ഒരുപാട് പ്രതീക്ഷകളോടെ യുകെയിലെ ജോലിയിൽ പ്രവേശിക്കാന്‍ തയാറെടുത്തിരുന്നന്ന സൂര്യ എന്ന പെണ്‍കുട്ടി. അതേപ്പറ്റി സുഹൃത്തുക്കളോടും ബന്ധുക്കളോടും അവള്‍ സന്തോഷത്തോടെ വിളിച്ചു പറഞ്ഞു. എന്നാല്‍ ആ സന്തോഷത്തിന് അധികം ആയുസില്ലായിരുന്നുവെന്ന് അവരാരും അറിഞ്ഞില്ല. ഫോൺ വിളിച്ചു മുറ്റത്തു കൂടെ നടക്കുന്നതിനിടെ ഏതോ ഒരു ചെടിയുടെ പൂവ് നുള്ളി വായിലിട്ടൊന്നു ചവച്ചു തുപ്പി.
പിന്നീട് വിമാനത്താവളത്തിലേക്കുള്ള യാത്രയ്ക്കിടെ ഒന്ന് ഛർദിച്ചു. അസ്വസ്ഥത കൂടിയപ്പോള്‍ സ്വകാര്യ ക്ലിനിക്കിൽ പരിശോധിച്ചു. ദഹനപ്രശ്നമോ മറ്റോ ആയിരിക്കുമെന്നു കരുതി. വിമാനത്താവളത്തിൽ ചെക് ഇൻ ചെയ്യാൻ നിൽക്കുമ്പോൾ പെട്ടന്ന് കുഴഞ്ഞുവീണു. ആദ്യം എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട് പരുമലയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും സൂര്യയെ രക്ഷിക്കാൻ കഴിഞ്ഞില്ല. സൂര്യയുടെ ജീവനെടുത്ത വില്ലനാരെന്ന് അറിഞ്ഞപ്പോള്‍ ബന്ധുക്കളും സുഹൃത്തുക്കളും അമ്പരന്നു.
ഓമനിച്ചു വളർത്തിയ അരളിച്ചെടിയുടെ പൂവായിരുന്നു സൂര്യയുടെ ജീവന്‍ അപഹരിച്ച ആ വില്ലന്‍. ഒരു ചെറിയ പൂവ് കവര്‍ന്നത് സൂര്യയ്ക്കൊപ്പം ഒരു കുടുംബത്തിന്‍റെയാകെ സ്വപ്നങ്ങളാണ്. പൂജയ്ക്കുപയോഗിക്കുന്ന...മുടിയില്‍ ചൂടുന്ന....കാണുമ്പോൾ കയ്യിൽ സൂക്ഷിക്കാൻ തോന്നുന്ന...അരളിപ്പൂവിന് ഒരു ജീവനെടുക്കാന്‍ ശേഷിയുണ്ടോ? വീട്ടുമുറ്റത്ത് പലനിറങ്ങളിൽ അലങ്കാരച്ചെടിയായി നമ്മൾ പരിപാലിക്കുന്ന അരളി അത്രയ്ക്ക് അപകടകാരിയാണോ?.
നമ്മുടെ വീട്ടുമുറ്റത്തും അമ്പലപ്പറമ്പിലുമൊക്കെ സാധാരണയായി കാണപ്പെടുന്ന നീറിയം ഒളിയാൻഡർ ഇനത്തിൽ പെടുന്ന പൂച്ചെടിയാണ് അരളി. വടക്കേ ആഫ്രിക്കയിലും മെഡിറ്ററേനിയന്‍ പ്രദേശങ്ങളിലുമാണ് അരളിയുടെ ഉത്ഭവം. ചൂടുള്ളതും ഉപോഷ്ണമേഖലാ പ്രദേശങ്ങളിലുമാണ് വിഷലിപ്തമായ അരളി വളരുന്നത്.
അരളിയില്‍ വിഷമുണ്ട് എന്നത് പുതിയ വിവരമല്ല. കാലാകാലങ്ങളായി ഇലയും പൂവും തണ്ടും കായയും വേരുമടക്കം സമൂലം വിഷമയമാണ് അരളി.
ഇതേ വിഭാഗത്തിൽപ്പെട്ട എല്ലാ ചെടികളിലും വിഷാംശമുണ്ട്. നമ്മുടെ നാട്ടിൽ കാണുന്ന എല്ലാത്തരം അരളികളിലും വിഷാംശമുണ്ട് എന്നാണ് കരുതപ്പെടുന്നത്. ഇലകളിലാണ് കൂടുതൽ വിഷം. ഇവയിൽ അടങ്ങിയിരിക്കുന്ന ഡിജിറ്റാലിസ് ഗ്ലൈക്കോസൈഡ് എന്ന രാസപദാർഥം കരൾ, ശ്വാസകോശം, ഹൃദയം എന്നിവയെ നേരിട്ടു ബാധിക്കും. രക്തം കട്ടപിടിക്കുന്ന സംവിധാനം തകരാറിലാക്കും.
കരളിൽ രക്തസ്രാവം, ശ്വാസതടസ്സം, ശ്വാസകോശത്തിൽ രക്തസ്രാവം, ഹൃദയസ്പന്ദനത്തില്‍ വ്യതിയാനം, ഹൃദയസ്തംഭനം, ഹൃദയപേശികളിൽ രക്തസ്രാവം എന്നിവയ്ക്കും കാരണമാകും. രക്തം കട്ടപിടിക്കാൻ സഹായിക്കുന്ന പ്ലേറ്റ്‌ലറ്റുകളുടെ എണ്ണം കുറയുകയും ആന്തരികാവയവങ്ങളിൽ രക്തസ്രാവമുണ്ടാകുകയും ചെയ്യും. ആദ്യം ഹൃദയത്തിന്റെ പ്രവർത്തനത്തെ പതിയെയാക്കുകയും തടയുകയും ചെയ്ത ശേഷം മരണത്തിലേക്ക് കൊണ്ടുപോവുകയാണ് ചെയ്യുന്നത്.
അരളി കൂടാതെ, കോളാമ്പിപ്പൂക്കളോടു സാമ്യമുള്ള പൂക്കളും അരളിയുടേതു പോലുള്ള ഇലകളുമുള്ള മഞ്ഞ അരളി എന്ന ചെടിയുടെ ഇലയിലും പൂവിലും കായിലും വിഷാംശം കണ്ടെത്തിയിട്ടുണ്ട്. ഇത്തരം പൂക്കൾ മണക്കുന്നതും പച്ചയില കത്തിക്കുമ്പോഴുമുള്ള പുക ശ്വസിക്കുന്നതും ആരോഗ്യ പ്രശ്നങ്ങൾക്കു കാരണമാകും.
സയനൈഡിന്റെ മൂന്നിലൊന്ന് സ്പീഡിലാണ് ഈ വിഷം ശരീരത്തിൽ പ്രവർത്തിക്കുന്നത്. ഒരു ഗ്രാം അകത്തെത്തിയാൽ തന്നെ അപകടമാണ്. വിഷാംശം ശരീരത്തിലെത്തിയാൽ ഛർദ്ദി, തലകറക്കം തുടങ്ങിയവ ഉണ്ടാകാം. പ്രശ്നം എന്താണെന്ന് അതിവേഗം തിരിച്ചറിയുകയാണ് പ്രധാനം. അറിഞ്ഞാലുടന്‍ ഒട്ടും സമയം കളയാതെ വിദഗ്ധ ചികില്‍സ തേടുക.