കുമ്പളങ്ങി നൈറ്റ്സ് ചിത്രം ഇറങ്ങിയിട്ട് വര്‍ഷം അഞ്ച് കഴിഞ്ഞെങ്കിലും കുമ്പളങ്ങിയിലെ കവര് ഇന്നും ഹിറ്റാണ്. പല നാടുകളില്‍ നിന്നായി ആ വിസ്മയ വെളിച്ചം കാണാനെത്തുന്നവരുടെ എണ്ണത്തിലും കുറവ് വന്നിട്ടില്ല. പതിവ് പോലെ ഇത്തവണയും കൊച്ചി കുമ്പളങ്ങിയുടെ വിവിധ ഇടങ്ങളില്‍ കവര് പ്രത്യക്ഷപ്പെട്ടു തുടങ്ങിയിട്ടുണ്ട്.
എന്താണ് കവര്?
ബയോലൂമിനസെന്‍സ് എന്ന പ്രതിഭാസമാണ് കുമ്പളങ്ങിയില്‍ കവര് എന്ന് അറിയപ്പെടുന്നത്. ബാക്ടീരിയ, ആല്‍ഗ, ഫംഗസ് പോലുള്ള സൂക്ഷ്മ ജീവികള്‍ പ്രകാശം പുറത്തുവിടുന്ന പ്രതിഭാസമാണ് ബയോലൂമിനസെന്‍സ്. ഇത്തരത്തില്‍ പ്രകാശത്തിനൊപ്പം ചൂട് പുറത്തുവിടാത്തതുകൊണ്ട് ‘തണുത്ത വെളിച്ചം’ എന്നും ഇത് അറിയപ്പെടാറുണ്ട്. ഇതേ പ്രതിഭാസം തന്നെയാണ് മിന്നാമിനുങ്ങിന്‍റെ പ്രകാശത്തിന് കാരണവും. ചെങ്കടലിന്റെ ചുവപ്പുനിറത്തിനു കാരണവും ഇതു തന്നെയാണ്. ചിലയിനം ജെല്ലി ഫിഷുകള്‍, ചില മണ്ണിരകള്‍, കടല്‍ത്തട്ടില്‍ കാണുന്ന ചില മത്സ്യങ്ങള്‍ എന്നിവക്കും ഇത്തരത്തില്‍ പ്രകാശം പുറത്തുവിടാനുള്ള കഴിവുണ്ട്. കാണുന്നവർക്ക് അത്ഭുതമായി തോന്നുമെങ്കിലും ഇത്തരം ജീവികള്‍ക്ക് അത് പ്രതിരോധമാർഗം കൂടിയാണ്. ഇണയേയും ഇരയേയും ആകര്‍ഷിക്കാനും ശത്രുക്കളില്‍ നിന്നു രക്ഷപ്പെടാനുമൊക്കെ സൂക്ഷ്മ ജീവികള്‍ ഈ വെളിച്ചം പ്രയോജനപ്പെടുത്താറുണ്ട്.
കവര് പൂക്കുന്ന സമയം
കുമ്പളങ്ങിയില്‍ കവര് പ്രത്യക്ഷപ്പെടുക മാര്‍ച്ച് മാസത്തോടുകൂടിയാണ്. ഏപ്രില്‍, മെയ് മാസങ്ങളിലും രാത്രികളില്‍ കവര് കാണാന്‍ സാധിക്കും. വേനൽ കാലത്ത് കായലിൽ ഉപ്പ് വർധിക്കുന്നതും വെള്ളത്തിന്റെ കട്ടി കൂടുന്നതുമാണ് കവര് ദൃശ്യമാകാൻ കാരണം. കായലിൽ ഇളക്കം തട്ടുന്നതോടെ ഇളം നീല വെളിച്ചതോടെ ഇവ ദൃശ്യമാകും. നീല വെളിച്ചത്തിനു പുറമേ മങ്ങിയ പച്ച നിറത്തിലും ചില ഇടങ്ങളില്‍ കവര് പ്രത്യക്ഷപ്പെടാറുണ്ട്. കവര് പണ്ടും കുമ്പളങ്ങിയിലുണ്ടായിരുന്നു, ഇനിയും ഇവിടെ തന്നെ ഉണ്ടാകുകയും ചെയ്യും. കവര് കാണാൻ ആളുകൾ എത്തുന്നതിൽ കുമ്പളങ്ങിക്കാർക്ക് സന്തോഷമേയുള്ളൂ. പക്ഷേ ഈ കായലുകളും വെള്ളകെട്ടുകളും ഇവിടുത്തുകാരുടെ ജീവിത മാർഗമാണ് എന്നുംകൂടി ഓര്‍ക്കുക. വെള്ളത്തിലിറങ്ങുമ്പോൾ അപകടം ഉണ്ടാകാതെ സൂക്ഷിക്കുക.
Kochi, Kumbalangi witness another Kavaru (bioluminescence) season