ബോളിവുഡ് നടിയും മോഡലുമായ നൂർ മാളബികയെ (32) മരിച്ച നിലയിൽ കണ്ടെത്തി. മുംബൈ ലോഖണ്ഡവാലയിലെ ഫ്ലാറ്റിലാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ ജൂണ്‍ ആറിനാണ് മൃതദേഹം കണ്ടെത്തിയത്. അഴുകിയ അവസ്ഥയിലായിരുന്നു എന്ന് പൊലീസ് പറഞ്ഞു.
ഒരാഴ്ചയായി നൂര്‍ ഫ്ലാറ്റിൽ തനിച്ചായിരുന്നു താമസിച്ചിരുന്നത്. ഫ്ലാറ്റിൽ നിന്ന് ദുർഗന്ധമുണ്ടായതിനെ തുടർന്ന് അയൽവാസികൾ പൊലീസിനെ അറിയിക്കുകയായിരുന്നു. മുറിയിൽ നിന്ന് താരത്തിന്റെ മൊബൈൽ ഫോണും ഡയറിയും മരുന്നുകളും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. മൃതദേഹം ഗോരേഗാവിലെ സിദ്ധാർത്ഥ് ആശുപത്രിയില്‍ പോസ്റ്റ്‌മോർട്ടം ചെയ്തു.
നൂറിന്‍റെ കുടുംബാംഗങ്ങളുമായി പൊലീസ് ബന്ധപ്പെട്ടെങ്കിലും അസമില്‍ നിന്നും മൃതദേഹം ഏറ്റെടുക്കാന്‍ ആരും എത്തിയില്ല. പ്രായമായ മാതാപിതാക്കള്‍ക്ക് യാത്ര ചെയ്യാന്‍ സാധിക്കില്ല എന്നാണ് അറിയിച്ചത്. തുടര്‍ന്ന് നൂറിന്‍റെ സുഹൃത്തും നടനുമായ അലോക്നാഥ് പതക്ക് മൃതദേഹം ഏറ്റെടുത്ത് അന്തിമചടങ്ങുകള്‍ നടത്തി.
അസം സ്വദേശിയാണ് നൂർ. അഭിനയത്തിലേക്ക് വരുന്നതിന് മുമ്പ് ഖത്തർ എയർവേയ്‌സിൽ എയർ ഹോസ്റ്റസായും താരം ജോലി ചെയ്തിരുന്നു.
വെബ് സീരിസായ ദ ട്രയലിൽ കജോളിന് ഒപ്പം വേഷമിട്ടിരുന്നു. സിസ്‌കിയാൻ, വാക്കാമൻ, തീഖി ചട്നി തുടങ്ങി നിരവധി സിനിമകളിലും നൂർ അഭിനയിച്ചു. മാളവികയുടെ മരണത്തില്‍ മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെയോടും ആഭ്യന്തരമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിനോടും അന്വേഷണം ആവശ്യപ്പെട്ട് ഓൾ ഇന്ത്യൻ സിനി വർക്കേഴ്‌സ് അസോസിയേഷൻ രംഗത്തെത്തി.