TAGS

ഒരുകാലത്ത്ശീതള പാനീയത്തിന്റെ പര്യായമായ ഗോലി സോഡാ ഇന്ത്യയിലെത്തിയിട്ട് ഇത് നൂറാം വർഷമാണ്.  വിദേശ ശീതളപാനീയ ബ്രാൻഡുകളുടെ കടന്നുവരവോടെ വിപണിയിൽ നിന്നും അപ്രത്യക്ഷമായ ഇവ ഇന്ന് തമിഴ്നാട്ടിലെ ഒട്ടുമിക്ക കടകളിലും ലഭ്യമാണ്. നൂറാം വർഷത്തിലെ ഗോലി സോഡയുടെ ഈ തിരിച്ചുവരവിന്  പിന്നില്‍ ചില കാരണങ്ങളുണ്ട്.

 

നിറത്തിലും രുചിയിലുമല്ല ഗോലി ഉരുളുന്ന കുപ്പിയിലാണ് കാര്യം. ആകർഷകമായ കുപ്പിയിലെ സോഡയ്ക്ക് തമിഴ്നാട്ടിൽ ഇന്ന് ആവശ്യക്കാർ ഏറെയാണ്. ചില്ലു കുപ്പിയും കടന്ന് പ്ലാസ്റ്റിക് ബോട്ടിലുകളിലും ഗോലിസോഡ ലഭ്യമാണ്.

 

 

ഗോലി സോഡയുടെ ചരിത്രം ആരംഭിക്കുന്നത് 1872 ൽ ബ്രിട്ടനിലാണ്. പിന്നീട് 1924 ൽ മദ്രാസ് പ്രസിഡൻസിയിലാണ് ഗോലി സോഡ ഇന്ത്യയിൽ ആദ്യമായി എത്തുന്നത്. വെല്ലൂരിൽ എസ്.വി. കണ്ണുസാമി മുതലിയാറിന്‍റെ ഉടമസ്ഥതയിലുള്ള കണ്ണൻ  എന്ന കമ്പനിയാണ് വാണിജ്യ അടിസ്ഥാനത്തിൽ സോഡയിറക്കിയത്. ജർമ്മനിയിൽ നിന്നും കുപ്പി ഇറക്കുമതി ചെയ്തായിരുന്നു വില്പന. വളരെ വേഗം വടക്കൻ, തെക്കൻ ആർക്കോട്ട് ജില്ലകളിലെ എല്ലാ പെട്ടിക്കടകളിലും ഗോലി സോഡ വ്യാപകമായി. ചെന്നൈ-ബെംഗളൂരു ഹൈവേയിലൂടെയുള്ള ബസ് യാത്രികരും ഗോലി സോഡയുടെ പതിവുകാരായി. 

 

 

ഇന്ത്യയിൽ വിദേശ ശീതള പാനീയ കമ്പനികൾ എത്തുന്നത് വരെ ഗോലി സോഡയുടെ അപ്രമാദിത്യം തുടർന്നു. രണ്ടായിരത്തോടെ വിപണികളിൽ നിന്നും ഗോലി സോഡ അപ്രത്യക്ഷമായി. പ്രാദേശിക വികാരം ഉയർത്തിപ്പിടിച്ചുള്ള 2017ലെ ജെല്ലിക്കെട്ട് പ്രതിഷേധത്തോടെയാണ് ഗോലി സോഡയുടെ തലവര മാറിയത്. തമിഴ്നാട്ടിലെതുപോലെ മറ്റൊടങ്ങളിലേക്കും സോഡ വ്യാപകമാകുമെന്ന പ്രതീക്ഷയിലാണ് ചെറുകിട  നിർമാതാക്കൾ.

 

Goli Soda Returns To Market