വിമാനത്താവളങ്ങൾ, കഫേകൾ, ഹോട്ടലുകൾ, ബസ് സ്റ്റാൻഡുകൾ തുടങ്ങിയ പൊതു സ്ഥലങ്ങളിൽ ഫോൺ ചാർജിംഗ് പോർട്ടുകൾ ഉപയോഗിക്കുന്നതിനെതിരെ മുന്നറിയിപ്പുമായി കേന്ദ്രം. ഇത്തരം യുഎസ്ബി ചാർജിങ് പോർട്ടുകൾ സൈബർ ക്രിമിനലുകൾ ദുരുപയോഗം ചെയ്യാൻ സാധ്യതയുള്ളതിനാലാണ് മുന്നറിയിപ്പ്.

 

ജൂസ് ജാക്കിങ് എന്ന സൈബർ ആക്രമണ രീതിയാണിത്. വ്യക്തികളുടെ വിവരങ്ങൾ ശേഖരിക്കാനും ഫോണുകളെ തകരാറിലാക്കുന്ന പ്രോഗ്രാമുകൾ ഉപകരണങ്ങളിൽ ഇൻസ്റ്റാൾ ചെയ്യുന്നതിനും പൊതു യുഎസ്ബി സ്റ്റേഷനുകള്‍ ഉപയോഗിക്കുന്ന രീതിയാണിത്.

 

എങ്ങിനെ സുരക്ഷിതരായിരിക്കാം?‌; മൊബൈല്‍ ഫോണ്‍ ചാര്‍ജ് ചെയ്യാനനായി പവർ ബാങ്കുകൾ കയ്യില്‍ സൂക്ഷിക്കുക, ഇലക്ട്രിക്കൽ വാൾ ഔട്ട്‌ലെറ്റുകളിലോ പരിചിതമല്ലാത്ത ഉപകരണങ്ങളിലോ മൊബൈല്‍ കണക്ട് ചെയ്യാതിരിക്കുക, ഫോൺ ലോക്ക് ചെയ്യുക, ഫോൺ ഓഫ് ചെയ്ത് ചാർജ് ചെയ്യുക തുടങ്ങിയവയാണ് സുരക്ഷിതമായി ചാര്‍ജ് ചെയ്യുന്നതിനായി ഐടി മന്ത്രാലയം പുറപ്പെടുവിച്ച നിര്‍ദേശങ്ങള്‍. 

 

ഐടി മന്ത്രാലയവുമായി ബന്ധപ്പെട്ട കംപ്യൂട്ടര്‍ എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീമിന്റേതാണ് മുന്നറിയിപ്പ്. സൈബർ കുറ്റകൃത്യങ്ങള്‍ ശ്രദ്ധയില്‍പെട്ടാല്‍ www.cybercrime.gov.in എന്ന വെബ്സൈറ്റിലോ 1930 എന്ന നമ്പറിലോ വിളിച്ച് റിപ്പോര്‍ട്ട് ചെയ്യാവുന്നതാണ്.

 

Centre warned citizens against using phone charging portals at public places