തെന്നിന്ത്യന്‍ തിയറ്ററുകളില്‍ തരംഗം തീര്‍ത്ത മലയാളം സിനിമ ‘മഞ്ഞ​ുമ്മല്‍‌ ബോയ്സി’നെപ്പറ്റി എഴുത്തുകാരനും തമിഴ് സിനിമയിലെ മുന്‍നിര തിരക്കഥാകൃത്തുമായ ബി.ജയമോഹന്‍ നടത്തിയ വിമര്‍ശനങ്ങള്‍ വലിയ ചര്‍ച്ചകള്‍ക്കാണ് വഴിതുറന്നത്. മലയാളികളെ ആകെ ആക്ഷേപിക്കുന്നതാണ് ജയമോഹന്റെ നിലപാടെന്ന മട്ടില്‍ സമൂഹമാധ്യമങ്ങളില്‍ അടക്കം കടുത്ത വിമര്‍ശനമാണ് ഉയരുന്നത്. ഈ പശ്ചാത്തലത്തില്‍ മനോരമ ന്യൂസ് ഔട്ട്പുട്ട് എഡിറ്റര്‍ ജയമോഹനോട് സംസാരിക്കുകയാണ് ബി.ജയമോഹന്‍. ‌  

 

മലയാളികളെ മൊത്തത്തില്‍ ആക്ഷേപിക്കുന്ന തരത്തിലാണോ  മഞ്ഞുമ്മല്‍ ബോയ്സിനെക്കുറിച്ചുള്ള വിമര്‍ശനം?

മലയാളികളെ മൊത്തത്തില്‍ ആക്ഷേപിക്കേണ്ട കാര്യം എനിക്കില്ല. ഒരു മലയാളിയാണെന്ന് ഓരോ സ്റ്റേജിലും  പറയുന്നയാളാണ് ഞാന്‍. തമിഴ് പോലൊരു ഭാഷയില്‍ എഴുതുന്നൊരാള്‍ മലയാളിയായി സ്വയം പരിചയപ്പെടുത്തുന്നത് ചെറിയൊരു കാര്യമല്ല. മലയാളിയായി പ്രഖ്യാപിച്ചു കൊണ്ട് തമിഴ് സംസ്കാരത്തിലും സാഹിത്യത്തിലും ഇടപെട്ട് അഭിപ്രായം പറയുന്നതും ചെറിയൊരു കാര്യമല്ല. എല്ലാത്തിനുമുപരിയായി തമിഴകത്തിന്‍റെ വംശീയ നേതാവെന്നറിയപ്പെടുന്ന കരുണാനിധിയെപ്പറ്റിയോ ജയലളിതയെപ്പറ്റിയോ അഭിപ്രായം പറയുമ്പോഴും സ്വയം മലയാളിയെന്ന് പറയുന്നയാളാണ് ഞാന്‍. എനിക്ക് മലയാളികളെ അധിക്ഷേപിക്കേണ്ട കാര്യമെന്താണുള്ളത്? നിത്യചൈതന്യ യതിയുടെ സ്റ്റുഡന്‍റാണ്. നാരായണ ഗുരുവിന്‍റെ ചിന്താസരണി പിന്തുടരുന്നയാളാണ്. എം.ഗോവിന്ദന്‍റെ സാഹിത്യ പാരമ്പര്യം പിന്തുടരുന്ന ആളാണ്. നിത്യചൈതന്യ യതിയുടെ പേരില്‍ ഒരു സ്ഥാപനം തുടങ്ങിയയാളാണ്. ഞാനെന്തിന് മലയാളികളെ അധിക്ഷേപിക്കണം? 

