പറവ ഫിലിംസിന്‍റെ സാമ്പത്തിക സ്രോതസില്‍ ദുരൂഹതയെന്ന് ആദായനികുതി വകുപ്പ്. ഇന്നലെ പറവ ഫിലിംസ് ഓഫിസില്‍ നടത്തിയ റെയ്ഡിലാണ് പ്രതികരണം. മഞ്ഞുമ്മല്‍ ബോയ്സ് സിനിമയുടെ കലക്ഷന് ആനുപാതികമായ നികുതി അടച്ചില്ല. 242 കോടി രൂപയാണ് ചിത്രം കലക്ഷനായി നേടിയത്. നിര്‍മാണക്കമ്പനിയുടെ സാമ്പത്തിക സ്രോതസിനെ കുറിച്ച് വിശദമായ അന്വേഷണം വേണമെന്ന് ഇഡിയും ആവശ്യം ഉന്നയിച്ചിട്ടുണ്ട്. നടന്‍ സൗബിന്‍റെ പിതാവ് ബാബു ഷാഹിറിന്‍റെ ഉടമസ്ഥതയിലുള്ളതാണ് പറവ ഫിലിംസ്.
പറവ ഫിലിംസിൽ 60 കോടി രൂപയുടെ നികുതി വെട്ടിപ്പ് നടന്നുവെന്നാണ് കണ്ടെത്തൽ. മഞ്ഞുമ്മല്‍ ബോയ്സ് സിനിമയുടെ വരുമാനം കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം. പ്രാഥമിക കണ്ടെത്തൽ മാത്രമാണ് നടത്തിയതെന്നും അന്വേഷണം അവസാനിച്ചിട്ടില്ലെന്നും ആദായ നികുതി വകുപ്പ് അധികൃതര്‍ പറയുന്നു. പറവ ഫിലിംസ് യഥാർഥ വരുമാന കണക്ക് നൽകിയില്ലെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.
ഡ്രീം ബിഗ് ഫിലിംസ് എന്ന നിര്‍മാണ കമ്പനിയിലും അന്വേഷണ സംഘം പരിശോധന നടത്തിയിരുന്നു. ഇരു നിര്‍മാണ കമ്പനികള്‍ക്കും കേരളത്തിലെ ഒരു സ്വകാര്യ ധനകാര്യ സ്ഥാപനമാണ് പണം നല്‍കിയതെന്നും ഇതില്‍ അനധികൃത ഇടപാടുകള്‍ നടന്നിട്ടുണ്ടെന്നുമാണ് ആദായ നികുതി വകുപ്പ് സംശയിക്കുന്നത്.