വേനല്‍ കാഴ്ചയ്ക്ക് കുളിര്‍മയേകി കൊച്ചിയിലെ പിങ്ക് വസന്തം. കണ്ടെയ്നര്‍ റോഡിലാണ് മരങ്ങള്‍ പൂത്തുലഞ്ഞ് നില്‍ക്കുന്നത്. ഇതിലൂടെ കടന്നുപോകുന്നവര്‍ക്ക് പൂമരങ്ങള്‍ നല്‍കുന്ന സന്തോഷം ചെറുതല്ല.
മരത്തിനുമീതേ കുട നിവര്‍ത്തിച്ചിടിച്ചതു പോലെ പിങ്ക് പൂക്കള്‍. ചെറിയൊരു കാറ്റ്. കൊമ്പില്‍ നിന്നടര്‍ന്ന പൂക്കള്‍ നിലത്തേയ്ക്ക്. ദേശീയപാത സൗന്ദര്യവല്‍ക്കരണത്തിന്‍റെ ഭാഗമായി എട്ട് വര്‍ഷങ്ങള്‍ക്കുമുന്‍പേ നട്ടുപിടിപ്പിച്ചവയാണ് ഇവ. മാര്‍ച്ച് മാസത്തില്‍ പൂവിടും. തബേബുയ റോസ എന്ന് പേര്. ബെംഗളൂരുവിലെ പിങ്ക് വസന്തത്തിന്‍റെ ചെറുപതിപ്പ്. ഇവിടെയെത്തുമ്പോള്‍ വാഹനങ്ങളുടെ വേഗത കുറയും. പൂക്കള്‍ ആസ്വദിച്ചും ഫൊട്ടോ എടുത്തും യാത്രക്കാര്‍.