വെണ്‍മുരശ് എന്നൊരു മഹാകൃതി ഞാനെഴുതിയിട്ടുണ്ട്. അതില്‍ പകുതിയോളം അധ്യായങ്ങളും മലയാളി എഴുത്തുകാര്‍ക്കാണ് സമര്‍പ്പിച്ചിരിക്കുന്നത്. അത്രയും ബോള്‍ഡായി  മറ്റൊരു സംസ്കാരത്തില്‍ നില്‍ക്കുന്നൊരാള്‍ വേറെയുണ്ടോ? അങ്ങനെയുള്ളൊരാള്‍ എന്തിന് മലയാളിയെ ചീത്തപറയണം? 30 വര്‍ഷമായി മലയാളത്തിലെ ഏറ്റവും മികച്ച എഴുത്തുകാരെ തമിഴില്‍ പരിചയപ്പെടുത്തുന്നു. മലയാളത്തിലെ മികച്ച സിനിമകളെപ്പറ്റി തമിഴില്‍ ഒരുപാട് എഴുതുന്നു. ബെസ്റ്റ് ഓഫ് കേരള ജയമോഹനിലൂടെയാണ് തമിഴ്നാട്ടിലറിയുന്നത്. ജയമോഹനാണ് തമിഴ്നാട്ടില്‍ കേരളത്തിന്‍റെ മുഖം. ഒരു തല്ലിപ്പൊളിയുടെ മുഖം മുന്നോട്ടുവയ്ക്കുമ്പോള്‍ അങ്ങനെയല്ല എന്ന് പറയാന്‍, ഇതില്‍ കാണിക്കുന്ന മലയാളി ചെറ്റയാണ് എന്നു പറയാന്‍ എനിക്ക് അവകാശമുണ്ട്. അത് പറയുക തന്നെ ചെയ്യും. അതിനെക്കുറിച്ച് ഏതവന്‍ എന്തു പറഞ്ഞാലും ഞാന്‍ പറയാനുള്ളത് പറയും.

 

പെറുക്കി, ചെറ്റ തുടങ്ങിയ വാക്കുകള്‍ സിനിമയുടെ വിമര്‍ശനത്തില്‍ ഉപയോഗിച്ചത് കടന്നു പോയില്ലേ?

ആ പടത്തില്‍ കാണിക്കുന്നത് തനി ചെറ്റത്തരം തന്നെയാണ്. മദ്യപിച്ച് പൊതുയിടത്തില്‍ ലഹളയുണ്ടാക്കുക, മദ്യപിച്ച് കുഴിയില്‍ വീഴുക, വേറൊരു മദ്യപന്‍ അതിനെ പൊക്കിയെടുത്ത് കൊണ്ടുവരുക. ഇതൊന്നും ധീരതയല്ല. ആ പടത്തില്‍ കാണിക്കുന്ന പയ്യന്‍മാര്‍ക്ക് എന്തെങ്കിലും രാഷ്ട്രീയമോ കലയോ ചരിത്രബോധമോ ഉണ്ടോ? മദ്യമൊഴികെ എന്തിനെയെങ്കിലും കുറിച്ച് അവര്‍ സംസാരിക്കുന്നുണ്ടോ? 

 

ആ സിനിമ സൗഹൃദത്തിന്‍റെയും മനുഷ്യ സ്നേഹത്തിന്‍റെയും കഥയല്ലേ പറയുന്നത്?

മദ്യപന്‍മാര്‍ക്കിടയിലുള്ള സൗഹൃദമല്ല യഥാര്‍ഥ സൗഹൃദം. ക്രിമിനല്‍സിനിടയ്ക്കും അത്തരം സൗഹൃദമുണ്ട്. അങ്ങനെ സ്വയം മദ്യപന്‍മാരെന്ന് മലയാളികള്‍ പ്രഖ്യാപിച്ചാല്‍ അങ്ങനെയല്ല എന്ന് ഞാന്‍ പറയും. 

 

താങ്കളുടെ കഥകളിലും മദ്യപന്‍മാരും തെറിവിളിക്കുന്നവരുമില്ലേ?

