dhrub-rathee

ഒരു ചെറുപ്പക്കാരനെ, വെറും 29 വയസ്സ് മാത്രം പ്രായമുള്ള ഒരു പയ്യനെ കണ്ട് വിറളിപിടിക്കുകയാണ് സംഘപരിവാര്‍ കേന്ദ്രങ്ങള്‍. അവനാകട്ടെ തളര്‍ത്താനുള്ള ശ്രമങ്ങള്‍ തണലായി കണ്ട് രാജ്യമൊട്ടാകെ വളര്‍ന്നുപന്തലിക്കുന്ന തിരക്കിലും. പ്രധാനമന്ത്രിക്കു നേരെ ഉന്നംതെറ്റാതെ വിമര്‍ശനത്തിന്‍റെ കൂരമ്പുകളെയ്യുന്ന ആ പയ്യനെ ഇത്രകണ്ട് ഭയപ്പെടാനെന്തിരിക്കുന്നുവെന്നല്ലേ... അറിയാം ധ്രുവ് റാഠിയെക്കുറിച്ച്.

ഇത് ധ്രുവ് റാഠി. 29 വയസ്സ്, ഹരിയാന സ്വദേശി ജോലി കണ്ടന്‍റ് ക്രിയേറ്റര്‍. എന്തെങ്കിലുമൊക്കെ കണ്ടന്‍റുകള്‍ വാരിവലിച്ച് ചെയ്യുന്നതല്ല ഈ ചെറുപ്പക്കാരന്‍റെ യൂട്ര്യൂബ് ചാനല്‍. ജനം അറിയേണ്ടതെന്തോ, നാടുറക്കെ വിളിച്ചു പറയാന്‍ ആഗ്രഹിക്കുന്നതെന്തോ അതാണ് ധ്രുവിന്‍റെ കണ്ടന്‍റുകള്‍. ശക്തനായ രാഷ്ട്രീയ എതിരാളി. ഇലക്ടറല്‍ ബോണ്ട്, ഇ.വി.എം, മണിപ്പൂര്‍, തൊഴിലില്ലായ്മ, സര്‍ജിക്കല്‍ സ്ട്രൈക്ക്, നോട്ടുനിരോധനം, ഗോമാതാവും ഇന്ത്യയും, പെട്രോള്‍ വില വര്‍ധന, ജി.എസ്.ടി, ആധാര്‍ വിവരങ്ങളുടെ ചോര്‍ച്ച, സുപ്രീംകോടതി ജഡ്ജിമാരുടെ നിയമനം, കര്‍ഷക പ്രക്ഷോഭം, റഫാല്‍, ബുള്‍ഡോസര്‍ രാജ്, ജമ്മുകശ്മീര്‍ എന്നു തുടങ്ങി രാജ്യം അഭിമുഖീകരിക്കുന്ന സകല പ്രശ്നങ്ങളും ചര്‍ച്ച ചെയ്യുകയാണ്, സത്യം തുറന്നുകാട്ടുകയാണ് ധ്രുവ്. ആത്മവിശ്വാസം ജ്വലിക്കുന്ന കണ്ണുകളാണ് അയാളുടെ പ്രത്യേകത. കാഴ്ചക്കാരോട് നേരിട്ട് സംസാരിക്കുന്ന രീതി. വസ്തുനിഷ്ഠമായ ലളിതമായ അവതരണം.

2014ല്‍ സീറോ സബ്സ്ക്രൈബേഴ്സുമായി തുടങ്ങിയ ചാനല്‍ കൃത്യം പത്താം വര്‍ഷത്തിലെത്തുമ്പോള്‍ 18 മില്യണ്‍ സബ്സ്ക്രൈബേഴ്സാണുള്ളത്. സര്‍ക്കാരിനെതിരായ വിമര്‍ശനമാണ് കൂടുതലും. ജനാധിപത്യത്തില്‍ വേണ്ടതും അതുതന്നെയാണല്ലോ. കാരണം വിമര്‍ശനങ്ങള്‍ക്ക് ചെവികൊടുക്കാതിരിക്കാന്‍ ഇന്‍റര്‍നെറ്റ് പോലും റദ്ദാക്കുന്ന ഭരണത്തലവന്മാരുള്ളപ്പോള്‍ ധ്രുവിനെപ്പോലെയുള്ളവര്‍ ഇവിടെ തന്നെ വേണം. എന്നാല്‍ ഒരിക്കല്‍ ധ്രുവിനെയും ഫേസ്ബുക്ക് പൂട്ടുന്ന സാഹചര്യമുണ്ടായി, ഫാസിസത്തെക്കുറിച്ചുള്ള പരാമര്‍ശത്തിന് 2019ലായിരുന്നു അത്. പക്ഷേ 12 മണിക്കൂറുകള്‍ക്കകം ആ നടപടി പിന്‍വലിച്ച് ഫേസ്ബുക്കിന് മാപ്പ് പറയേണ്ടി വന്നു. സമൂഹമാധ്യമങ്ങളില്‍ ധ്രുവിന്‍റെ സ്വാധീനം അത്രത്തോളമായിരുന്നു. 

