാണ്. ആദ്യ പ്രസവത്തില്‍ കുഞ്ഞ് വയറ്റില്‍ സ്ഥാനംതെറ്റി കിടക്കുകയായിരുന്നു, പ്രസവത്തിനിടെ കുഞ്ഞിന്‍റെ ഹൃദയമിടിപ്പില്‍ വ്യതിയാനമുണ്ടായി, പൊക്കിള്‍ക്കൊടി കഴുത്തില്‍ ചുറ്റി തുടങ്ങിയ കാരണങ്ങള്‍കൊണ്ടാണ് സിസേറിയന്‍ നടന്നത് എങ്കില്‍ അടുത്തത് സുഖപ്രസവം ആകാം. 60 മുതല്‍ 80 ശതമാനം പേരിലും വിബാക് വിജയകരമാണെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.
അവസാന മാസങ്ങളിലെ സ്കാനിങ്ങില്‍ മുന്‍പ് ചെയ്ത സിസേറിയന്‍റെ മുറിവ് എത്രത്തോളമുണ്ട് എന്നതടക്കമുള്ള കാര്യങ്ങള്‍ കൃത്യമായി അറിയാന്‍ കഴിയും. ആദ്യത്തെ മുറിവിന്‍റെ സ്റ്റിച്ചിട്ട ഭാഗം പൊട്ടുമോ എന്ന ഭയം ചിലര്‍ക്കുണ്ടാകാം. എന്നാല്‍ അതിനുള്ള സാധ്യത വളരെ വിരളമാണ്. ഏതാണ്ട് .5 ശതമാനം മാത്രം. ലേബര്‍ റൂമിലാണെങ്കില്‍ ഡോക്ടര്‍റും നഴ്സുമാരും ഇതെല്ലാം കൃത്യമായി നിരീക്ഷിക്കും. എന്തെങ്കിലും പ്രതികൂല സാഹചര്യം ശ്രദ്ധയില്‍പെട്ടാല്‍ ഉടന്‍ സിസേറിയന്‍ ചെയ്യും. ഇവിടെ ഡോക്ടറാണ് അന്തിമ തീരുമാനം പറയേണ്ടത്. അവിടെ വിബാക് വേണം എന്ന് വാശിപിടിച്ചിട്ട് കാര്യമില്ല.
വിബാക് നോക്കുന്നുവെങ്കില്‍ അതിനുള്ള സജ്ജീകരണങ്ങളെല്ലാം ലഭ്യമായ ആശുപത്രിയില്‍ വേണം പോകാന്‍. കാരണം ഇത് രണ്ട് ജീവനുകളുടെ കാര്യമാണ്. പ്രസവം നടക്കുന്നില്ല, അടിയന്തരമായി സിസേറിയന്‍ ചെയ്യണം അല്ലെങ്കില്‍ രക്തം അധികമായി ആവശ്യം വന്നു തുടങ്ങിയ ഘട്ടത്തില്‍ പെട്ടെന്നു തന്നെ രോഗിയെ ഓപ്പറേഷന്‍ തിയേറ്ററിലേക്ക് മാറ്റാനും വേണ്ട ചികിത്സയും മരുന്നും അപ്പോള്‍ തന്നെ നല്‍കാനും സാധിക്കുമെന്ന് ഉറപ്പുള്ള ആശുപത്രി തിരഞ്ഞെടുക്കുക എന്നതും പ്രധാനമാണ്.
പ്രസവത്തോടെ തുടങ്ങുന്നതേയുള്ളൂ...!
പ്രസവം കഴിഞ്ഞു, ഹാവൂ... ഇനി കഴിഞ്ഞു എന്ന് പറയാനാവില്ല. ഒന്‍പതു മാസം വയറ്റിലുണ്ടായിരുന്ന കുഞ്ഞ് കയ്യില്‍ വന്നു എന്നത് മാത്രമാണ് മാറ്റം. ഗര്‍ഭിണിയായപ്പോള്‍ ഗര്‍ഭിണിക്ക് നല്‍കിയ പരിചരണവും സ്നേഹവും ഇനി അമ്മയിലേക്കും കുഞ്ഞിലേക്കും എത്തണം. അമ്മയില്‍ ശാരീരികമായ മാത്രമല്ല, മാനസികമായ മാറ്റങ്ങളും പ്രകടമായി തുടങ്ങും. ഈ ഘട്ടത്തില്‍ കുഞ്ഞിനെപ്പോലെ തന്നെ അമ്മയേയും കരുതണം. അവരെ കേള്‍ക്കണം, അവര്‍ക്കു വേണ്ട സമയം കൊടുക്കണം. അത്രയുംനാള്‍ സുഖമായി ഉറങ്ങിശീലിച്ചയാളിനു മുന്നിലേക്ക് ഇനി ഉറക്കമില്ലാത്ത രാത്രികള്‍ സമ്മാനിച്ചാണ് കുഞ്ഞ് വരുന്നത്.