മദ്യപിക്കുന്നവരെ ചിത്രീകരിക്കാത്ത ഒരെഴുത്തുകാരനുമില്ല. അത് ജീവിതത്തിന്‍റെ ഭാഗമാണ്. പക്ഷേ മദ്യപിക്കുന്നത് ഒരു സ്വാഭാവിക ജീവിതരീതിയാണ്, ഒരുയര്‍ന്ന ജീവിതരീതിയാണ് എന്ന് ഒരു നല്ല എഴുത്തുകാരനും പറയില്ല. പിന്നെ, സാഹിത്യം വേറെ. സിനിമ വേറെ. സാഹിത്യം വിവരമുള്ള ആളുകള്‍ക്കിടയില്‍ മാത്രമുള്ള കാര്യമാണ്. സിനിമ അങ്ങനെയല്ല. സിനിമ ആര്‍ക്കുവേണമെങ്കിലും കാണാവുന്നതാണ്. അത് ചെറുക്കാനുള്ള ബൗദ്ധികമായ ഒരു ട്രെയിനിങ്ങുമില്ല. സിനിമ കാശിനു വേണ്ടിയെടുക്കുന്നതാണ്. ഒരു ജനതയെ ചീത്തയായി കാണിച്ച് നിങ്ങള്‍ കാശുണ്ടാക്കണ്ട. അന്തസ്സായി കാശുണ്ടാക്കിയാല്‍ മതി. 

 

തമിഴ്നാട്ടിലടക്കം ഈ ചിത്രം ഹിറ്റായത് ഇതിലെ സ്നേഹത്തിന്‍റെയും നന്മയുടെയും അംശം കൊണ്ടല്ലേ? മദ്യപാനവും കാട്ടിലെ അതിക്രമവും കൊണ്ടല്ലല്ലോ?

അല്ല. അതുകൊണ്ടാണ് ഇതേപ്പറ്റി പറയുന്നത്. ചെറുപ്പക്കാരുടെ ജീവിതരീതി കാണിച്ചു എന്നാണ് എല്ലാവരും പറയുന്നത്. ഇങ്ങനെയാണ് അടിച്ചുപൊളിക്കേണ്ടത് എന്നാണ് അതിനെക്കുറിച്ച് സംസാരം. ഇനി നോക്കിക്കോളൂ. ഇതുപോലൊരു പടം വേണം, ചെറുപ്പക്കാരുടെ അടിച്ചുപൊളി കാണിക്കുന്ന പടം വേണം എന്ന് പ്രൊഡ്യൂസര്‍മാര്‍ ആവശ്യപ്പെടും. അഞ്ചു തിരക്കഥകളുടെ ചര്‍ച്ചയില്‍ പിള്ളാരുടെ അടിച്ചുപൊളി കാണിക്കുന്നത് വേണമെന്ന് പറയുന്നത് ഈ ദിവസങ്ങളില്‍ കേട്ടു. 

 

സംഘപരിവാര്‍ ശ്രമത്തിന്റെ ഭാഗമാണ് ഈ വിമര്‍ശനമെന്ന് എംഎ ബേബി അടക്കമുള്ളവര്‍ പറയുന്നു.?

 