വിവാദങ്ങളിലേക്ക് വലിച്ചിഴയ്ക്കപ്പെട്ട ദ കേരള സ്റ്റോറിയെക്കുറിച്ചുള്ള ഒരു വിഡിയോയാണ് കേരളത്തില്‍ ധ്രുവിന്‍റേതായി ഏറ്റവുമധികം ശ്രദ്ധിക്കപ്പെട്ടത്. വിഡിയോ കണ്ടതോടെ ഈ ഹിന്ദിക്കാരന്‍ പയ്യനാളുകൊള്ളാമെന്ന് മലയാളികളും പറഞ്ഞു. 20 മില്യണിലധികം പേരാണ് ഈ വിഡിയോ കണ്ടിട്ടുള്ളത്. ബിജെപിയേയും പ്രധാനമന്ത്രി നരേന്ദ്രമോദിയേയും കടന്നാക്രമിക്കുന്ന ദ ഡിക്ടേറ്റര്‍ എന്ന വിഡിയോ കണ്ടവര്‍ ധ്രുവിന്‍റെ കുറിക്കുകൊള്ളുന്ന വിമര്‍ശനത്തെ, സത്യം വിളിച്ചുപറയുന്ന തന്‍റേടത്തെ കയ്യടിയോടെയാണ് സ്വീകരിച്ചത്. 24 മില്യണിലധികം വ്യൂസാണ് ഈ ഒറ്റ വിഡിയോയ്ക്കുള്ളത്. ഇതിന്‍റെ രണ്ടാം ഭാഗത്തിനുമുണ്ട് 20 മില്യണിലധികം വ്യൂസ്. പ്രതിപക്ഷത്തോട് ഭരണകക്ഷി സ്വീകരിക്കുന്ന അടിച്ചമര്‍ത്തല്‍ നിലപാടിനെയും, ജനാധിപത്യ ധ്വംസനത്തേയും, സര്‍ക്കാര്‍ കൊള്ളയേയുമെല്ലാം അക്കമിട്ട് നിരത്തുന്നുണ്ട് ധ്രുവ്. 

ദിവസങ്ങള്‍ക്കു മുന്‍പ് മൂന്ന് ദക്ഷിണേന്ത്യന്‍ ഭാഷകള്‍ ഉള്‍പ്പെടെ അഞ്ച് പ്രാദേശിക ഇന്ത്യന്‍ ഭാഷകളില്‍ കൂടി അദ്ദേഹം യൂട്യൂബ് ചാനലുകള്‍ ആരംഭിച്ചു. തമിഴ്, തെലുങ്ക്, കന്നഡ, ബംഗാളി, മറാഠി എന്നീ ഭാഷകളില്‍. ധ്രുവ് തന്നെയാണ് വിഡിയോയില്‍ പ്രത്യക്ഷപ്പെടുന്നത്. മറ്റ് ഭാഷകളിലേക്ക് വിഡിയോ ഡബ്ബ് ചെയ്തിരിക്കുകയാണ്.

സങ്കീര്‍ണമായ കാര്യങ്ങളെ വളരെ ലളിതമായി അവതരിപ്പിക്കാന്‍ ഇഷ്ടപ്പെടുന്നയാളാണ് താന്‍. ഈ ലോകം നമുക്കും ചുറ്റുമുള്ളവര്‍ക്കും നല്ലയൊരിടമായിരിക്കാന്‍ നമ്മള്‍ അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍ അവതരിപ്പിച്ച് അതിലൂടെ സാമൂഹിക ബോധവത്കരണം നടത്താനാണ് താന്‍ ശ്രമിക്കുന്നത് എന്നാണ് ചാനലിന്‍റെ ബയോയില്‍ പറഞ്ഞിരിക്കുന്നത്.

മെക്കാനിക്കല്‍, റിന്യൂവബിള്‍ എനര്‍ജി എഞ്ചിനീയറിങ് ബിരുദാനന്തര ബിരുദം നേടിയ ആളാണ് ധ്രുവ്. കുടുംബത്തെക്കുറിച്ചും കുട്ടിക്കാലത്തെക്കുറിച്ചുമെല്ലാം വിശദമായി തന്നെ ചാനലിലൂടെ പറഞ്ഞിട്ടുണ്ട്. സാമ്പത്തിക ശാസ്ത്രം, പൊളിറ്റിക്കല്‍ സയന്‍സ് തുടങ്ങിയവയാണ് ഇഷ്ടമേഖകള്‍. ഒരു ട്രാവല്‍ വ്ലോഗിലൂടെയാണ് ധ്രുവ് തന്‍റെ കണ്ടന്‍റ് ക്രിയേറ്റര്‍ ജീവിതം ആരംഭിച്ചത്. ഇന്ന് രാജ്യത്തിന്‍റെ ഗതിയെക്കുറിച്ച് സംസാരിക്കുന്ന, രാഷ്ട്രീയത്തെക്കുറിച്ച്, പൗരാവകാശങ്ങളെക്കുറിച്ച് ബോധവത്കരണം നടത്തുന്ന, സാധാരണക്കാരന്‍റെ പ്രശ്നങ്ങളെക്കുറിച്ച് വാചാലനാകുന്ന, പ്രതിപക്ഷത്തെക്കാള്‍ ശക്തമായി സര്‍ക്കാരിനെതിരെ നില്‍ക്കുന്ന ഈ ചെറുപ്പക്കാരന്‍ ഇന്ത്യയെന്ന, ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിന് പ്രതീക്ഷയായി മാറുകയാണ്.

 

Indian youtuber Dhruv Rathee gets more attention now a days; Let's know who is Dhruv Rathee and what he says.