വിചിത്രവിശ്വാസങ്ങളുമായി ജീവിച്ചിരുന്നവരാണ് അരുണാചലില്‍ ജീവനൊടുക്കിയ മലയാളികള്‍. മരിച്ച ആര്യയുടെ ലാപ്ടോപ്പിൽ നിന്ന് വിചിത്ര വിശ്വാസങ്ങളുടെ രേഖകൾ കണ്ടെത്തിയിട്ടുമുണ്ട്. ദിനോസറുകള്‍ക്ക് വംശനാശം വന്നില്ലെന്നതു മുതല്‍ മനുഷ്യന്റെ ഭാവിയെക്കുറിച്ചുവരെ ഇതില്‍ പറയുന്നുണ്ട്. ആന്‍ഡ്രോമീഡ ഗാലക്സിയില്‍ നിന്നുള്ള ‘മിതി’ എന്ന സാങ്കല്‍പ്പിക കഥാപാത്രവുമായാണ് ഇവർ സംഭാഷണം നടത്തിയിരിക്കുന്നത്. കോണ്‍സ്പിറസി തിയറി എന്ന പേരില്‍ അമേരിക്കിയിലൊക്കെ ഒരുപാട് കാലമായി ഇത്തരത്തിലുള്ള കുറേ തിയറികള്‍ പ്രചരിക്കുന്നുണ്ടായിരുന്നുവെന്ന് വെളിപ്പെടുത്തുന്നു ശാസ്ത്രലേഖകന്‍ ജീവന്‍ ജോബ് തോമസ്. യുഎഫ്ഒ എന്ന പേരില്‍ അങ്ങേത്തലയ്ക്കലിരുന്ന് സംസാരിക്കുന്നവർ മനുഷ്യര്‍ തന്നെയാണെന്നും അദ്ദേഹം വ്യക്തമാക്കുന്നു.
ജീവന്‍ ജോബ് തോമസ് പറയുന്നത്
ആന്‍ഡ്രോമിഡ ഗാലക്സിയില്‍ നിന്നുള്ള മൈതി എന്ന അന്യഗ്രഹജീവിയുമായി സംസാരിച്ചു എന്ന് പറയുന്ന രേഖയാണ് കിട്ടിയിട്ടുള്ളത്.
കോണ്‍സ്പിറസി തിയറി എന്ന പേരില്‍ അമേരിക്കിയിലൊക്കെ ഒരുപാട് കാലമായി ഇത്തരത്തിലുള്ള കുറേ തിയറികള്‍ പ്രചരിക്കുന്നുണ്ടായിരുന്നു.
അന്യഗ്രഹജീവികള്‍ ഭൂമിയില്‍ ഇടയ്ക്കിടെ വരാറുണ്ടെന്നും ഭൂമിയിലെ ജീവിതം അന്യഗ്രഹജീവികള്‍ ഇവിടെ സ്ഥാപിച്ചതാണെന്നും നിരന്തരമായി ഇവിടെ നിന്ന് അന്യഗ്രഹജീവികളുമായി ആശയവിനിമയം നടക്കുന്നുണ്ടെന്നുമുള്ള വിശ്വാസങ്ങള്‍ ഉണ്ട്. അത് ഇപ്പോള്‍ തുടങ്ങിയതല്ല.