കേരളത്തിലായാലും തമിഴ്നാട്ടിലായാലും എന്തെങ്കിലും വിളിച്ചു പറയുക എന്നേ രാഷ്ട്രീയക്കാര്‍ക്കുള്ളു. അതിനപ്പുറം പറയാന്‍ മാത്രം വിവരമുള്ള രാഷ്ട്രീയക്കാരെ എനിക്കറിയില്ല. അവര്‍ക്കത്രയൊക്കെയേ പറ്റുള്ളു. വിവരമുള്ളവര്‍ക്ക് ഞാന്‍ എഴുതിയ ലേഖനങ്ങളോ പ്രസംഗങ്ങളോ കണ്ടാലറിയാമല്ലോ ഞാനെന്തുതരം നിലപാട് എടുക്കുന്നവനാണെന്ന്. എന്‍റെ ഏതെങ്കിലും ഒരു പ്രസംഗം കേട്ടാലറിയാമല്ലോ. അതുപോലും കേള്‍ക്കാത്ത ഒരാളുടെ അഭിപ്രായത്തിന് എന്തുവിലയാണുള്ളത്.? അധ്വാനിക്കുന്ന ജനവിഭാഗത്തിന്‍റെ കഥയാണെന്നാണ് ചിലര്‍ പറഞ്ഞത്. എന്തൊരു വിഡ്ഢിത്തമാണ്. അധ്വാനിക്കുന്ന ജനവിഭാഗമെന്ന് പറഞ്ഞാല്‍ ഇരുപത്തിനാലു മണിക്കൂറും മദ്യപിക്കുകയും പൊതുവിടത്തില്‍ ബഹളമുണ്ടാക്കുകയും കാട്ടില്‍ പോയി ബോട്ടില്‍ അടിച്ചുപൊട്ടിക്കുകയും ചെയ്യുന്നവരാണോ? അങ്ങനെ പറയുന്നൊരാള്‍ക്ക് അധ്വാനിക്കുന്ന ജനവിഭാഗത്തെക്കുറിച്ച് എന്തു വിചാരമാണുള്ളത്? ഞാനൊക്കെ അധ്വാനിക്കുന്ന ജനവിഭാഗത്തിലുള്ളയാളാണ്. ഞാന്‍ ട്രേഡ് യൂണിയനില്‍ പ്രവര്‍ത്തിച്ചുള്ളയാളാണ്. ഞാന്‍ കണ്ടിട്ടുള്ള അധ്വാനിക്കുന്ന ജനവിഭാഗം ബുദ്ധിയുള്ളവരാണ്. വായിക്കുന്നവരാണ്, സാമൂഹ്യ ബോധമുള്ളവരാണ്. ധര്‍മത്തിനുവേണ്ടി നിലകൊള്ളുന്നവരാണ്. അല്ലാതെ ഈ പടത്തില്‍ കാണുന്നപോലെ അടിച്ചുപൊളിച്ച് പൊതുവിടത്തില്‍ ബഹളമുണ്ടാക്കുന്നവരല്ല. 

 

ബി.ഉണ്ണികൃഷ്ണന്‍, ആര്‍. ഉണ്ണി തുടങ്ങിയ സിനിമാ –സാഹിത്യ രംഗത്തുള്ളവരും താങ്കള്‍ക്കെതിരെ പ്രതികരിച്ചിട്ടുണ്ട്.

 

ബി.ഉണ്ണികൃഷ്ണനൊക്കെ എന്‍റേതായി വന്ന എന്ത് വായിച്ചിട്ടുണ്ട്? ഇത്രയേറെ എഴുതിയിട്ടുള്ള ഒരാളെക്കുറിച്ച് എന്തെങ്കിലുമറിയാമോ? അവര്‍ക്കറിയാവുന്നത് തമിഴിലെ ഒരു സിനിമാക്കാരന്‍. ഇത്രയല്ലേ അറിയാവൂ. അതിലിപ്പോ എന്താ കാര്യമുള്ളത്? അവര്‍ പറഞ്ഞോട്ടെ. എനിക്കതില്‍ വിഷമമൊന്നുമില്ല. 

 

താങ്കള്‍ക്ക് കാടിനോടുള്ള അമിത സ്നേഹമാണോ പ്രകോപനത്തിന് കാരണം?

 

ഭയങ്കരമായ ഒബ്സഷനാണെനിക്ക്. കാട്ടില്‍ ഒരിക്കലും ഇറങ്ങാന്‍ പറ്റാത്തിടത്ത് ഇറങ്ങി ബോട്ടിലുകള്‍ ശേഖരിച്ച് മാറ്റിയിട്ടുണ്ട്. കാട്ടില്‍ ഉപേക്ഷിച്ച പൊട്ടിയ ബോട്ടിലുകള്‍ എടുത്തുമാറ്റാന്‍ സംഘടന രൂപീകരിച്ചിട്ടുണ്ട്. ഞാനുണ്ടാക്കിയ സമ്പത്തില്‍ വലിയൊരു പങ്ക് അതിനായി ഉപയോഗിക്കുന്നു. കൊല്ലത്തില്‍ 15 ലക്ഷത്തോളം രൂപ കാട്ടില്‍ മനുഷ്യര്‍ ഉപേക്ഷിച്ച വസ്തുക്കള്‍ നീക്കം ചെയ്യുന്നതിനുപയോഗിക്കുന്ന ആളാണ് ഞാന്‍. അതുകൊണ്ട് കാട്ടില്‍ ബോട്ടിലുമായി പോകുന്നയാളെ കാണുമ്പോള്‍ നന്നായി നോവുന്നുണ്ട്. നന്നായി വിഷമം തോന്നും. 

