കൊച്ചിയില്‍ പ്രദര്‍ശനങ്ങള്‍ക്കും പരിപാടികള്‍ക്കും സുരക്ഷയില്ലാത്തത് തുടര്‍ക്കഥയാകുന്നു. മറൈന്‍ ഡ്രൈവില്‍ ഫ്ലവര്‍ ഷോ കാണാനെത്തിയ യുവതിക്ക് വീണ് ഗുരുതര പരുക്ക്. ഉമ തോമസ് എംഎല്‍എ കലൂര്‍ സ്റ്റേഡിയത്തിലെ നൃത്തപരിപാടിക്കിടെ അപകടത്തില്‍പ്പെട്ടതിന്‍റെ അടുത്ത ദിവസമാണ് ചെലവന്നൂര്‍ സ്വദേശിനിയായ ബിന്ദുവിന് ഫ്ലവര്‍ ഷോയ്ക്കിടെ വീണ് പരുക്കേറ്റത്. ചിലവന്നൂര്‍ സ്വദേശി ബിന്ദുവിനാണ് പരുക്കേറ്റത്. കൈയുടെ ചലനശേഷി നഷ്ടപ്പെടുമോ എന്ന് ആശങ്കയില്‍ കുടുംബം. ഫസ്റ്റ് എയ്ഡ് സംവിധാനംപോലും ഇല്ലായിരുന്നെന്നും കുടുംബം മനോരമ ന്യൂസിനോട് പറഞ്ഞു.
അതേസമയം, ഉമ തോമസ് എംഎല്‍എയുടെ അപകടത്തിന് പിന്നാലെ അനുമതിയില്ലാതെ നടക്കുന്ന പരിപാടികള്‍ക്കെതിരെ നടപടിയുമായി കൊച്ചി കോര്‍പ്പറേഷന്‍ രംഗത്തെത്തി. മറൈന്‍ ഡ്രെവില്‍ നടക്കുന്ന ഫ്ലവര്‍ ഷോ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാത്തതിനാല്‍ നിര്‍ത്തിവയ്ക്കാന്‍ ആവശ്യപ്പെട്ട് നോട്ടിസ് നല്‍കി. ഡിസംബര്‍ 22ന് ആരംഭിച്ച പ്രദര്‍ശനം ഇന്ന് അവസാനിക്കാനിരിക്കെയാണ് കോര്‍പ്പറേഷന്‍റെ ഷോ.
സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാത്ത ഫ്ലവര്‍ ഷോ ഉടന്‍ നിര്‍ത്തിവയ്ക്കണമെന്ന് കൊച്ചി നഗരസഭ എന്‍ജിനിയറിങ് വിഭാഗം സൂപ്രണ്ട് നല്‍കിയ നോട്ടിസില്‍ പറയുന്നു. ഏതെങ്കിലും തരത്തിലുള്ള വീഴ്ച്ച സംഭവിച്ചാല്‍ പൂര്‍ണ ഉത്തരവാദിത്വം പരിപാടിയുടെ സംഘാടകര്‍ക്കും ജിസിഡിഎ അധികാരികള്‍ക്കുമാണെന്ന് നോട്ടിസില്‍ പറയുന്നു. ജില്ലാ ഹോര്‍ട്ടികള്‍ച്ചര്‍ സൊസൈറ്റിയും ജിസിഡിഎയും ചേര്‍ന്നാണ് ഫ്ലവര്‍ ഷോ സംഘടിപ്പിക്കുന്നത്. നഗരത്തില്‍ ടിക്കറ്റ് വച്ച് ജനങ്ങളില്‍ നിന്ന് പണമീടാക്കി നടത്തുന്ന പ്രദര്‍ശനങ്ങള്‍ ഉള്‍പ്പെടെയുള്ള പരിപാടികള്‍ക്ക് കോര്‍പ്പറേഷനില്‍ നിന്ന് പിപിആര്‍ ലൈസന്‍സ് എടുക്കണമെന്നാണ് വ്യവസ്ഥ.
കോര്‍പറേഷന്‍റെ എന്‍ജിനീയറിങ് വിഭാഗത്തില്‍ നിന്നും പ്രദര്‍ശന നഗരിക്കു സ്ട്രക്ചറല്‍ സ്റ്റെബിലിറ്റി സര്‍ട്ടിഫിക്കറ്റ് ഉണ്ടെങ്കില്‍ മാത്രമേ പിപിആര്‍ ലൈസന്‍സ് അനുവദിക്കാവൂ. കോര്‍പറേഷന്‍റെ വിവിധ വിഭാഗങ്ങളില്‍ നിന്ന് അനുമതി വാങ്ങണമെന്ന മാനദണ്ഡങ്ങള്‍ ലംഘിച്ചാണ് പലപ്പോഴും പ്രദര്‍ശനങ്ങള്‍ നടക്കുന്നത്. ഉമ തോമസിന് പരുക്കേറ്റ പരിപാടിക്കും പിപിആര്‍ ലൈസന്‍സ് ഉണ്ടായിരുന്നില്ല. കോര്‍പ്പറേഷന്‍റെ പൊതു അനുമതിയും ഇല്ലായിരുന്നു. ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ എം.എന്‍ നിതയെ സസ്പെന്‍ഡ് ചെയ്തിരുന്നു.