കുഞ്ഞ് ജനിച്ച് അര മണിക്കൂറിനകം തുടങ്ങുന്ന മുലപ്പാലൂട്ടല്‍ ദിവസത്തില്‍ രണ്ടുമണിക്കൂര്‍ ഇടവിട്ട് തുടങ്ങുന്നതോടെ അമ്മയുടെ ഉറക്കം കുറയും. തന്‍റെ എല്ലാ ആവശ്യങ്ങള്‍ക്കുമുള്ള ഭാഷ കരച്ചിലാണ് കുഞ്ഞിന്. ഈ കരച്ചില്‍ മാത്രമാണ് അമ്മ ഏറ്റവും കൂടുതല്‍ കേള്‍ക്കുന്നതും. പതിയെ കുഞ്ഞിന്‍റെ ഈ ‘കരച്ചില്‍ ഭാഷ’യും അമ്മ മനസ്സിലാക്കി തുടങ്ങും. കുഞ്ഞിന്‍റെ ആവശ്യമെന്താണെന്ന് അമ്മയ്ക്ക് പിടികിട്ടി തുടങ്ങും. ഇതിനെല്ലാം കുറച്ച് സമയം വേണം. ആദ്യ നാളുകളില്‍ കുഞ്ഞ് കരയുമ്പോള്‍ എന്തിനാണ് കരയുന്നതെന്ന് അമ്മയ്ക്കും മനസ്സിലായി എന്നുവരില്ല. കാരണം കുഞ്ഞിനൊപ്പമാണ് ഒരമ്മ അമ്മയായി വളരുന്നത്. ആ ഘട്ടത്തില്‍ തന്നെ ‘കുഞ്ഞ് കരയുന്നത് കേട്ടില്ലേ, നീ എന്ത് ചെയ്യുന്നു’ എന്നുള്ള ചോദ്യത്തോടെ ഉത്തരവാദിത്വം മുഴുവന്‍ അമ്മയെ ഏല്‍പ്പിക്കുന്നതിനു പകരം അവരെ സഹായിക്കാനാണ് ശ്രമിക്കേണ്ടത്. അല്ലാത്തപക്ഷം പോസ്റ്റ് പാര്‍ട്ടം ഡിപ്രഷന്‍ എന്ന മോശം അവസ്ഥയിലേക്ക് തന്നെ കാര്യങ്ങള്‍ ചെന്നെത്താം. പോസ്റ്റ് പാര്‍ട്ടം ഡിപ്രഷനെ കുറിച്ച് പലരും തുറന്നുപറഞ്ഞ് രംഗത്തെത്തിയതോടെ അതെന്താണെന്ന അറിവ് പലരിലുമുണ്ട്.
ഇപ്പറഞ്ഞ കാര്യങ്ങളെല്ലാം ഒരു കുഞ്ഞിനെ ഗര്‍ഭം ധരിക്കും മുന്‍പ് വ്യക്തമായി അറിഞ്ഞിരിക്കണം. എന്നിലൂടെ ലോകം കാണാന്‍ എത്തുന്ന കുഞ്ഞതിഥിയുടെ പൂര്‍ണ ഉത്തരവാദിത്തവും സുരക്ഷയും സന്തോഷവുമെല്ലാം ഏറ്റെടുക്കാന്‍ ഞാന്‍ തയ്യാണോ എന്ന ചോദ്യം പലകുറി സ്വയം ആവര്‍ത്തിച്ചു ചോദിക്കണം. കുഞ്ഞുമായി മുന്നോട്ടുള്ള കാര്യങ്ങള്‍ കൃത്യമായി ആസൂത്രണം ചെയ്താല്‍ തന്നെ ഗര്‍ഭകാലവും കുടുംബജീവിതവും ആനന്ദകരമായി മുന്നോട്ടു കൊണ്ടുപോകാം.
Trivandrum mom-newborn death; know more about vaginal birth after cesarean