 

ആവിഷ്കാര സ്വാതന്ത്ര്യത്തിന്‍റെ വിലയറിയുന്ന ആളല്ലേ ജയമോഹന്‍? ഇത്തരം സിനിമയെടുക്കുന്നവരെ പിടിച്ച് അകത്തിടണം എന്ന് പറയുന്നത് ഫാസിസമല്ലേ?

 

അഭിപ്രായ സ്വാതന്ത്ര്യം വേറെ. മീഡിയയുടെ സ്വാതന്ത്ര്യം വേറെ. ഇന്ത്യ പോലൊരു സമൂഹത്തില്‍ വളരെ നിയന്ത്രണത്തോടെ മാത്രമേ മാസ് മീഡിയ പ്രവര്‍ത്തിക്കാവൂ. അതും തമിഴ്നാട്ടില്‍. ഒരു സിനിമ കണ്ടാലുടനെ അതുപോലെ ബോട്ടിലും വാങ്ങി ജീപ്പും പിടിച്ചു പോകുന്നവരാണ് ഇവിടെയുള്ളത്.  മഞ്ഞുമല്‍ ബോയ്സ് കണ്ടശേഷം 

ഇതുപോലെ മദ്യവും വാങ്ങി കാട്ടിലേക്കു പോകുന്നവരുടെ എണ്ണം പെരുകി അവരെ നിയന്ത്രിക്കാനാവുന്നില്ലെന്നാണ് വാര്‍ത്തകള്‍ വരുന്നത്. ആവിഷ്കാര സ്വാതന്ത്ര്യം കലയ്ക്കും ചിന്തയ്ക്കുമാണ്. മാസ് മീഡിയക്കല്ല. മാസ് മീഡിയ നിയന്ത്രണമില്ലാതെ പോകാന്‍ ഒരു രാജ്യവും അനുവദിക്കില്ല. ഏറ്റവുമധികം സ്വാതന്ത്ര്യമുള്ള അമേരിക്കയില്‍ പോലും ചൈല്‍ഡ് പോണ്‍ അനുവദിക്കില്ല. നിയന്ത്രണമില്ലാത്ത മാസ് മീഡിയ എന്നൊന്നില്ല. മഞ്ഞുമ്മല്‍ ബോയിസിന് അഭിപ്രായ സ്വാതന്ത്ര്യമുണ്ട് പക്ഷേ, അത് ചെറ്റത്തരമാണെന്ന് പറയാനുള്ള സ്വാതന്ത്ര്യം എനിക്കില്ലെന്ന് പറഞ്ഞാല്‍ എങ്ങനെ ശരിയാകും?

 

ഒരു കലാകാരന്‍ ഇങ്ങനെ മദ്യവിരോധിയാകുന്നത് എങ്ങനെയാണ്? ജോണ്‍ എബ്രഹാമിനെപ്പോലെ ഒരുപാട് പ്രിയകലാകാരന്‍മാര്‍ മദ്യപിച്ചിരുന്നത് നമുക്ക് അറിയാവുന്നതല്ലേ?

 

ജോണ്‍ എബ്രഹാമിനെ വ്യക്തിപരമായി നന്നായി അറിയാമായിരുന്നയാളാണ് ഞാന്‍. ജോണ്‍ മദ്യപിച്ച് ഒരാളെയും അപമാനിക്കില്ല. ജോണിനെക്കുറിച്ച് കഥകളും ഞാന്‍ എഴുതിയിട്ടുണ്ട്. അതുകൊണ്ട് ജോണിന്‍റെ പേരു പറഞ്ഞ് ഇതുപോലെ മദ്യപിച്ച് റോഡില്‍ കിടന്ന് ബഹളമുണ്ടാക്കുന്നവരെ ന്യായീകരിക്കണ്ട. 

