navya

സാരിയോട് ഏറെ അടുപ്പം കാണിക്കുന്ന താരമാണ് നവ്യനായർ. സാരി നന്നായി ഇണങ്ങുന്ന നവ്യയ്ക്ക് അതുകൊണ്ടുതന്നെ മനോഹരങ്ങളായ സാരികളുടെ വലിയൊരു കലക്ഷൻ തന്നെ ഉണ്ടുതാനും. എന്നാൽ അവയിൽ പലതും ഒരുതവണ മാത്രം അണിഞ്ഞ് വെറുതെ അലമാരയിൽ സൂക്ഷിക്കാൻ നവ്യ തയാറല്ല. ആരും കണ്ണുവയ്ക്കുന്ന കാഞ്ചീപുരം അടക്കമുള്ള നവ്യയുടെ സാരി ശേഖരത്തിൽ നിന്നുള്ള സാരികൾ സ്വന്തമാക്കാൻ ഇനി ആരാധകർക്കും അവസരമൊരുങ്ങുന്നു. ഇൻസ്റ്റഗ്രാം വഴിയാണ് ഇക്കാര്യം നവ്യ നായർ അറിയിച്ചത്.

താൻ ഒരു പുതിയ സംരംഭം ആരംഭിക്കുന്ന വിവരം ഏതാനും ദിവസങ്ങൾക്കുമുൻപാണ് നവ്യാ നായർ ഇൻസ്റ്റഗ്രാം സ്റ്റോറിയായി പോസ്റ്റ് ചെയ്തത്. ഒരിക്കൽ ധരിച്ചതോ അതുമല്ലെങ്കിൽ വാങ്ങിയിട്ട് ധരിക്കാൻ പോലും സമയം കിട്ടാതെ പോയതോ ആയ തന്റെ പക്കലെ വസ്ത്രങ്ങൾ പ്രീ-ലവ്ഡ് എന്ന പേരിൽ വിൽപ്പന നടത്താനാണ് പദ്ധതി. പ്രീ-ലവ്ഡ് ബൈ നവ്യാ നായർ (Pre-Loved By Navya Nair) എന്ന പേരിലാണ് ഇൻസ്റ്റഗ്രാം പേജ് തുറന്നിരിക്കുന്നത്. ഇതിനോടകം ആറ് സാരികൾ ഇതിൽ വിൽപ്പനയ്ക്ക് വന്നിട്ടുണ്ട്. ഇവയിൽ നാലെണ്ണം കാഞ്ചീപുരം സാരികളാണ്. ബാക്കി രണ്ടെണ്ണം ലിനനും. ആദ്യം വരുന്നവർക്കാകും പരിഗണന എന്നും പ്രത്യേകം സൂചിപ്പിച്ചിട്ടുണ്ട്.

സാരികൾക്ക് ഷിപ്പിംഗ് ചാർജ് കൂടി നൽകി വേണം വാങ്ങാൻ. 2,500 രൂപയാണ് ലിനൻ സാരികൾക്ക് വില. കാഞ്ചീപുരം സാരികൾ 4,000- 4,500 രൂപ നിരക്കിൽ ലഭ്യമാവും. ബ്ലൗസ് കൂടി ചേർന്നാൽ വില അൽപ്പം കൂടും.