സോഫ്റ്റ്വെയര് അപ്‍ഡേറ്റിനുശേഷം ഡിസ്പ്ലേയില്‍ പച്ച വര വീഴുന്ന പ്രശ്നം(ഗ്രീന്‍ ലൈന്‍ ഇഷ്യു) മൊബൈല്‍ഫോണ്‍ ഉപയോക്താക്കളെ വലയ്ക്കാന്‍ തുടങ്ങിയിട്ട് കാലം കുറേയായി. ഐഒഎസ് ആന്‍ഡ്രോയ്ഡ് ഫോണുകളില്‍ ഈ പ്രശ്നം തുടരെ റിപ്പോര്‍ട്ട് ചെയ്തിരുന്നെങ്കിലും പ്രശ്നം കണ്ടുപിടിച്ച് പരിഹരിക്കാന്‍ ഇപ്പോഴും കമ്പനികള്‍ക്ക് സാധിക്കുന്നില്ല. ഈ പ്രശ്നം കാരണം സോഫ്റ്റ് വെയര്‍ അപ്ഡേറ്റ് ചെയ്യാന്‍ പോലും ഉപയോക്താക്കള്‍ മടിച്ചുതുടങ്ങി. ഡിസ്പ്ലേയില്‍ പച്ച വര വീണുകഴിഞ്ഞാല്‍ വലിയൊരു തുക മുടക്കി ഡിസ്പ്ലേ മാറുകയല്ലാതെ മറ്റ് പരിഹാരം ഉണ്ടായിരുന്നില്ല.
ഉപയോക്താക്കളുടെ പരാതി കണക്കിലെടുത്ത് ഇപ്പോള്‍ പരിഹാരവുമായി എത്തിയിരിക്കുകയാണ് സാംസങ്. ഇന്ത്യയിൽ ഗ്രീൻ ലൈൻ പ്രശ്‌നം ബാധിച്ച തിരഞ്ഞെടുത്ത ഗാലക്‌സി എസ് സീരീസ് സ്‌മാർട്ട്‌ഫോൺ ഉപയോക്താക്കൾക്ക് സാംസങ് സൗജന്യമായി ഡിസ്പ്ലേ മാറ്റി നല്‍കും. സാംസങ് പറയുന്നതനുസരിച്ച്, ഗാലക്‌സി എസ് 20 സീരീസ്, നോട്ട് 20 സീരീസ്, എസ് 21 സീരീസ്, എസ് 22 അൾട്രാ സ്മാർട്ട്‌ഫോണുകളുടെ തിരഞ്ഞെടുത്ത മോഡലുകൾക്കാണ് ഈ ആനുകൂല്യം ലഭിക്കുക. തറയില്‍ വീണതുകൊണ്ടോ, വെള്ളം കയറിയതുകൊണ്ടോ കേടായ ഡിസ്പ്ലേകള്‍ സൗജന്യമായി മാറ്റി നല്‍കില്ല.
ഏപ്രില്‍ 30നകം പ്രശ്നം ബാധിച്ച ഫോണുകള്‍ സാംസങ്ങിന്‍റെ അംഗീകൃത ഔട്ട്ലെറ്റുകളില്‍ എത്തിച്ച് ഡിസ്പ്ലേ മാറ്റാം. മൂന്ന് വര്‍ഷത്തിനുള്ളില്‍ പഴക്കമുള്ള ഫോണുകള്‍ക്കാണ് ഈ ആനുകൂല്യം ലഭിക്കുക.
സൗജന്യമായി ഡിസ്പ്ലേ മാറ്റി ലഭിക്കുന്ന സാംസങ് മോഡലുകള്‍
കുറച്ച് മാസങ്ങൾക്ക് മുമ്പ്, ഗ്രീൻ ലൈൻ പ്രശ്‌നം ബാധിച്ച ഉപയോക്താക്കൾക്കായി വൺപ്ലസും സമാനമായി ഡിസ്പ്ലേ മാറ്റി നല്‍കുന്ന ഒരു സ്കീം അവതരിപ്പിച്ചിരുന്നു. സ്പെയർ പാർട്‌സ് ലഭ്യമല്ലാത്ത സാഹചര്യത്തിൽ മറ്റൊരു ഫോണിലേക്ക് മാറാന്‍ ക്യാഷ് വൗച്ചറും കമ്പനി നല്‍കിയിരുന്നു.
Samsung India Offers Free Display Replacement for Galaxy S21, Galaxy S22 Users Facing Green Line Issue