 

അടുത്തിടെ നന്നായി എന്ന് തോന്നിയ മലയാള സിനിമകളുണ്ടോ? 

 

മലയാളത്തില്‍ വന്ന മികച്ച സിനിമകളെക്കുറിച്ച് ഞാന്‍ ധാരാളം എഴുതിയിട്ടുണ്ട്. അടൂരിന്‍റെയും അരവിന്ദന്‍റെയും സിനിമകളെക്കുറിച്ച് തമിഴില്‍ ഏറ്റവും കൂടുതല്‍ എഴുതിയിട്ടുള്ളത് ഞാനാണ്. എംടിയുടെ തിരക്കഥകളെക്കുറിച്ച് മാത്രം ഒരു പുസ്തകമെഴുതിയിട്ടുണ്ട്. ലോഹിതദാസിന്‍റെ സിനിമകളെക്കുറിച്ചെഴുതിയിട്ടുണ്ട്. അടുത്തകാലത്തു വന്ന നല്ല സിനിമകളെക്കുറിച്ചും എഴുതിയിട്ടുണ്ട്. ചിലത് പ്രചരണം പോലുള്ള സിനിമകള്‍ വരും. ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍ പോലുള്ളവ. അവയും നല്ല സിനിമകളാണ്. അതിനും ഒരു റോളുണ്ട്. സാമൂഹിക ബോധമുള്ള പടമാണ്

 

ഈ വിവാദം കാരണം ജയമോഹനെ മലയാളികള്‍ തെറ്റിദ്ധരിച്ചു എന്നു തോന്നിയോ?

 

മലയാളികള്‍ എന്നൊരാളില്ല. ജയമോഹനുള്ളത് മലയാളത്തിലെ കുറേ വായനക്കാര്‍ മാത്രമാണ്. അവര്‍ വായിക്കും. വായിച്ചു മനസിലാക്കും. വായിക്കാതെ പേരുമാത്രം കേള്‍ക്കുന്ന, വിവാദത്തിലൂടെ മാത്രം ആളെ മനസ്സിലാകുന്ന ലക്ഷക്കണക്കിനാളുകളുണ്ട്. അവരോട് എനിക്ക് ഒരിടപാടുമില്ല. എന്നെ എങ്ങനെ മനസ്സിലാക്കിയാല്‍ എനിക്കെന്ത് പ്രശ്നം? ഞാന്‍ ഇലക്ഷനില്‍ നില്‍ക്കാന്‍ പോകുന്നില്ല. ജയിക്കാനും പോകുന്നില്ല. പിന്നെയെനിക്ക് എന്തു ബന്ധമാണ് അവരുമായുള്ളത്. എന്‍റെ പുസ്തകം വായിക്കുന്നയാളിന് അതിലൂടെ എന്നെ മനസിലാകും. എന്‍റെ ആത്മാവിനെ മനസ്സിലാകും. ആനഡോക്ടര്‍ എന്ന എന്‍റെ പുസ്തകം വായിച്ചിട്ടുള്ളയാള്‍ക്ക് എന്തുകൊണ്ടാണ് ഞാന്‍ മഞ്ഞുമല്‍ ബോയിസിനെക്കുറിച്ച് ഇങ്ങനെ പറഞ്ഞതെന്ന് മനസ്സിലാകും. എത്ര വേദനിച്ചാണ്, കണ്ണീരൊഴുക്കിയാണ് ഞാന്‍ ആ നോവല്‍ എഴുതിയതെന്ന് അത് വായിച്ച ഒരാള്‍ക്കു മനസ്സിലാകും. അയാള്‍ മാത്രമാണ് എന്‍റെ വായനക്കാരന്‍. അയാളോടു മാത്രമേ എനിക്ക് സംസാരിക്കാനുള്ളൂ. അല്ലാതെ പുറത്തു നിന്ന് ബഹളമുണ്ടാക്കുന്നവരോട് എനിക്കൊന്നും പറയാനില്ല. അവരെന്തു വേണമെങ്കിലും പറയട്ടെ. 

 

 

Writer B Jeyamohan harshly criticise Manjummel boys malayalis| Interview