ശീതയുദ്ധകാലത്തിന് മുന്‍പുതന്നെ വളരെ വിശദമായ തിയറികള്‍ വ്യാപകമായിരുന്നു. പുതിയ കാലത്ത് ഡാര്‍ക് വെബിന്റെ വ്യാപനത്തോടെ ലോകത്തെ എല്ലാ സമൂഹങ്ങളിലേക്കും അത് എത്തിപ്പെട്ടിട്ടുണ്ട്. പ്രത്യേകിച്ച് സയന്‍സില്‍ ഒക്കെ വിശ്വാസമുള്ളവര്‍ക്കിടയിലേക്ക് ഇത് പെട്ടെന്ന് കടന്നുകയറാന്‍ എളുപ്പമാണ്. ഒരുകാലത്ത് ദൈവവിശ്വാസത്തില്‍ അധിഷ്ഠിതമായി പലയാളുകളും ദൈവത്തിലേക്ക് പോകുക എന്ന ആലോചനകള്‍ നടത്തിയിട്ടുള്ളതുപോലെ ഇപ്പോള്‍ ദൈവത്തെ ഏലിയന്‍സ് വച്ച് റീപ്ലേസ് ചെയ്യുന്ന കള്‍ട്ട് ഗ്രൂപ്പുകള്‍ ലോകത്തെമ്പാടും ഉണ്ടായിട്ടുണ്ട്. അത് ശീതയുദ്ധകാലത്തെ രാഷ്ട്രീയവും സാമ്പത്തികമാറ്റങ്ങളും ചേര്‍ന്ന് അമേരിക്കന്‍ യുവാക്കളില്‍ ഉണ്ടാക്കിയ നിരാശകള്‍ അത്തരത്തിലുള്ള ഒരു സൈക്കോളജി രൂപപ്പെടുത്തുന്നതിലേക്ക് മാറ്റിയിട്ടുണ്ട്.
ഇന്റര്‍നെറ്റിന്റെ വ്യാപനവും അതിനുശേഷം ഇപ്പോള്‍ ഡാര്‍ക്ക് വെബിലുള്ള സൗകര്യങ്ങളൊക്കെ ഉപയോഗിച്ച് ലോകമെങ്ങുമുള്ള ആളുകളുമായി ഇത്തരത്തിലുള്ള ആശയവിനിമയം നടക്കുന്നുണ്ട്. യുഎഫ്ഒ എന്ന പേരില്‍ അങ്ങേത്തലയ്ക്കല്‍ ഇരുന്ന് സംസാരിക്കുന്ന ആരെങ്കിലും ഉണ്ടാകും. ഉറപ്പായും അത് മനുഷ്യര്‍ തന്നെയാണ്. പുരുഷന്മാര്‍ സ്ത്രീകളുടെ പേരും ഫോട്ടോയും ഉപയോഗിച്ച് ഫെയ്സ്ബുക്കിലൊക്കെ ചാറ്റ് ചെയ്യുന്ന കഥകള്‍ നമുക്കറിയാം. അതുപോലെ തന്നെ ലളിതമായ യുക്തിയാണ് ഇതിനുപിന്നിലും.
അപ്പുറമിരുന്ന് ഞാന്‍ ആഡ്രോമിഡയിലെ മൈതിയാണെന്ന് പറഞ്ഞ് കമ്യൂണിക്കേറ്റ് ചെയ്യുന്ന ഒരാളുണ്ടാകും. ഇങ്ങേത്തലയ്ക്കല്‍ ഇരിക്കുന്നയാള്‍ അങ്ങനെ തന്നെയാണെന്ന് വിചാരിച്ച് സംസാരിക്കുകയും അത്തരത്തിലുള്ള രേഖകള്‍ അയച്ചുകിട്ടുമ്പോള്‍ പതിയെ പതിയെ ഈ വിശ്വാസത്തിലേക്ക് എത്തിപ്പെടുകയും ചെയ്യും. അങ്ങനെ സംഭവിച്ചുകഴിഞ്ഞാല്‍ അത് ശരിയാണെന്ന് നമുക്ക് തോന്നും. ഒരുപാട് തെളിവുകള്‍ നമ്മുടെ മുന്നില്‍ അവതരിപ്പിക്കും. തെളിവുകളില്‍ വിശ്വസിക്കുന്ന മനുഷ്യരായി മാറിക്കഴിഞ്ഞാല്‍ വളരെ ശക്തമായ സ്വാധീനമായി മാറും. അടുത്ത കാലത്ത് യുഎഫ്ഒകളെ കണ്ടെത്തിയിട്ടില്ല എന്നുപറഞ്ഞ് നാസ പ്രത്യേകം പ്രസ്താവന ഇറക്കിയിരുന്നു. കാരണം കഴിഞ്ഞ ഒരുവര്‍ഷത്തിനിടയില്‍ അമേരിക്കയില്‍ യുഎഫ്ഒ സാന്നിധ്യം തിരിച്ചറിഞ്ഞുവെന്നും നാസയുടെയും സിഐഎയുടെയും കയ്യില്‍ അതിന്റെ തെളിവുകളുണ്ട്, അമേരിക്ക അത് പൂഴ്ത്തിവച്ചിരിക്കുകയാണെന്നും പറഞ്ഞിട്ടുള്ള വലിയ കാംപയ്ന്‍ ആഗോളതലത്തില്‍ തന്നെ നടന്നിട്ടുണ്ട്.
