കേരളപൊലീസിന് ബിഗ് സല്യൂട്ട് പറഞ്ഞ് സംവിധായകന്‍ ജോഷി. സിനിമയില്‍ കാണുന്ന പൊലീസോ അന്വേഷണമോ അല്ല യഥാര്‍ത്ഥ പോലീസെന്ന് തനിയ്ക്ക് ബോധ്യപ്പെട്ടെന്നും ജോഷിയുടെ പ്രതികരണം. ശനിയാഴ്ച രാവിലെ മോഷണവിവരമറിഞ്ഞപ്പോള്‍ താനാദ്യം വിളിച്ചത് 100ലാണ്, സംവിധായകനാണെന്നൊന്നും പറഞ്ഞില്ല, പനമ്പിള്ളി നഗറിലെ വീട്ടില്‍ മോഷണം നടന്നെന്നു പറഞ്ഞു, പനമ്പിള്ളി നഗര്‍ എവിടെയാ പുത്തന്‍ കുരിശിലാണോ എന്നായിരുന്നു മറുചോദ്യം, അത് തന്നെ തീര്‍ത്തും നിരാശപ്പെടുത്തിയെന്നും ജോഷി. അടുത്തുള്ള പൊലീസ് സ്റ്റേഷനിലേക്ക് വിളിക്കാന്‍ ആവശ്യപ്പെട്ട് അവര്‍ സൗത്ത് പൊലീസ് സ്റ്റേഷന്റെ നമ്പര്‍ നല്‍കിയെങ്കിലും വിളിച്ചില്ല. പകരം നിര്‍മാതാവ് ആന്റോ ജോസഫിനെ വിളിച്ചു കാര്യങ്ങള്‍ പറഞ്ഞു. പിന്നീട് താന്‍ കണ്ടത് സിറ്റി പൊലീസിന്റെ ദ്രുതചലനങ്ങളായിരുന്നെന്നും സംവിധായകന്‍ വ്യക്തമാക്കുന്നു.
‘കമ്മീഷണര്‍, ഡിസിപി,എസിപിമാര്‍ എന്നിവരുള്‍പ്പെടെ മുഴുവന്‍ സംഘവും ഉടന്‍ സ്ഥലത്തെത്തി. എസിപി പി.രാജ്കുമാറിനായിരുന്നു ഏകോപനച്ചുമതല. സിനിമയിലൊന്നും കാണുന്ന അന്വേഷണം ഒന്നുമല്ലെന്നു സിറ്റി പൊലീസിന്റെ ലൈവ് ആക്ഷന്‍ നേരിട്ടുകണ്ട എനിയ്ക്ക് ബോധ്യപ്പെട്ടു. അത്രയും വലിയ കഠിനാധ്വാനത്തിലാണ് പ്രതി കുടുങ്ങിയത്. എന്റെ വീട്ടില്‍ മോഷണം നടന്നു, പൊലീസ് അന്വേഷിച്ചു കണ്ടെത്തി എന്നതിലല്ല കാര്യം, മറിച്ചു സമൂഹത്തിനും മൊത്തം പൊലീസ് സേനയ്ക്കും മാതൃകയാകുന്ന രീതിയിലായിരുന്നു സിറ്റി പൊലീസിന്റെ അന്വേഷണവും പ്രവര്‍ത്തനങ്ങളുമെന്ന് സംവിധായകന്‍ ജോഷി മനോരമയോട് പറഞ്ഞു.
37കാരനായ പ്രതി മുഹമ്മദ് ഇര്‍ഫാനെ കര്‍ണാടക ഉഡുപ്പിയിലെ കോട്ടയില്‍ നിന്നാണ് ഉഡുപ്പി പൊലീസിന്റെ സഹായത്തോടെ ഇന്നലെ പിടികൂടിയത്. നഷ്ടമായ ആഭരണങ്ങള്‍ പൂര്‍ണമായും പ്രതിയില്‍ നിന്നും വീണ്ടെടുത്തതായാണ് വിവരം.
Director Joshi reaction on Theft case and kerala police enquiry process