തന്‍റെ സിനിമ ജീവിതത്തിലെ ഏറ്റവും മികച്ച സമയത്തിലൂടെയാണ് നടി ആലിയ ബട്ട് കടന്നുപോകുന്നത്. പോയ വര്‍ഷങ്ങളില്‍ തുടര്‍ച്ചയായി വമ്പന്‍ ഹിറ്റുകളാണ് താരത്തിന്‍റേതായി വന്നിട്ടുള്ളത്. ഇപ്പോഴിതാ സംവിധായകന്‍ രാജമൗലി തന്‍റെ അഭിനയ ജീവിതത്തിലേക്ക് നല്‍കിയ ഒരു ഉപദേശത്തെക്കുറിച്ച് തുറന്നുപറഞ്ഞിരിക്കുകയാണ് ആലിയ. 

 

'ആർ.ആർ.ആറി'ന്‍റെ ചിത്രീകരണ സമയത്ത് തനിക്ക് ചേരുന്ന വേഷങ്ങളെക്കുറിച്ചും സിനിമകള്‍ എങ്ങനെ തിരഞ്ഞെടുക്കണമെന്നും സംവിധായകന്‍ രാജമൗലിയോട് ചോദിച്ചിരുന്നു. ഏത് സിനിമയാണെങ്കിലും വേഷമായാലും അത് താല്പര്യത്തോടെ ചെയ്യണം. സിനിമ പരാജയമായാലും നിങ്ങളുടെ അഭിനയം മികച്ചതാണെങ്കിൽ ആളുകൾ അതിനെക്കുറിച്ച് സംസാരിക്കും, സ്വീകരിക്കും എന്നായിരുന്നു ആ ചോദ്യത്തിന് രാജമൗലി തനിക്ക് നല്‍കിയ മറുപടി എന്നാണ് ആലിയ പറഞ്ഞത്.

 

‘സിനിമയില്‍ വന്ന സമയത്ത് ലോകത്തുള്ള എല്ലാവരും എന്നെ സ്നേഹിക്കണം, എന്‍റെ സിനിമകളെയും കഥാപാത്രങ്ങളെയും സ്നേഹിക്കണം എന്നായിരുന്നു കരുതിയിരുന്നത്. എന്നാല്‍ അതിന് കുറുക്കുവഴിയില്ലെന്ന് പറഞ്ഞുതന്നത് അദ്ദേഹമാണ്. ചെയ്യുന്നതെന്തും ഇഷ്ടത്തോടെ ചെയ്യണം, സിനിമ വലിയ ഹിറ്റായില്ലെങ്കില്‍ പോലും അഭിനയം മികച്ചതായാല്‍ പ്രേക്ഷകര്‍ അത് സ്വീകരിക്കും. പ്രേക്ഷകമനസ്സ് കീഴടക്കാന്‍ ഇത് മാത്രമാണ് മാര്‍ഗം എന്ന് രാജമൗലി പറഞ്ഞുതന്നു. ഈ ഉപദേശം ഒരുപാട് ഉപകാരപെടുകയും ചെയ്തു. ഇന്ന് ധാരാളം ആളുകളെ ഞാന്‍ നേരിട്ട് കാണുന്നുണ്ട്. അവര്‍ എന്‍റെ അഭിനയത്തെക്കുറിച്ച് എന്നോട് സംസാരിക്കുന്നുണ്ട്. അപ്പോഴൊക്കെ അവര്‍ക്ക്  എന്നെയും എനിക്ക് അവരെയും നന്നായി അറിയാം എന്ന തോന്നലാണ് ഉണ്ടാകാറുള്ളത്’ എന്നാണ് ആലിയ ഫോബ്സ് മാസികയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരിക്കുന്നത്.

 

Actress Alia Bhatt shares what was Director Rajamouli's advice for her.