ഡാര്‍ക്ക് വെബിലും അന്യഗ്രഹജീവികളെക്കുറിച്ചുള്ള വിശ്വാസങ്ങള്‍ പ്രചരിപ്പിക്കുന്ന ആളുകള്‍ക്കിടയിലും വിശദമായി ചര്‍ച്ച ചെയ്യപ്പെട്ടിട്ടുള്ള ഒരു വിഷയമാണ്. അങ്ങനെയുള്ള ആളുകള്‍ അത് പൂര്‍ണമായി വിശ്വസിക്കുകതന്നെ ചെയ്യുന്നുണ്ട്. സിഐഎയുടെയും നാസയുടെയും കയ്യില്‍ തെളിവുകളുണ്ടെന്ന് പറഞ്ഞുനടക്കുന്ന ഒരുപാട് ആളുകളുണ്ട്. ആ ഗ്രൂപ്പിലായിരിക്കാം ഇവര്‍ എത്തിപ്പെട്ടത് എന്നാണ് ഈ രേഖകളില്‍ നിന്ന് നമുക്ക് കാണാന്‍ കഴിയുന്നത്.
വിശ്വാസങ്ങള്‍ ഏതുകാലത്തും ഒരുപോലെ തന്നെ ആളുകളെ സ്വാധീനിക്കുന്നു എന്ന് വിശ്വസിക്കുന്ന ഒരാളാണ് ഞാന്‍. ദൈവവിശ്വാസം വര്‍ക്ക് ചെയ്യുന്നതുപോലെ തന്നെയാണ് സയന്‍സിലുള്ള വിശ്വാസവും വര്‍ക്ക് ചെയ്യുന്നത്. അത് വ്യക്തികളുടെ മനസിന്റെ പ്രത്യേകതയാണ്. ഒരു സംഗതിക്കുള്ള തെളിവാണ് എന്ന് പറഞ്ഞ് ഒരു കാര്യം നിങ്ങള്‍ക്കുമുന്നില്‍ അവതരിപ്പിച്ചുകഴിഞ്ഞാല്‍ ആ തെളിവിനെ വളരെ സൂക്ഷ്മമായി അനലൈസ് ചെയ്യാനുള്ള ധാരണ നിങ്ങള്‍ക്കില്ലെങ്കില്‍ അതിനെ നിങ്ങള്‍ അതേപടി വിശ്വസിക്കും. ദൈവത്തിന്റെ സാന്നിധ്യത്തിനുള്ള തെളിവാണെന്ന് പറഞ്ഞ് ഒരാള്‍ കാണിക്കുന്ന കാര്യം നിങ്ങള്‍ വിശ്വസിച്ചാല്‍ എങ്ങനെയാണോ അങ്ങനെതന്നെയാണ് സയന്‍സിന്റെ കാര്യത്തിലും. യുഎഫ്ഒ ഉണ്ടെന്നതിന് തെളിവായി പലകാര്യങ്ങളും ഇവര്‍ കാണിക്കും. യുഎഫ്ഒയെ അവിടെ കണ്ടു പറക്കുംതളികയുടെ ഫോട്ടോ കണ്ടു എന്നൊക്കെ പറഞ്ഞ് മെസേജുകള്‍ അയച്ചുതരും. അത് സത്യമാണെന്ന് വിശ്വസിച്ചാല്‍ കഴിഞ്ഞു. ഏത് സമൂഹത്തിലും ഇത്തരത്തിലുള്ള വിശ്വാസങ്ങളുണ്ടാകും. അതിനെ യുക്തിസഹമായി അനലൈസ് ചെയ്യാനുള്ള ബോധം നമ്മുടെ സമൂഹത്തിലെ ആളുകള്‍ക്ക് ഉണ്ടാകേണ്ടതാണ്. ആ ബോധം ഇല്ലാതെവരുമ്പോള്‍ നമ്മള്‍ പലപ്പോഴും ഇങ്ങനെയുള്ള കള്‍ട്ടുകളില്‍ അടിപ്പെടും.
നമ്മുടെ നാട്ടില്‍ ശാസ്ത്രീയമായി ചിന്തിക്കുന്ന ആളുകളുടെ എണ്ണം കൂടിക്കൊണ്ടിരിക്കുകയാണ്. കേരളസമൂഹം ബഹുഭൂരിപക്ഷവും ശാസ്ത്രപഠനം നടത്തിയിട്ടുള്ളവരാണ്. പ്ലസ് ടുവിന് ശാസ്ത്രവിഷയങ്ങള്‍ പഠിച്ചവരെയെല്ലാം സയന്‍സ് എജ്യൂക്കേറ്റഡ് എന്ന് പറയാന്‍ പറ്റും. എന്‍ജിനീയറിങ്, മെഡിക്കല്‍, പാരമെഡിക്കല്‍ തുടങ്ങിയവ പഠിച്ചവരെല്ലാം കൂടുതല്‍ ശാസ്ത്രബോധമുള്ളവരാണ്. സ്വാഭാവികമായും കേരളസമൂഹത്തില്‍ പൊതുവില്‍ ശാസ്ത്രാവബോധം കൂടുതലാണ്. അവിടേക്ക് സയന്‍സുമായി ബന്ധപ്പെട്ട മിത്തുകള്‍ക്ക് കടന്നുകയറാന്‍ എളുപ്പമാണ്. പോസ്റ്റ് കോവിഡ് കാലത്ത് അതിന്റെ സ്വാധീനം കൂടുതലാണ്. അമേരിക്കന്‍ സെന്‍സിബിലിറ്റിയിലേക്ക് കടന്നുകയറാന്‍ സാധ്യത കൂടുതല്‍, ഇന്റര്‍നെറ്റിന്റെ വ്യാപനം. ഗൂഗിള്‍, ഫെയ്സ്ബുക്ക്, ഇന്‍സ്റ്റഗ്രാം തുടങ്ങിയവ. എല്ലാം സെര്‍ച്ച് ചെയ്യുന്നവരാണ് നമ്മള്‍. അതുവഴി ഒരുപാട് മാനിപ്പുലേഷന്‍സ് ഉണ്ടാകും. മാനസികമായി സ്വാധീനിക്കപ്പെടും.
ദൈവവുമായി ബന്ധപ്പെട്ട, മന്ത്രവാദവുമായി ബന്ധപ്പെട്ട അന്ധവിശ്വാസങ്ങളാണ് നമ്മള്‍ വിശ്വസിച്ചിരുന്നതെങ്കില്‍ ആധുനിക സമൂഹം എന്നുപറയുന്ന ആളുകള്‍ ഇതുപോലുള്ള കള്‍ട്ടുകളിലേക്ക് വീണുപോകാനുള്ള സാധ്യത വളരെ കൂടുതലാണ്. കേരളത്തിലെ സമൂഹത്തില്‍ അത്തരത്തിലുള്ള മാറ്റം ഉണ്ടാകാനുള്ള സാധ്യത വളരെയേറെയാണ്.
Mysterious deaths in Arunachal: Explained by science writer Jeevan Job Thomas